പത്തനംതിട്ട: ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്രട്ടേറിയറ്റ് ട്രെയിനിംഗ് ആന്‍ഡ് മാനേജ്‌മെന്റിലെ (ഐഎസ്‌ടിഎം) പരിശീലനത്തിന്റെ ഭാഗമായി കേന്ദ്രസംഘം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ചു. സാമ്പത്തികം, ആരോഗ്യം, ഗ്രാമീണം,വനം തുടങ്ങി കേന്ദ്ര സെക്രട്ടേറിയറ്റ് സര്‍വീസിലെ സെക്‌ഷന്‍ ഓഫീസര്‍മാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 24 പേരാണ് സംഘത്തിലുള്ളത്. പ്രധാനമന്ത്രിയുടെ പ്രഥമ പൊതുഭരണ അവാര്‍ഡ് നേടിക്കൊടുത്ത പദ്ധതികളെക്കുറിച്ച് ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് അഡ്വ.എന്‍. രാജീവ് പവര്‍പോയിന്റ് അവതരണവും വിശദീകരണവും നടത്തി. ഫണ്ട് വിനിയോഗവും സംയോജനവും, ത്രിതലപഞ്ചായത്തുകളുടെ സംയോജന പ്രവര്‍ത്തനം തുടങ്ങിയവ കേന്ദ്രസംഘം ചര്‍ച്ച ചെയ്‌തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്‌ട് ഡയറക്‌ടര്‍ പി.ജി. രാജന്‍ ബാബു, കോയിപ്രം ബിഡിഒ സൂര്യ ഗോപിനാഥ്, പഞ്ചായത്ത് സെക്രട്ടറി സുജ എസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കുടുംബശ്രീയുടെ വള്ളംകുളത്തെ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണീറ്റും, പഞ്ചായത്ത് ഓഫീസിലെ ഇ ഗവേണന്‍സും സംഘം സന്ദര്‍ശിച്ചു.












