തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏതാണ്ട് പതിനഞ്ച് കിലോമീറ്റര്‍ തെക്കുമാറി വിഴിഞ്ഞം കടലോരത്തു ചേര്‍ന്നാണ് വെങ്ങാന്നൂര്‍ ഗ്രാമം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാല്‍ വില്ലേജില്‍പ്പെട്ടതാണ് വെങ്ങാന്നൂര്‍. ആയ് രാജാക്കന്മാരുടെ രാജ്യതലസ്ഥാനമെന്ന നിലയില്‍ വിഴിഞ്ഞം പണ്ടുമുതല്‍ക്കേ ചരിത്രത്തിലിടം നേടിയിരുന്നു. പ്രസിദ്ധമായ വിഴിഞ്ഞം ഗുഹാക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. അതുപോലെ എട്ടുവീട്ടില്‍ പിള്ളമാരില്‍പ്പെട്ട വെങ്ങാനൂര്‍ പിള്ളയുടെ ജന്മം കൊണ്ട് തിരുവിതാംകൂറിന്റെചരിത്രത്തില്‍ വെങ്ങാന്നൂരും പണ്ടേ പ്രസിദ്ധി പെറ്റതാണ്. ഈ പ്രദേശത്തു വള്ളുവ രാജാക്കന്മാരുടെ സന്തതി പരമ്പരകളില്‍പ്പെട്ട കുറെയേറെ പുലയര്‍ താമസിച്ചിരുന്നു. അവരില്‍ പെരുങ്കാറ്റുവിള പ്ലാവറത്തല പുലയതറവാട്ടില്‍ അയ്യന്റെയും മാലയുടെയും ആദ്യ സന്താനമായി 1863 ആഗസ്റ്റ് 28ന് (1039 ചിങ്ങം 14ന് അവിട്ടം നക്ഷത്രം) അയ്യന്‍കാളി പൂജാതനായി. 1 തന്റെ പൊന്നോമന മകന് അയ്യനും മാലയും ചേര്‍ന്ന് ‘കാളി’ യെന്നു പേരിട്ടു. കാളിവളര്‍ന്നുവന്നപ്പോള്‍ അയ്യന്‍ തന്റെ പേരുകൂട്ടിച്ചേര്‍ത്ത് അയ്യന്‍കാളിയെന്നുവിളിച്ചു. ആ പേര് മരണാന്ത്യത്തോളം നിലനിന്നു.
അയ്യനും മാലയും ആ കാലത്ത് പുത്തളത്തു നായര്‍ തറവാട്ടിലെ പരമേശ്വരന്‍ പിള്ളയുടെ കൃഷിക്കാരും അടിയാളരുമായിരുന്നു. ആ കാലത്ത് വെങ്ങാനൂരിലെ പുലയരുടെ കാരണവസ്ഥാനവും (മൂപ്പന്‍) അയ്യനുണ്ടായിരുന്നു. ആദ്യകാലത്ത് അയ്യനും മാലയും താമസിച്ചിരുന്നത് വെങ്ങാനൂര്‍ ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്ന കുന്നില്‍ മുടിപ്പുര മേലേ വീട്ടിലായിരുന്നു. പിന്നീടാണ് പുത്തളത്തു ജന്മി പെരുങ്കാറ്റുവിളയില്‍ കൊടുത്ത സ്ഥലത്ത് താമസമാക്കിയത്. ഇവിടെ വച്ചാണ് അയ്യന്‍കാളി ജനിച്ചത്. ആ കാലത്ത് അയ്യന്റെ അഭിപ്രായങ്ങള്‍ക്ക് പുലയരില്‍ നിന്നും മറുത്തൊരഭിപ്രായം പൊന്തിവന്നിരുന്നില്ല. സത്യസന്ധതയും, ആത്മാര്‍ത്ഥതയും, കൂറും പുലര്‍ത്തിയിരുന്ന അയ്യന്‍ അവിടത്തെ കൃഷിപ്രധാനനായിരുന്നു. നെല്‍പ്പാടത്തെ കൃഷിയെല്ലാം കഴിഞ്ഞാല്‍ ജന്മിയുടെ പുരയിടത്തിലെ പണികള്‍ ചെയ്താണ് അയ്യന്‍ കുടുംബം പോറ്റിയിരുന്നത്. കാടുകള്‍ വെട്ടിത്തെളിച്ച് ഏക്കര്‍ കണക്കിന് ഭൂമി പരമേശ്വരന്‍ പിള്ളയ്ക്ക് ഉണ്ടാക്കിക്കൊടുത്തിരുന്നു. പരമേശ്വരന്‍പിള്ളയുടെ നെല്‍പ്പാടങ്ങളിലെ മുഴുവന്‍ കൃഷിപ്പണിയും നിര്‍വ്വഹിച്ചിരുന്നതിന്റെ മേല്‍നോട്ടം അയ്യനായിരുന്നു. അതുകൊണ്ടുതന്നെ മറ്റ് ജന്മിമാരില്‍ നിന്നും വ്യത്യസ്ഥനായ പരമേശ്വരന്‍ പിള്ള തന്റെ ഏക്കര്‍കണക്കിന് ഭൂമിയില്‍ നിന്നും എട്ടര ഏക്കറോളംകൃഷിഭൂമി അയ്യനും മാലയ്ക്കുമായി പതിച്ചുകൊടുത്തു. 2 ജന്മി-കുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഒരു ജന്മി തന്റെ അടിയാന് എട്ടേകാല്‍ ഏക്കറോളം കൃഷിഭൂമി പതിച്ചുകൊടുത്തത് അന്നത്തെ കാലത്ത് ഏറ്റവും വലിയ സംഭവമായി കണക്കാക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ ഭൂമി ഒരു ജന്മി തന്റെ കുടിയാന് കൊടുത്തത് ആദ്യമായിട്ടായിരുന്നു. ഇന്നോളം മറ്റൊരു ജന്മിയും തന്റെ അടിയാളന് ഇത്രയും ഭൂമികൊടുത്ത ചരിത്രവും ഉണ്ടായിട്ടില്ല.
ഇതിനകം കാളി ഒരു ബാലനായി തീര്‍ന്നിരുന്നു. അഞ്ചാം വയസ്സില്‍ എത്തിയെങ്കിലും തന്റെ പൊന്നോമന മകനെ വിദ്യാഭ്യാസം നല്‍കാന്‍ ഒരു മാര്‍ഗ്ഗവും കാണാനാവാതെ പിതാവ് അയ്യന്‍ ഏറെ മന:സ്ഥാപപ്പെട്ടു. കുട്ടിക്കാലത്ത് സവര്‍ണ്ണ കുട്ടികള്‍ പുസ്തകങ്ങളുമായി പള്ളിക്കൂടത്തിലേയ്ക്ക് കളിച്ചും ചിരിച്ചും പോകുന്നത് ഉല്‍ക്കടമായ ആഗ്രഹത്തോടെ കാളിനോക്കിനിന്നു. പൊതുവഴിയില്‍ ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ. അന്നത്തെ സാമൂഹ്യ നീതി അപ്രകാരമാണ് രൂപപ്പെടുത്തിയിരുന്നത്. അയിത്ത ജാതിക്കാരായ കുട്ടികള്‍ അന്ന് വിദ്യാലയ പ്രവേശനം കര്‍ശനമായി നിരോധിച്ചിരുന്നു. സ്‌കൂളില്‍ പ്രവേശിച്ചാല്‍ സ്‌കൂളും സവര്‍ണ കുട്ടികളും അയിത്തമാക്കപ്പെടുമെന്നാണ് സവര്‍ണര്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ അയിത്ത ജാതികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൊട്ടി അടയ്ക്കപ്പെട്ടിരുന്നു. ഇക്കാരണങ്ങളാല്‍ കാളിക്ക് വിദ്യാഭ്യാസം നേടുവാന്‍ സാധിച്ചിരുന്നില്ല. നിരക്ഷരനായി തന്നെ വളരുവാനേ കാളിക്ക് യോഗമുണ്ടായുള്ളൂ. അങ്ങനെകാളിയും സാധാരണ പുലയകുട്ടികളോടൊപ്പം കളിച്ചുവളര്‍ന്നു. കാളിക്ക് ആറു വയസ്സായ കാലത്ത് 1869-ല്‍ അന്നത്തെ ബ്രിട്ടീഷ് റസിന്റ് മി.ബല്ലാര്‍ഡ് തിരുവിതാംകൂര്‍ ദിവാന്‍ സര്‍.ടി.