കൊച്ചി: ഇന്ത്യയിലെ സ്‌പോര്‍ട്ട്‌സ് ഹബ്ബായി കേരളം മാറുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയതെന്ന് കായിക, വനം പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ജീവിത ശൈലിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കണമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സ്റ്റേഡിയവും നീന്തല്‍ക്കുളവും നിര്‍മ്മിക്കുന്നത്. ജീവന്‍ രക്ഷാ മാര്‍ഗം എന്ന നിലയിലും കുട്ടികളെ നീന്തല്‍ പഠിപ്പിക്കണം. എന്നാല്‍ നഗരത്തില്‍ ഫഌറ്റില്‍ താമസിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യമില്ല. ഇത്തരം പൊതു സംവിധാനുണ്ടായാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. എറണാകുളം ഒരു സ്‌പോര്‍ട്ട് ഹബ്ബാണ്. ദേശീയ ഗെയിംസിന്റെ സമയത്ത് ജില്ലയ്ക്ക് ധാരാളം സഹായങ്ങള്‍ കായിക മേഖലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. കായികമേഖലയില്‍ സര്‍വകാല റെക്കോര്‍ഡോടു കൂടിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ദേശീയ ഗെയിംസില്‍ വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായ 68 പേര്‍ക്കും സര്‍ക്കാര്‍ ജോലിക്കുള്ള ഉത്തരവ് നല്‍കി കഴിഞ്ഞു. ഇനി അവര്‍ ജോലിയില്‍ പ്രവേശിക്കുകയേ വേണ്ടൂ. ഗ്രൂപ്പ് ഇനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജേതാക്കള്‍ക്കുള്ള പ്രൈസ് മണി 13.5 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. എട്ട് ജില്ലകളിലായി 1050 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് കായിക മേഖലയിലുണ്ടായത്. ഹോക്കി താരം ശ്രീജേഷിന് ഡിഇഒ ആയി ജോലി നല്‍കി. 9 ഗ്രേഡ് പ്രൊമോഷനും നല്‍കി. റോഡിനും സ്‌റ്റേഡിയത്തിനും ശ്രീജേഷിന്റെ പേരു നല്‍കി. കായികരംഗത്ത് പരമാവധി ആളുകള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. കായിക മേഖലയില്‍ മികച്ച പരിശീലനം നല്‍കുന്നതിനുള്ള സംവിധാനമുണ്ടാകണം. വിദേശ കോച്ചുകളെ കൂടി ഇവിടെയെത്തിച്ച് നമ്മുടെ കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിന് ശ്രമങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. പനമ്പിള്ളി നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നിര്‍മ്മിക്കുന്ന സ്റ്റേഡിയം കോംപ്ലക്‌സ് 11 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. സിന്തറ്റിക് ട്രാക്ക്, ഫുട്ബാള്‍, വോളിബാള്‍, ബാസ്‌ക്കറ്റ് ബാള്‍ കോര്‍ട്ടുകള്‍, റോളര്‍ സ്‌കേറ്റിംഗ് ഫീല്‍ഡ് എന്നിവയാണ് കോംപ്ലക്‌സിലുണ്ടാകുക. കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ 17 ലോക കപ്പിന്റെ പരിശീലനത്തിനായി സ്‌കൂള്‍ ഗ്രൗണ്ട് ഉപയോഗിക്കുന്നത് പരിഗണനയിലാണ്. ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്ട്‌സ് ഹോസ്റ്റല്‍ നിലനിര്‍ത്തും. സ്‌റ്റേഡിയത്തില്‍ പൊതുജനങ്ങള്‍ക്ക് ജോഗിംഗ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്.
ബെന്നി ബെഹനാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡൊമനിക് പ്രസന്റേഷന്‍ എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ പി.ഡി. മാര്‍ട്ടിന്‍, ആന്റണി പൈനുതറ, മാലിനി ബിജു, കെ.എക്‌സ്. ഫ്രാന്‍സിസ്, ജോണ്‍സണ്‍ പാട്ടത്തില്‍, ഡേവിഡ് പറമ്പിത്തറ, ഒളിംപിക് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് ജോഷി പള്ളന്‍, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അഡ്മിനിസിട്രേറ്റീവ് അംഗം ടി.സി. മാത്യു, ജില്ല സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അനില്‍ കുമാര്‍, പനമ്പിള്ളി നഗര്‍ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.പി. ലതിക തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post