ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
ഭക്തിമത് – കല്‍പലതികാ പശുപാശവിമോചിനീ
സംഹൃതാശേഷ-പാഷണ്ഡാ സദാചാരപ്രവര്‍ത്തികാ
ദേവി ഭക്തിയുള്ളവര്‍ക്ക് (ഭക്തിമത്) കല്‍പലത (പാരിജാതം) യാണ് – ഭക്തരുടെ പ്രാര്‍ത്ഥനയ്ക്ക് സമുചിതഫലം നല്‍കുന്നു. അജ്ഞാനി (പശു) കള്‍ക്കുപോലും ലൗകികബന്ധങ്ങളില്‍നിന്ന് (പാശം) വേണ്ടവിധത്തിലുള്ള മോചനമേകുന്നു. അധര്‍മചാരികളെ (പാഷണ്ഡര്‍) ആസകലം സംഹരിച്ച ദേവി ലോകരെ സദാചാരത്തില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. (സംഹൃത അശേഷ)
താപത്രയാഗ്നിസന്തപ്ത സമാഹ്ലാദന ചന്ദ്രികാ
തരുണീ താപസാരാധ്യാ തനുമധ്യാ തമോപഹാ
(ത്രയ – അഗ്നി) മൂന്നുതരം ദുഃഖങ്ങളാകുന്ന തീയില്‍ ആഹ്ലാദിപ്പിക്കുന്ന കുളിര്‍നിലാവാണു ദേവി. താപത്രയം; ആധ്യാത്മ ആധിഭൗതികം, ആധിദൈവികം എന്നീ ത്രിവിധ ദുഃഖങ്ങള്‍ ആദ്യത്തേത് സ്വന്തം കര്‍മങ്ങളോടു ബന്ധം കാണാവുന്നവ (ഉദാ: രോഗങ്ങള്‍) രണ്ടാമത്തേത് സ്വന്തം ശരീരത്തിലെയോ പ്രപഞ്ചത്തിലെയോ പഞ്ചഭൂതങ്ങളോടു ബന്ധപ്പെടുത്താവുന്ന (ഉദാ:- പ്രകൃതിക്ഷോഭങ്ങള്‍) ; ഒടുവിലത്തേത് ദേവതമാരില്‍ നിന്നുണ്ടാകാവുന്നവ. (ഉദാ;ഭാഗ്യക്കേട്)
(താപസ – ആരാധ്യ) (തമഃ – അപഹാ) ദേവി നിത്യയൗവനയും മഹര്‍ഷിമാരുടെ ആരാധനാപാത്രവും ഇടുങ്ങിയ അരക്കെട്ടുള്ളവളും അജ്ഞാനാന്ധകാരത്തെ അകറ്റുന്നവളുമാകുന്നു.
ചിതിഃ തത്പദ – ലക്ഷ്യാര്‍ഥാ ചിദേകരസ – രൂപിണീ
സ്വാത്മാനന്ദ – ലവീഭൂത ബ്രഹ്മാദ്യാനന്ദസന്തതിഃ
അവിദ്യയുടെ ശത്രുസ്ഥാനത്തുള്ള വിദ്യയും തത് എന്ന വാക്കിന്റെ ലക്ഷ്യമായ ബ്രഹ്മം തന്നെ ആയവളും വിശേഷജ്ഞാനത്തില്‍ മാത്രമുള്ളതാല്‍പര്യം സ്വരൂപമായവളുമാണ് ലളിതാബിക. ചിതി = വിദ്യ തത് = അത് (തത് ത്വം അസി = അത് നീയാകുന്നു) : ബ്രഹ്മം. ചിത് = വിശേഷജ്ഞാനം (ലക്ഷ്യ – അര്‍ഥാ) ചിത് – ഏക – രസ) ബ്രഹ്മാദികളുടെ ആനന്ദസമൂഹം ദേവിയുടെ ആത്മാനന്ദത്തിന്റെ ചെറുതുളളി മാത്രമായിബ്ഭവിച്ചു. (സ്വ – ആത്മാനന്ദ) (ബ്രഹ്മാ – ആദി – ആനന്ദ) ലവം = കണിക, സന്തതി = കൂട്ടം. അളവില്ലാത്ത പരമാനന്ദപ്പെരുങ്കടലാണ് അമ്മ.
Discussion about this post