മാധവറാവുവിന് അയച്ച ഒരു കത്തില്‍ നഗരത്തിലെ എല്ലാ പൊതുനിരത്തും എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി സഞ്ചരിക്കുന്നതിന് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ കത്തിന്റെ പ്രസക്തഭാഗം ഇങ്ങനെയാണ്. ”The public high streets of all towns and property not of any particular casts, but of the whole community and that every man by his casts or religion what it may be, has a right to the full use of them, provided that he does not obstruct or motest others in the use of them and must be supported in the exercise of that right. 3 ഈ കാലത്ത് തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാളും ദിവാന്‍ സര്‍.ടി.മാധവറാവുവുമായിരുന്നു. ആയില്യം തിരുനാള്‍ മറ്റു രാജാക്കന്മാരില്‍ നിന്നൊക്കെ വിദ്യാസമ്പന്നനായിരുന്നു. ആംഗലയ വിദ്യാഭ്യാസം സിദ്ധിച്ചിരുന്നുവെങ്കിലും അയിത്ത ജാതിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ വിമുഖനായിരുന്നു. ബ്രിട്ടീഷ് റസിഡന്റിന്റെ കത്തുകള്‍ക്കോ, നിര്‍ദ്ദേശങ്ങള്‍ക്കോ, ആവശ്യങ്ങള്‍ക്കോ അര്‍ഹമായ പരിഗണന നല്‍കിയിരുന്നില്ല. അന്തര്‍മുഖനായ വെറുമൊരു രാജപിണ്ഡം. തന്റെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ അനീതികള്‍ക്കെതിരെ ഒന്നും ചെയ്യാതെ സുഖഭോഗ തല്പരനായി രാജ്യഭരണം നടത്തിയ വെറും രാജാവ്. ദിവാന്‍ മാധവറാവുവിന്റെ കാലത്താണ് അയിത്ത ജാതിക്കാരെ ഏറെ ദ്രോഹിച്ച അനാചാരങ്ങള്‍ അടിച്ചേല്‍പ്പിച്ചതും മുലക്കരം, തലക്കരം തുടങ്ങിയ മനുഷ്യത്വരഹിതമായ കരം പിരിവുകള്‍ ശക്തമാക്കിയിരുന്നതും. ചക്കയ്ക്ക് ഒത്ത കൂട പോലെയായിരുന്നു ആയില്യം തിരുനാളിന് ദിവാന്‍ മാധവറാവു.
ഏതാണ്ട് പന്ത്രണ്ടുവയസ്സുവരെ ആടുമാടുകളെ മേയ്ക്കുന്നതൊഴിലായിരുന്നു കാളിക്ക്. ഈ സമയത്തുതന്നെ സമപ്രായക്കാരായ കുട്ടികളുമൊത്ത് കുട്ടിയും കോലും കളി, കവടികളി,കിളിത്തട്ടുകളി, പന്തുകളി എന്നിവയിലെല്ലാം കാളിയും പങ്കെടുത്തിരുന്നു. ഈ കാലത്തോടെ അയ്യന്‍ മകനെ കൂടി നെല്‍പ്പാടത്തേയ്ക്കു കൊണ്ടുപോയി. വിദ്യാഭ്യാസത്തിനു പകരമായി നെല്‍കൃഷിപ്പണികള്‍ കാളിയെ പഠിപ്പിച്ചു. അങ്ങിനെകാലക്രമേണ നിലംപൂട്ടാനും, മരമടിക്കാനും, വയല്‍വരമ്പ് കോരാനും,വിത്തുവിതയ്ക്കാനും, കിളയ്ക്കാനും മറ്റും കാളി പഠിച്ചു.
