ചെങ്കല്‍ സുധാകരന്‍
ശ്രീ നാരദന്‍ കഥ തുടര്‍ന്നു:- ‘മഹാരാജാവേ രാധയെ സ്വീകരിച്ച് സല്‍ക്കരിശേഷം, കൃഷ്ണപത്‌നിമാര്‍, രാധാപരിവാരങ്ങളായ ഗോപീയൂഥങ്ങളേയും വഴിയാംവണ്ണം സ്വാഗതം ചെയ്തു. എല്ലാവരും സ്‌നേഹപരവശരായി. അവര്‍ പരസ്പരം വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
‘രാധ ദേവിയേയും കൂട്ടരേയും സന്തോഷിപ്പിച്ച് സുഖശയനത്തിലാക്കിയശേഷം മഹാറാണിമാര്‍ സ്വസ്വഗൃഹങ്ങളിലേയ്ക്കു പോയി. രുക്മിണീ ദേവിയാകട്ടെ കൃഷ്ണസമീപമെത്തി. അപ്പോള്‍ ദേവദേവന്‍ ഏകാന്തത്തിലിരിക്കുകയായിരുന്നു. ഉറക്കംകൂടാതെ തന്നടുക്കലെത്തിയ ദേവിയോട് ഭഗവാന്‍ പറഞ്ഞു. ‘നിങ്ങളുടെ സത്ക്കാരത്തില്‍ രാധ സന്തുഷ്ടയായിരിക്കുന്നു. തൃപ്തയായിരിക്കുന്നു. എന്നാല്‍ –
‘ സാ ച നിത്യാ ഹി പിബതി
ശയനാദൗ പയഃശുഭം
പയഃപാനം തുകൃത-
മദ്യസുഭ്രു തയാകില
തേന നിദ്രാ നയനയോ-
ര്‍ന്നാജാതാസ്യ മഹാമതേ
തസ്മാന്‍ മാമപി പ്രസ്വാപോ
ന ജാതോ ഭീഷ്മകന്യകേ’
(കിടക്കുന്നതിനുമുമ്പ് അല്പം പാല്‍ കുടിക്കുന്ന ശീലം അവള്‍ക്കുണ്ട്. അതിനിന്ന് മുടക്കം വന്നു. അതിനാലവള്‍ ഉറങ്ങിയിട്ടില്ല. അതുകൊണ്ട്, രുക്മിണീ, എനിക്കും ഉറക്കം വരുന്നില്ല.)
കൃഷ്ണഹിതം മനസ്സിലാക്കിയ രുക്മിണി ഒരു സ്വര്‍ണ്ണപാത്രത്തില്‍, പഞ്ചസാരചേര്‍ത്ത, ചൂടുപാല്‍ രാധയ്ക്കു നല്‍കി. അവള്‍ അത് സാമോദം പാനം ചെയ്തു. സന്തോഷവതിയായ രുക്മിണി വീണ്ടും കൃഷ്ണ സന്നിധിയിലെത്തി. ശുശ്രൂഷാലോലയായ വൈദര്‍ഭി ഭര്‍ത്തൃപാദങ്ങള്‍ തലോടാന്‍ തുടങ്ങി. കോമളകരപല്ലവങ്ങളാല്‍ മൃദുവായി തലോടവേ, ദേവി, കൃഷ്ണപാദങ്ങളില്‍ ചില പൊള്ളലുകള്‍ കണ്ട് വിസ്മയിച്ചുപോയി. അവള്‍ ഭഗവാനോടചോദിച്ചു:-
‘ഉച്ഛാലകാഃ കഥം ജാതാ-
സ്തവ പാദതലേ പ്രഭോ
അദൈ്യവ ഭൂതാഭഗവ-
ന്നവേദ്മ്യത്ര ഹി കാരണം’
പ്രഭോ, അങ്ങയുടെ പാദങ്ങളില്‍ ചില പൊള്ളലുകള്‍ കാണുന്നല്ലോ? ഇതെന്താണ്? കാരണമെന്തെന്നറിയുന്നില്ലല്ലോ?) ഇക്കാര്യം രുക്മിണി പറഞ്ഞറിഞ്ഞ് മറ്റുറാണിമാരുമെത്തി. ഏവരുമത്ഭുതപ്പെട്ടുപോയി. കാരമമറിയാതെ മനം കലങ്ങിയ ദേവിമാര്‍ കേള്‍ക്കേ ഭഗവാന്‍ പറഞ്ഞു.
