തിരുവനന്തപുരം: തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിലുളള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ തിരുത്താന്‍ അവസരം. റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുളള അപേക്ഷകളുടെ പ്രിന്റൗട്ട് കോപ്പി ബന്ധപ്പെട്ട റേഷന്‍ കടകള്‍വഴി ലഭിക്കും.
തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുന്നതിനും, മരണം, ജനനം, സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സര്‍വ്വീസുകളിലെ പ്രവേശനം, റിട്ടയര്‍മെന്റ്, പുതിയ വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, വീട്ടുനമ്പര്‍ എന്നിവയും പുതുതായി ചേര്‍ക്കാം. എല്ലാ കാര്‍ഡുടമകളും നിര്‍ബന്ധമായും ഫോറം കൈപ്പറ്റേണ്ടതും തെറ്റുകള്‍ ഉണ്ട്/ഇല്ല/ഓണ്‍ലൈനായി ചെയ്തിട്ടുണ്ട് എന്ന് സാക്ഷ്യപത്രം സമര്‍പ്പിക്കണം. ഇന്ന് (ഒക്‌ടോബര്‍ 15) മുതല്‍ ഫോറം ബന്ധപ്പെട്ട റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. ഫോറം കൈപ്പറ്റി തിരുത്ത് വരുത്തി 20 നകം ബന്ധപ്പെട്ട റേഷന്‍കടയില്‍ തിരികെ ഏല്പിക്കണമെന്ന് നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.