ഇത് പിതാവായ അയ്യന് ഏറെ ആശ്വാസം പകര്‍ന്നിരുന്നു. തനിക്കുശേഷം തന്റെ മകന്‍ നല്ലൊരു കൃഷിക്കാരനായി തീരുമല്ലോ എന്ന ചിന്ത അയ്യനേയും മാതാവ് മാലയേയും ഏറെ സന്തോഷിപ്പിച്ചു. കൃഷിക്കാര്യങ്ങളില്‍ ഏര്‍പ്പെട്ടതോടെ കാളിയില്‍ ചില മാറ്റങ്ങള്‍ ദൃശ്യമായി. നല്ല ആരോഗ്യ ദൃഢഗോത്രനായി മാറി. മറ്റെല്ലാ കുട്ടികളില്‍ നിന്നും കാളിയുടെ ആകാരസൗഷ്ഠവത്തിലും ഏറെ പ്രത്യേകതകള്‍ നിറഞ്ഞവനായി മാറി. നല്ല പൊക്കം അതിനു വേണ്ടുന്നതായ ശക്തി. തല ഉയര്‍ത്തിപ്പിടിച്ചുള്ള നടത്തം.നല്ല ചുറുചുറുക്ക്. ആ നോട്ടത്തില്‍ പോലും തീഷ്ണതയേറിയിരുന്നു. ആരേയും ഹഠാദാഹര്‍ഷിക്കുന്ന സ്വഭാവ വിശേഷം. ഇതൊക്കെ കാളിയെ മറ്റ് പുലയ ചെറുപ്പക്കാരില്‍ നിന്നും വേര്‍തിരിച്ചിരുന്നു.
ഈ കാലത്തും പുലയര്‍ തുടങ്ങിയ തീണ്ടല്‍ ജാതിക്കാരുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. അവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം തീര്‍ത്തും നിഷേധിച്ചിരുന്നു. ആഴ്ചയിലെ ഏഴു ദിവസവും പുലയര്‍ ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരായിരുന്നു. ആള്‍പാര്‍പ്പില്ലാത്ത കുറ്റിക്കാടുകളിലൂടെയും കാട്ടുപൊന്തകള്‍ക്കിടയിലൂടെയും മറ്റും വേണം പുലയര്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കു പോകുവാന്‍. ഇങ്ങനെ പോകുമ്പോള്‍ പോലും ‘ഇഞ്ചാവോ,ഇഞ്ചാവോ’ എന്ന ശബ്ദമുണ്ടാക്കി വേണം സഞ്ചരിക്കാന്‍. ഈ ശബ്ദത്തിന്റെ ഉദ്ദേശം അയിത്തജാതിക്കാര്‍ വരുന്നുണ്ടെന്ന് സവര്‍ണരെ അറിയിക്കാനായിട്ടാണ്. അതെ സമയം സവര്‍ണര്‍ പോകുമ്പോള്‍ ‘ഹോയ്, ഹോയ്’ എന്ന ശബ്ദവും പുറപ്പെടുവിക്കും. സവര്‍ണര്‍ വരുന്നുണ്ടേ അയിത്ത ജാതിക്കാര്‍ മാറിക്കോ എന്നാവും ‘ഹോയ്’ ശബ്ദത്തിന്റെ സൂചന. സവര്‍ണരില്‍പ്പെട്ട നായര്‍ നടക്കുമ്പോള്‍ അവര്‍ സ്വയം ശബ്ദമുണ്ടാക്കുകയും നമ്പൂതിരി പോകുമ്പോള്‍ ഒരു നായര്‍ മുന്‍പേ നടന്ന് ഹോയ് ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഹോയ് ശബ്ദം കേട്ടാലുടന്‍ ഇഞ്ചാവോക്കാരന്‍ ഉടന്‍ എവിടെയെങ്കിലും പോയി ഓടി ഒളിച്ചോളണം. അവര്‍ണനെ സവര്‍ണന്‍ നേരില്‍ കണ്ടാലോ ഫലം അവര്‍ണന് മര്‍ദ്ദനം ഉറപ്പായിരുന്നു. മര്‍ദ്ദനം നടത്തുന്നത് ബ്രാഹ്മണന്റെ കീഴാള സേവകനായ നായരുടെ ധര്‍മ്മവും ജോലിയുമായിരുന്നു. ഇഞ്ചാവോ എന്ന വിളിയും പൂച്ചയെപ്പോലെയുള്ള പതുങ്ങി ഓട്ടവുമാണ് പുലയന് ‘പൂച്ച’ യെന്ന ഓമനപ്പേര് പില്‍ക്കാലത്ത് വീണു കിട്ടാന്‍ കാരണമാക്കിയത്. 4
