തിരുവനന്തപുരം: സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷനില്‍ കടാശ്വാസത്തിനുളള വ്യക്തിഗത അപേക്ഷകള്‍ സ്വീകരിക്കുന്നതിന് അവസാന തീയതി ഒക്ടോബര്‍ 31 ആയി പുനര്‍നിശ്ചയിച്ചു. സഹകരണ ബാങ്കുകള്‍/ സംഘങ്ങള്‍ എന്നിവയില്‍ നിന്നും എടുത്തിട്ടുളള വായ്പകള്‍ മാത്രമാണ് കമ്മീഷന്‍ കടാശ്വാസത്തിനായി പരിഗണിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ഗ്രാമീണ്‍ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക് തുടങ്ങിയവയില്‍ നിന്നുളള വായ്പകള്‍ കടാശ്വാസം അനുവദിക്കുന്നതിനായി പരിഗണിക്കുകയില്ല.
വായ്പകള്‍ 2007 ജനുവരി 18 നോ അതിനു മുന്‍പോ എടുത്തതോ പുതുക്കിയതോ ആയിരിക്കണം. വയനാട് ജില്ലയില്‍ 2011 ഒക്ടോബര്‍ 31 വരെയുളള വായ്പകള്‍ക്ക് കടാശ്വാസത്തിനായി അപേക്ഷിക്കാം. വായ്പകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കോ ആഡംബര ആവശ്യങ്ങള്‍ക്കോ എടുത്തത് ആകരുത്. അപേക്ഷകന്റെ കൈവശഭൂമി നാല് ഹെക്ടറില്‍ അധികരിക്കാന്‍ പാടില്ല. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. കടാശ്വാസത്തിനായി നിശ്ചയിക്കപ്പെട്ട (സി ഫോറം) ഫോറത്തിലാണ് കമ്മീഷന് അപേക്ഷ സമര്‍പ്പിക്കേണ്ടത് അപേക്ഷ ഫോറം കമ്മീഷന്‍ ഓഫീസിലെ അന്വേഷണ വിഭാഗത്തില്‍ സൗജന്യമായി ലഭിക്കും. സി ഫോറത്തിലുളള അപേക്ഷ കമ്മീഷന്റെ വെബ്‌സൈറ്റായ www.ksfdrc.kerala.gov.in ലും കൃഷി വകുപ്പിന്റെ വെബ്‌സൈറ്റായwww.keralaagriculture.gov.inല്‍ കാര്‍ഷിക കേരളം എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍, അഗ്രി അര്‍ബന്‍ മാര്‍ക്കറ്റ് കോമ്പൗണ്ട്, വെണ്‍പാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം – 695029. ഫോണ്‍: 0471 2743783












