ഒരു തീര്‍ത്ഥാടനകാലം കൂടി ആരംഭിച്ചു. മണ്ഡലകാലാരംഭത്തില്‍തന്നെ ശബരിമലയില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഈ സീസണ്‍ കാലയളവില്‍ ഉണ്ടാകാന്‍പോകുന്ന തിരക്ക് എത്രയെന്നതിന്റെ സൂചനകൂടിയാണത്.
ഓരോ മണ്ഡല-മകരവിളക്ക് കാലത്തും ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പത്തുശതമാനത്തോളം വര്‍ദ്ധിക്കുകയുമാണ്. എന്നാല്‍ ഇതിനനുസരിച്ച് അയ്യപ്പന്‍മാര്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ല. മുന്‍കൂട്ടി പദ്ധതി തയാറാക്കി പ്രവര്‍ത്തനം നടത്താത്തതാണ് ഒരു കാരണം. ഒരു തീര്‍ത്ഥാടനകാലം തീര്‍ന്നാലുടനെ അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കങ്ങള്‍ക്കുവേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ച് മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പുതന്നെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണം. എന്നാല്‍ എല്ലാവര്‍ഷവും മണ്ഡലകാലം എത്തുന്നതും കാത്തിരുന്നാണ് പല പ്രവര്‍ത്തനങ്ങളും നടത്തുന്നത്.
ശബരിമലയില്‍ എത്തുന്ന അയ്യപ്പന്‍മാര്‍ക്ക് ശരിയായ രീതിയില്‍ പ്രാഥമികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കില്‍ കൂടുതല്‍ വനഭൂമി കിട്ടിയേ തീരൂ. സ്ഥലപരിമിതിയാണ് ശബരിമല വികസനത്തിന് കീറാമുട്ടിയായി നില്‍ക്കുന്നത്. വനഭൂമി വിട്ടുകിട്ടാതെ ശബരിമല വികസനം സാദ്ധ്യമല്ലെന്നാണ് സ്ഥാനമൊഴിഞ്ഞ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി. ഗോവിന്ദന്‍ നായര്‍ പറഞ്ഞത്. ശബരിമല വികസനത്തിനായി 500 ഏക്കര്‍ വനഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് എട്ടുമാസം മുമ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് അനുകൂലമായ പ്രതികരണമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍ വനഭൂമി വിട്ടുകിട്ടി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താതെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമെന്ന പദവിയിലേക്ക് ശബരിമലയെ ഉയര്‍ത്താന്‍ കഴിയില്ല. ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി കയ്യേറുകയും പിന്നീട് അതൊക്കെ പട്ടയംപതിച്ചു സ്വന്തമാക്കുകയും ചെയ്യുന്ന നാട്ടിലാണ് ശബരിമലയുടെ വികസനം നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങിക്കിടക്കുന്നത്. ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തോടുള്ള ഈ ഇരട്ടത്താപ്പ് തിരിച്ചറിയണം.
ഭഗവത് ദര്‍ശനമെന്ന ഏകലക്ഷ്യവുമായി ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് പ്രാഥമിക സൗകര്യങ്ങളെങ്കിലും നല്‍കാന്‍ കഴിയണം. ഇതിന് ഇപ്പോഴുള്ള സ്ഥലപരിമിതി മറികടക്കാന്‍ വനഭൂമി വിട്ടുനല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി തയാറാകണം.
Discussion about this post