‘ശ്രീരാധികായാ ഹൃദയാരവിന്ദേ
പാദാരവിന്ദം ഹി വിരാജിതേ മേ
അഹര്‍ന്നിശം പ്രശ്രയ പാദബദ്ധം
ലവം ലവാര്‍ദ്ധം ന ചലത്യതീവ
അദ്യോഷ്ണ ദഗ്ദ്ധാ പ്രതിമാനതോംഘ്രാ-
വൃച്ഛാലകാസ്‌തോമ മപ്രോച്ഛലന്തി
മന്ദോഷ്ണമേവം ഹിനത്തമസൈ്യ
യുഷ്മാഭിരുഷ്ണം തു പയഃ പ്രദത്തം’
(രാധയുടെ ഹൃദയ കമലത്തിലാണ് എന്റെ പാദപത്മങ്ങള്‍ സ്ഥിതിചെയ്യുന്നത്. അതിന്നൊരിക്കലും ലവലേശമിളക്കമില്ല. ഇപ്പോള്‍ രാധ കുടിച്ച പാലിന്റെ ചൂടേറ്റതിനാലാണ് എന്റെ കാല്‍ പൊള്ളിയിരിക്കുന്നത്. അത്രചൂടുള്ള പാലാവാം രാധയ്ക്ക് നിങ്ങള്‍ നല്‍കിയത്.)
‘ശ്രീകൃഷ്ണന്റെ വാക്കുകള്‍ കേട്ട റാണിമാര്‍ ഭഗവത്പാദം വിട്ട് മാറിനിന്നുപോയി. രാധയോട് ഭഗവാനും തിരിച്ചുമുള്ള പ്രേമഭക്തിയറിഞ്ഞ് അവര്‍ വിസ്മയഭരിതരായി. അത് അദ്വിതീയയും അസമാനവുമാണ്.’
‘രാധയുടെ അഭൗമമായ കൃഷ്ണപ്രേമം ഉദാത്തമാണെന്ന് മഹാറാണിമാര്‍ കരുതി. ആ പാരസ്പര്യത്തില്‍ ആദരം തോന്നിയ ക്ഷാത്രാംഗനമാര്‍ക്ക് രാധാകൃഷ്ണലയമായ ‘രാസക്രീഡ’ കാണണമെന്ന് താല്പര്യം കൊണ്ടു. അവര്‍ പറഞ്ഞു:- ‘ഭഗവന്‍, വ്രജാംഗനമാരായ ഗോപികമാര്‍ ഭാഗ്യവതികള്‍തന്നെ. ധന്യമാരും. നിങ്ങള്‍ തമ്മില്‍ ഗോകുലത്തിലാടിയപോലുള്ള ഒരു രാസക്രീഡകാണാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്. അങ്ങും വ്രജാംഗനമാരും ഇവിടെ തന്നെയുണ്ടല്ലോ? ഞങ്ങള്‍ അതു കാണാന്‍ കൊതിക്കുന്നു. ഭഗവാനേ, അങ്ങ്, ഞങ്ങളുടെ ആഗ്രഹം സാധിച്ചുതരണേ!’
