തിരുവനന്തപുരം: കേരളത്തില്‍ സംഘടിപ്പിച്ച മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിനോടനുബന്ധിച്ച് നടത്തിയ റണ്‍ കേരള റണ്‍ പ്രചാരണ കൂട്ടയോട്ടത്തില്‍ പരമാവധി പേരെ പങ്കെടുപ്പിച്ചതിനുള്ള, മുംബൈ ആസ്ഥാനമായ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചേംബറില്‍ നടന്ന ചടങ്ങില്‍ കൈമാറി. ദേശീയ ഗെയിംസ് സി.ഇ.ഒ ജേക്കബ് പുന്നൂസ് സന്നിഹിതനായിരുന്നു.
2015 ജനുവരി 20-ന് സംസ്ഥാനത്തുടനീളം നടന്ന റണ്‍ കേരള റണ്ണില്‍ 92,04,268 പേര്‍ പങ്കെടുത്തിരുന്നു. ഇത് കേരള ജനസംഖ്യയിലെ അഞ്ച് വയസ്സിന് മുകളിലുള്ളവരില്‍ ഏതാണ്ട് മുപ്പത് ശതമാനത്തോളം വരും. 7992 സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം ചുരുങ്ങിയത് 200 മീറ്റര്‍ ദൂരമെങ്കിലും താണ്ടിയിരുന്നതായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എഡിറ്റര്‍ വിജയ ഘോഷ് ഒപ്പിട്ട പ്രശംസ പത്രത്തില്‍ പറയുന്നു. റണ്‍ കേരള റണ്ണില്‍ പങ്കെടുത്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആയിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം.
ഈ ലോകോത്തര ബഹുജന കൂട്ടായ്മയില്‍ കേരളത്തിന് പുറത്തും അവിടെയുള്ള മലയാളികള്‍ പങ്കെടുത്തിരുന്നു. ഈ കൂട്ടായ്മയില്‍ പങ്കെടുത്ത് ലോക റെക്കോര്‍ഡ് എന്ന നേട്ടം കൈവരിക്കാനും സംസ്ഥാനത്ത് ഒരു പുതിയ കായിക തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത ജനങ്ങളേയും സംഘാടകരേയും കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിനന്ദിച്ചു.
Discussion about this post