ശബരിമല: ശബരിമല തീര്‍ഥാടകരുടെ പരാതി പരിഹാരത്തിനായി ജില്ലാ ഭരണകൂടം ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. തീര്‍ഥാടകരോട് ഹോട്ടലുകളിലും കടകളിലും അമിത വിലയോ ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നതിന് അമിത ചാര്‍ജ് ഈടാക്കുകയോ, വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ ടോള്‍ ഫ്രീ നമ്പരില്‍ പരാതി അറിയിക്കാം. പമ്പ, നിലയ്ക്കല്‍, സന്നിധാനം തുടങ്ങിയ കേന്ദ്രങ്ങളിലെ കടകളും ടോയ്ലറ്റുകളും നമ്പര്‍ സഹിതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരാതി അറിയിക്കുമ്പോള്‍ പരാതിയുള്ള കടയുടെ നമ്പര്‍ സഹിതം പരാതിപ്പെട്ടാല്‍ പ്രസ്തുത സ്ഥാപനത്തിനെതിരെ നടപടി ഉറപ്പാക്കും. 1800-425-1606 നമ്പരിലാണ് പരാതി അറിയിക്കേണ്ടത്. പരാതി അറിയിക്കുമ്പോള്‍തന്നെ റിക്കാര്‍ഡ് ചെയ്യപ്പെടും. ഈ പരാതി പമ്പയിലെ ഡ്യൂട്ടി മജിസ്ട്രേറ്റിന് കൈമാറും. ഡ്യൂട്ടി മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ സന്ദേശം വഴി ചുമതലയുള്ള ഓഫീസര്‍മാര്‍ക്ക് പരാതി കൈമാറും. ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും പരാതി സ്വീകരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഐ.ടി മിഷനാണ് സംവിധാനത്തിനാവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തത്.