‘അതുകേട്ട് ശ്രീഭഗവാന്‍ പ്രസന്നനായി. അദ്ദേഹം ദേവിമാരോടു പറഞ്ഞു’- നിങ്ങള്‍ക്ക് രാസക്രീഡ കാണാന്‍ കൗതുകമെന്നോ? എങ്കില്‍ രാസേശ്വരിയായ രാധയോടഭ്യര്‍ത്ഥിക്കുക. അവള്‍ നിങ്ങളുടെ ഇഷ്ടം സഫലമാക്കാതിരിക്കുകയില്ല. ഭഗവാന്റെ അഭിപ്രായമറിഞ്ഞ ഉടന്‍ രുക്മിണിയും കൂട്ടരും രാധാദേവിയെ സമീപിച്ചു. അവര്‍ സന്തോഷപൂര്‍വ്വം രാധയോടു പറഞ്ഞു:- ‘ ഹെ, സുന്ദരീ, കീര്‍ത്തീകുലത്തിന് കീര്‍ത്തിദായിനിയായ നിന്നെക്കാണാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. രാസേശ്വരീ, ഭവതി രാസക്രീഡ നടത്തി ഞങ്ങളെ! സന്തോഷിപ്പിച്ചാലും! അതു കാണാന്‍ ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്’. ഭഗവത്പത്‌നിമാരുടെ അഭിപ്രായം കേട്ട് രാധ സന്തോഷവതിയായി. തുടര്‍ന്ന്, കൈകൂപ്പി മുന്നില്‍ നില്‍ക്കുന്ന രുക്മണി, സത്യഭാമ മുതലായവരെ നോക്കി ഇങ്ങനെ പറഞ്ഞു.
‘രാസേശ്വരസ്യ പരസ്യ സതാം കൃപാലോ
രന്തും മനോയദി ഭവേത്തു തദാത്ര രാസഃ
ശുശ്രൂഷയാ പരമയാ പരയാ ച ഭക്ത്യാ
സംപൂജ്യ തം കില വശീകുരുത പ്രിയേഷ്ടാഃ’
(പ്രിയമിത്രങ്ങളേ, നിങ്ങള്‍ക്ക്, പരാല്‍പരനും കൃപാലുവും രാസേശ്വരനുമായ കൃഷ്ണനുമായി രമിക്കുന്ന രാസം കാണാന്‍ താല്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ ശുശ്രൂഷകൊണ്ടും പരമമായ പരാഭക്തികൊണ്ടും സന്തോഷിപ്പിക്കുവിന്‍! ഭഗവാനെ പൂജിച്ച് (ഭക്തിയാല്‍) വശീകരിക്കുവിന്‍!) രാധയുടെ വാക്കുകള്‍ കേട്ട റാണിമാര്‍ അക്കാര്യത്തില്‍ ശ്രീകൃഷ്ണനുള്ള അഭിപ്രായം രാധയെ ധരിപ്പിച്ചു. വീണ്ടും രാസമാടുവാന്‍ രാധയുടെ സമ്മതമാണ് പ്രധാനമെന്ന് സൂചിപ്പിച്ച കാര്യം! അതറിഞ്ഞ് ദേവി രാധ, ‘ ഭാഗവതന്മതമതാണെങ്കില്‍ അങ്ങനെതന്നെ നടക്കട്ടെയെന്ന് സസന്തോഷം സമ്മതിച്ചു. പാവനസ്ഥാനമായ സിദ്ധാശ്രമത്തില്‍ രാസേശ്വരിയും രാസേശ്വരനും ചേര്‍ന്ന് വീണ്ടും മാഹാരാസലീലയാടി! കൃഷ്ണപ്രിയമാര്‍ രാസാലയത്തില്‍ മുഴുകി. തങ്ങളുടെ മനോരഥം സഫലമായി എന്ന് അവര്‍ പരമാനന്ദം നേടി. മഹാരാസ മാഹാത്മ്യത്തില്‍ മുഴുക്കിയ രുക്മിണ്യാദികള്‍ തങ്ങളുടെ അഭിമാനമെല്ലാം വെടിഞ്ഞ് ആനന്ദനിര്‍ഭരമാനസരായി.
Discussion about this post