ഈ കാലത്ത് തന്റെ ചുറ്റിലും ജന്മിമാരും അവരുടെ സില്‍ബന്തികളും സ്വസമുദായക്കാരോട് കാട്ടിക്കൊണ്ടിരുന്ന തീണ്ടല്‍-തൊടീല്‍-അടിമത്തം തുടങ്ങിയ അനാചാരങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും കാളിക്ക് സഹിക്കാവുന്നതിലുമേറെയായിരുന്നു. സമപ്രായക്കാരായ സ്‌നേഹിതന്മാരേയും സഹോദരന്മാരേയും വിളിച്ചുചേര്‍ത്ത് സന്ധ്യനേരങ്ങളില്‍ ഒന്നിച്ചിരുന്ന് ഇത്തരംകാര്യങ്ങള്‍ സംസാരിക്കുന്നത് കാളിയുടെ സ്വഭാവമായി മാറിയിരുന്നു. ഇത്തരം സംഭാഷണങ്ങളിലൂടെ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് മുന്നോട്ടുപോകാനുള്ള ഒരു തയ്യാറെടുപ്പുകൂടിയായിരുന്നു ഇതെന്ന് അന്നാരും കരുതിയിരുന്നില്ല. കാര്യത്തിനൊപ്പം വിനോദോപാദികളും നടത്തിയിരുന്നു. നാടന്‍ പാട്ടുകള്‍ പാടുക, നാടന്‍ കലാരൂപമായ കാക്കരശ്ശി നാടകം അരങ്ങേറുക എന്നിവയും കാളിയും കൂട്ടരും ചെയ്തിരുന്നു. ഇത്തരം കലാപ്രകടനങ്ങളിലൂടെ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ വെങ്ങാനൂരില്‍ രൂപപ്പെട്ടു. അതിന്റെ നടുനായക സ്ഥാനം കാളിക്കായിരുന്നു. ഇതൊക്കെയാണെങ്കിലും കാളിയുടെ മനസ്സിനെ സദാനേരവും അലട്ടിക്കൊണ്ടിരുന്നത് തന്റെ ജനവിഭാഗം അനുഭവിച്ചിരുന്ന അനാചാരങ്ങളെ എങ്ങനെ അറുതിവരുത്താമെന്നാണ്.
ഈ സന്ദര്‍ഭത്തിലാണ് പുലയസമുദായത്തില്‍പ്പെട്ട മേലെക്കാളിയും, മൂലേക്കാളിയുമായി അയ്യന്‍കാളി പരിചയപ്പെട്ടത്. മേലെക്കാളിയും, മൂലേക്കാളിയും അയ്യന്‍കാളിയെക്കാള്‍ പ്രായം ചെന്നവരും അയോധനകലകളില്‍ നിപുണന്മാരുമായിരുന്നു. അവരുടെ നിരന്തര സമ്പര്‍ക്കവും ഉപദേശവും പ്രകാരം അയ്യന്‍കാളിയും കൂട്ടുകാരും കാളിമാരുടെ നേതൃത്വത്തില്‍ കളരി അഭ്യാസങ്ങള്‍ പഠിക്കാന്‍ ആരംഭിച്ചു. തെക്കന്‍ കളരിയില്‍ കൂടുതല്‍ അറിവുനേടാന്‍ നാഗര്‍ കോവിലില്‍ നിന്നും ആശാന്മാരെ വരുത്തി തെക്കന്‍ കളരിയില്‍പ്പെട്ട അടി, തട, വാള്‍പ്പയറ്റ് എന്നിവ പഠിച്ചു. പിന്നീട് വടക്കന്‍ കളരിപഠിക്കാന്‍ വടക്കന്‍ കളരി അഭ്യാസികളെയും വരുത്തുകയുണ്ടായി. കളരി അഭ്യാസങ്ങള്‍ പഠിക്കുന്നത് പുലയര്‍ തുടങ്ങിയവരുടെ പതിവാണ് അക്കാലത്ത്. അക്ഷരാഭ്യാസം പഠിക്കാന്‍ കഴിയാത്ത അയിത്ത ജാതിക്കാര്‍ കളരി അഭ്യാസ മുറകള്‍ പഠിക്കുന്നത് അന്ന് പതിവാക്കിയിരുന്നു. കളരി അഭ്യാസമുറകളുടെ ആശാന്മാര്‍ മേലെക്കാളിയും മൂലേക്കാളിയുമായിരുന്നു.
