ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
സദ്യഃ പ്രസാദിനീ വിശ്വ-സാക്ഷിണീ സാക്ഷിവര്‍ജിതാ
ഷഡംഗദേവതാ യുക്താ ഷാഡ്ഗുണ്യ – പരിപൂരിതാ
മാതൃഭാവനയോടെ, താനൊരു വെറും ശിശുവെന്ന മട്ടില്‍ ലളിതാംബികാ പരമേശ്വരീപൂജ നിര്‍വഹിക്കുന്ന ആളില്‍ ദേവി ഉടന്‍തന്നെ (സദ്യഃ) പ്രസാദിക്കുന്നു. ദേവി എല്ലാറ്റിനും സാക്ഷ്യം വഹിക്കുന്നു. പക്ഷേ ദേവിക്കു സാക്ഷിയാവാന്‍ ആരുമില്ല – തന്തിരുവടി സര്‍വാതീതയാണല്ലോ. ഷഡംഗദേവതകള്‍ അഥവാ ഷഡംഗശക്തികള്‍ എന്നു പറയാറുള്ള ആറു ദേവതകള്‍ ചുറ്റും നിന്നു സേവിക്കുന്നവളും ഷഡ്ഗുണങ്ങള്‍ നിറഞ്ഞവളുമാണ് ലളിതാംബിക.
ഷഡംഗങ്ങള്‍ അഥവാ ഷഡ്ഗുണങ്ങള്‍ പൂജ്യദേവത ഏതായാലും ഹൃദയം, ശിരസ്സ്, ശിഖ, നേത്രം, കവചം, അസ്ത്രം എന്നീ ആറംഗങ്ങളുടെ ന്യാസം പൂജയില്‍ അനുപേക്ഷണീയമാണ്. മഹേശ്വരന്റെ പ്രസിദ്ധമായ ആറംഗങ്ങള്‍ സര്‍വജ്ഞത, തൃപ്തി, അനാദിബോധം, സ്വതന്ത്രത, അലുപ്തശക്തി, അനന്തത എന്നിവയത്രേ. വേദാംഗങ്ങള്‍: ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, ജ്യോതിഷം, കല്‍പം. രാജ്യഭരണസംബന്ധമായ ഷഡംഗങ്ങള്‍: സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമാശ്രയം. വ്യക്തിനിഷ്ഠമായവ: ഐശ്വര്യം, ധര്‍മം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം. വിധിപ്രകാരമുള്ള ഷഡംഗധ്യാനം (ഷാഡ്ഗുണ്യം) കൊണ്ടേ ദേവീപൂജയ്ക്ക് പരിപൂര്‍ത്തിവരൂ
നിത്യക്ലിന്നാ നിരുപമാ നിര്‍വാണസുഖദായിനീ
നിത്യാഷോഡശികാരൂപാ ശ്രീകണ്ഠാര്‍ദ്ധശരീരിണീ
സദാ ദയാര്‍ദ്രയും ഉപമിക്കാനാവാത്തവളും മോക്ഷപ്രാപ്തികൊണ്ടുള്ള ആനന്ദം നല്‍കുന്നവളുമാണ് അമ്മ.
അമ്മയെയും ചേര്‍ത്ത് എന്നെണ്ണാറുള്ള നിത്യാദേവിമാരുടെ അഥവാ തിഥിദേവതമാരുടെ രൂപമാര്‍ന്നവളാണ് ലളിതാംബിക. നിത്യാദേവിമാര്‍; ത്രിപുരസുന്ദരീ, കാമേശ്വരി, ഭഗമാലിനി, നിത്യക്ലിന്ന, ഭേരുണ്ഡ, വഹ്നിവാസിനി, മഹാവിദ്യേശ്വരി (മഹാവജ്രേശ്വരി), രൗദ്രി(ദൂതി) കുളസുന്ദരി, നിത്യ, ത്വരിത, നീലപാതക, വിജയ, സര്‍വമംഗള, ജ്വാലാമാലിനി, ചിദ്രൂപ.
ശ്രീകണ്ഠന്റെ ഉടലിന്‍പാതി സ്വന്തം ഉടലായവള്‍. ശ്രീകണ്ഠന്‍ = ശിവന്‍, പുരുഷനും സ്ത്രീരൂപത്തിലുള്ള പ്രകൃതിയും സാരംശത്തില്‍ ഒന്നുതന്നെ; അവരുടെ സമ്പൂര്‍ണസഹകരണം പ്രപഞ്ചത്തിന്റെ ഉല്‍പത്തി, നിലനില്‍പ്, വിലയം എന്നിവയ്ക്ക് അനുപേക്ഷണീയം. ഇതാണ് അര്‍ധനാരീശ്വര സങ്കല്‍പത്തിന്റെ പൊരുള്‍.
Discussion about this post