പത്തനംതിട്ട: ഫെബ്രുവരി 24 മുതല്‍ 27 വരെ പത്തനംതിട്ട നിലയ്ക്കലില്‍ നടക്കുന്ന ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 650 താരങ്ങള്‍ പങ്കെടുക്കും. നിലയ്ക്കലില്‍ നിന്ന് ളാഹയിലേക്കുള്ള 10 കിലോമീറ്റര്‍ ദൂരമാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായാണ് ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വനമേഖലയില്‍ നടക്കുന്നത്. രാജു ഏബ്രഹാം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പ് സംബന്ധിച്ച് അവലോകന യോഗം നടന്നു. മത്സരത്തിനെത്തുന്ന താരങ്ങള്‍ക്ക് പമ്പയില്‍ നിന്ന് കുടിവെള്ളമെത്തിക്കാന്‍ യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ സംഘത്തെ ഏര്‍പ്പെടുത്തും.
പമ്പ, നിലയ്ക്കല്‍ ഗസ്റ്റ് ഹൗസുകളില്‍ താമസ സൗകര്യം ലഭിക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കും. വനം വകുപ്പിന്‍റെ മൊബൈല്‍ സ്ക്വാഡും എലിഫന്‍റ് സ്ക്വാഡും മത്സര ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. ഫയര്‍ ഫോഴ്സിന്‍റെ ഒരു യൂണിറ്റിനെ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം കത്തു നല്‍കും. മത്സരത്തിന് മുന്നോടിയായി 20 ന് വൈകിട്ട് മൂന്നിന് പെരുനാട് പഞ്ചായത്ത് ഓഫീസില്‍ പ്രാദേശിക യോഗം ചേരും.
Discussion about this post