കളരിമുറകള്‍ പഠിച്ചുകഴിഞ്ഞപ്പോഴേയ്ക്കും ഒരുതരം ആത്മവിശ്വാസവും ആത്മധൈര്യവുമൊക്കെ കാളിയില്‍ പ്രകടമായികണ്ടിരുന്നു. തന്റെ ജനങ്ങള്‍ നൂറ്റാണ്ടുകളായി അനുഭവിച്ചു വന്നിരുന്ന സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ പൊരുതാനുള്ള ചങ്കൂറ്റവും അയ്യന്‍കാളിയിലുണ്ടായി. തന്റെ ചുറ്റിലും അയിത്ത ജാതികള്‍ക്കെതിരെ ജന്മിമാരും അവരുടെ മാടമ്പികൂട്ടവും കാട്ടിയിരുന്ന അനാചാര പ്രവണതകളെ എതിര്‍ത്തു തോല്പിക്കാനുള്ള ഉള്‍പ്രേരണയും കാളിയിലുണ്ടായി. തീണ്ടലും തൊടീലും കല്പിച്ച് തീണ്ടാപ്പാടകലെ അകറ്റുകയും സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ആ കാലത്ത് അതിനെതിരെ പ്രതികരിക്കുക എന്നത് ദുഷ്‌ക്കരവും ആപല്‍ക്കരവുമായിരുന്നു. അയ്യന്‍കാളി ഒതുങ്ങി കൂടുവാന്‍ തയ്യാറായില്ല. അല്പം മുഷ്‌ക് കാട്ടിയിട്ടാണെങ്കിലും ഇവയെ പ്രതിരോധിക്കാന്‍ തന്നെ അയ്യന്‍കാളി തയ്യാറായി. അതിനു വേണ്ടുന്നത് ശക്തമായ ആള്‍ബലമാണെന്ന് കാളി തിരിച്ചറിഞ്ഞു. തന്നോടൊപ്പം കളരി അഭ്യാസം പൂര്‍ത്തിയാക്കിയ ആരോഗ്യവന്മാരായ ഒരു യുവതലമുറയുണ്ടെന്ന കാര്യം കാളി ഓര്‍മ്മിച്ചു. പിന്നീട് അവരെയെല്ലാം പോയി സംഘടിപ്പിച്ച് എന്തിനും പോന്ന ഒരു സംഘമുണ്ടാക്കി. അതിന് ആവശ്യമുള്ളത്ര പ്രചോദനം പകര്‍ന്നുകൊടുത്തതും മേലെക്കാളിയും മൂലേക്കാളിയുമായിരുന്നു. പില്‍ക്കാലത്ത് ഇവര്‍ രണ്ടുപേരും അയ്യന്‍കാളിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി പ്രവര്‍ത്തിച്ചിരുന്നതായി പഴമക്കാരില്‍ നിന്നും കേട്ടറിവുണ്ട്. ഈ ലേഖകന്റെ അന്വേഷണത്തിലും അത് വെളിപ്പെട്ടിട്ടുണ്ട്. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ പൊരുതിക്കയറുവാന്‍ അയ്യന്‍കാളി സ്വരൂപിച്ച ചെറുപ്പക്കാരുടെ ഈ സംഘത്തെ പില്‍ക്കാലത്ത് ‘അയ്യന്‍കാളിപ്പട’ യെന്ന പേരിലാണ് നാട്ടിലെങ്ങും അറിയപ്പെട്ടിരുന്നത്. എവിടെ ജാതിയ വിവേചന പ്രശ്‌നങ്ങളുണ്ടായാലും ഈ സംഘം ഞൊടിയിടയില്‍ മണത്തറിഞ്ഞ് അയ്യന്‍കാളിയുടെ പിന്നില്‍ അണിനിരക്കുമായിരുന്നു. (അടുത്തകാലത്ത് കേരളത്തില്‍ അയ്യന്‍കാളിപ്പടയെന്ന പേരില്‍ ചിലര്‍ ഉണ്ടാക്കിയ സംഘവുമായി അയ്യന്‍കാളിക്കോ അയ്യന്‍കാളി പ്രസ്ഥാനങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ല.) അയ്യന്‍കാളിയും സംഘവും നെയ്യാറ്റിന്‍കര, വെങ്ങാനൂര്‍, കോട്ടുകാല്‍, ചൊവ്വര, മുല്ലൂര്‍, വെള്ളാര്‍, ബാലരാമപുരം, പാച്ചല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ അയിത്ത ജാതിക്കാരുടെ മേല്‍ സവര്‍ണര്‍ നടപ്പാക്കിയിരിക്കുന്ന മനുഷ്യത്വരഹിതമായ അനാചാരങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തി. ഇതോടെ മറ്റ് സ്ഥലങ്ങളിലും അയ്യന്‍കാളിയെക്കുറിച്ചും സംഘത്തെക്കെറിച്ചും അവര്‍ണരിലും സവര്‍ണരിലും അറിവുണ്ടായി.
ഈ സമയം അയ്യന്‍കാളിക്ക് 25 വയസ്സ് പ്രായമായിരുന്നു. വീട്ടുകാര്‍ അയ്യന്‍കാളിയെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചു. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം വിവാഹാലോചനകള്‍ നടന്നു. ഒടുവില്‍ ആ വിവാഹാലോചന ചെന്നവസാനിച്ചത് നെയ്യാറ്റിന്‍കര കോട്ടുകാല്‍ വില്ലേജില്‍ മഞ്ചാം കുഴി ചെല്ലമ്മയുടെ വീട്ടിലായിരുന്നു. വെളുത്ത സുന്ദരിയും സുശീലയുമായ ചെല്ലമ്മയെ കണ്ടുബോധിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. 1888 മാര്‍ച്ച് അവസാനവാരത്തില്‍ അയ്യന്‍കാളിയും ചെല്ലമ്മയും തമ്മിലുള്ള വിവാഹം മഞ്ചാംകുഴിയിലെ വധൂഗൃഹത്തില്‍ വച്ചുനടന്നു. വിവാഹം കെങ്കേമമായിരുന്നുവെന്നാണ് ആ കാലത്തെ പഴമക്കാരില്‍ നിന്നും കേട്ടറിഞ്ഞിരുന്നത്. വിവാഹനന്തരം വെങ്ങാന്നൂര്‍ പെരുങ്കാറ്റുവിളയ്‌ക്കെതിരെ പടിഞ്ഞാറുമാറിയുള്ള കുന്നില്‍ തെക്കേവിളയില്‍ സ്വന്തമായിട്ടുണ്ടായിരുന്ന ഭൂമിയില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു വീടുപണിത് അയ്യന്‍കാളിയും ഭാര്യയും അവിടെ താമസമാക്കി. ഈ തെക്കേവിള വീട്ടില്‍ നിന്നാണ് അയ്യന്‍കാളിയെന്ന നിരക്ഷരന്‍ സാധുജനങ്ങളുടെ നിക്ഷേധിക്കപ്പെട്ടിരുന്ന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.
