തിരുവനന്തപുരം: സംസ്ഥാനത്തെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെ ഫോട്ടോ പതിച്ച വോട്ടര്‍പട്ടികയില്‍ പുതുതായി പേര്‍ ഉള്‍പ്പെടുത്തിയ വോട്ടര്‍മാര്‍ക്ക് മാത്രമായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
ബന്ധപ്പെട്ട വോട്ടര്‍ക്ക് നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ എല്ലാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പുതുതായി രൂപീകരിച്ചതോ പുന:സംഘടിപ്പിക്കപ്പെട്ടതോ ആയ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വോട്ടര്‍പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമേ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുകയുള്ളൂ. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ഇതിനാവശ്യമായ തുക വിനിയോഗിക്കാവുന്നതാണെന്നും കമ്മീഷന്‍ അറിയിച്ചു.