സാമൂഹ്യ നവോത്ഥാനം കൈവരുത്താന്‍ ചട്ടമ്പിസ്വാമിയില്‍ നിന്നും ശ്രീനാരായണഗുരുവില്‍ നിന്നും വ്യത്യസ്ഥ മാര്‍ഗ്ഗമായിരുന്നു അയ്യന്‍കാളി സ്വീകരിച്ചിരുന്നത്. ഈ സാധുജനവിമോചന പോരാട്ടങ്ങള്‍ അയ്യന്‍കാളിയെ മറ്റാരേയുംകാള്‍ മുന്നിലെത്തിച്ചു. അയ്യന്‍കാളി ഗൃഹസ്ഥാശ്രമിയായ അതെവര്‍ഷം തന്നെയാണ് ഈഴവരാദി വിഭാഗങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചിരുന്ന സവര്‍ണരെ വെല്ലുവിളിച്ചു കൊണ്ട് ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ഈഴവ ശിവനെ പ്രതിഷ്ഠിച്ചത്. പക്ഷെ ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നിര്‍വ്വഹിക്കുന്നതിന് മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് 1853-ല്‍ കായംകുളത്ത് മംഗലം ഇടയ്‌ക്കോട് ജ്ഞാനേശ്വരം ക്ഷേത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ഈഴവ പ്രമാണി ഈഴവ ശിവനെ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. 5 എന്നാല്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്ക് ചരിത്രത്തിലിടം നേടാന്‍ കഴിയാത്തതിന്റെ സാംഗത്യമെന്തെന്ന കാര്യത്തിലിന്നും ദുരൂഹത നിലനില്ക്കുന്നു. ശ്രീനാരായണ ഗുരുവിനെ പൊക്കിക്കാട്ടിയവര്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ ബോധപൂര്‍വ്വം തഴയുകയായിരുന്നു ചെയ്തത്. കേരളത്തിലെ ആദ്യത്തെ നവോത്ഥാന വിപ്ലവകാരി യഥാര്‍ത്ഥത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. പണിക്കര്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രീനാരായണ ഗുരുവിനും അയ്യന്‍കാളിക്കും മുന്‍പ് ഒറ്റയ്ക്ക് സവര്‍ണരെ വെല്ലുവിളിച്ചുകൊണ്ട് ചെയ്തിരുന്നു. അവയെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. പണിക്കര്‍ സവര്‍ണര്‍ക്കെതിരെ ചെയ്തതൊന്നും ആത്മീയവാദികളായ ചട്ടമ്പിസ്വാമികള്‍ക്കോ, ശ്രീനാരായണഗുരുവിനോ കഴിയുമായിരുന്നില്ല. ആത്മീയത്തിലൂടെ കേരളത്തില്‍ നവോത്ഥാനം കൈവരിച്ചുവെന്ന് വീമ്പിളക്കുന്നവര്‍ക്കും അഹങ്കരിക്കുന്നവര്‍ക്കും ചരിത്രമറിയില്ല. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ രണ്ടുപേരെ ഉണ്ടായിട്ടുള്ളൂ. ഒന്ന് ആറാട്ടുപുഴ വേലായുധപ്പണിക്കരും രണ്ടാമന്‍ വെങ്ങാനൂര്‍കാരന്‍ നിരക്ഷരനായ അയ്യന്‍കാളിയും.
സഹായക ഗ്രന്ഥങ്ങള്‍:
1. ശ്രീ അയ്യന്‍കാളി: കെ.കൃഷ്ണന്‍ ലേഖനം കേരളകൗമുദി, 1961.
2. എ. പരമു കുന്നുകുഴി (സാധുജനപരിപാലന സംഘത്തിലെ മാനേജര്‍മാരില്‍ ഒരാള്‍) യുമായി 1965-ല്‍ കുന്നുക്കുഴിമണി നടത്തിയ നിരവധി സംഭാഷണങ്ങളില്‍ നിന്നും
3. Taken from Slavery in Travancore by: K.K. Kusumam p.117
4. പി.കെ.ചോതിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും
5. ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് കുന്നുകുഴിമണി കായംകുളത്തെത്തി സമാഹരിച്ച അന്വേഷണ വിവരണങ്ങളില്‍ നിന്നും.
Discussion about this post