അങ്കാറ: തുര്‍ക്കിയില്‍ സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട് 6,000 പേരെ അറസ്റ്റ് ചെയ്തു. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നു നിയമമന്ത്രി ബെകിര്‍ ബോസ്ദാഗ് വ്യക്തമാക്കി. അറസ്റ്റുകളെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണെന്നാണ് മന്ത്രി പറഞ്ഞത്.
ശനിയാഴ്ച രാത്രി തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറിശ്രമം ജനകീയ സഹകരണത്തോടെ പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗന്‍ അടിച്ചമര്‍ത്തിയിരുന്നു. തലസ്ഥാനമായ അങ്കാറയില്‍ വിമതര്‍ പാര്‍ലമെന്റ് മന്ദിരം ആക്രമിച്ചു നാശംവരുത്തി. പട്ടാളവിമാനങ്ങള്‍ നഗരത്തില്‍ താഴ്ന്നു പറന്നു. ടാങ്കുകള്‍ തെരുവിലൂടെ നീങ്ങി. പലേടത്തും സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഔദ്യോഗിക ടെലിവിഷന്‍ കേന്ദ്രവും വിമതര്‍ പിടിച്ചു; ജീവനക്കാരെ ബന്ദികളാക്കി. മുഖ്യസൈന്യാധിപന്‍ ഹുലുസി അക്കറെ ബന്ദിയാക്കിയിട്ടാണു സൈനിക ഓഫീസര്‍മാര്‍ അട്ടിമറിക്കു ശ്രമിച്ചതെന്നു റിപ്പോര്‍ട്ടുണ്ട്.
രാത്രിയില്‍ പ്രസിഡന്റ് ഐഫോണിലൂടെ നടത്തിയ ട്വിറ്റര്‍ അഭ്യര്‍ഥന സ്വീകരിച്ചു ജനം തെരുവിലിറങ്ങി പട്ടാളത്തോട് ഏറ്റുമുട്ടി. 250-ലേറെപ്പേര്‍ കൊല്ലപ്പെട്ടു. അട്ടിമറിക്കു ശ്രമിച്ചവരും കൂട്ടു നിന്നവരുമായ മൂവായിരത്തോളം സൈനികരെ തടങ്കലിലാക്കി. തുര്‍ക്കി സമയം വെള്ളിയാഴ്ച പാതിരായോടെ തുടങ്ങിയ അട്ടിമറിനീക്കം ശനിയാഴ്ച നേരം വെളുത്തതോടെ പരാജയപ്പെട്ടെന്നു വ്യക്തമായി. അട്ടിമറിക്കാന്‍ ശ്രമിച്ചവരെ വധശിക്ഷയ്ക്കു വിധേയമാക്കുമെന്നു പ്രസിഡന്റ് എര്‍ദോഗന്‍ പ്രഖ്യാപിച്ചിട്ടുണ്്ട്.
അമേരിക്കയില്‍ കഴിയുന്ന മുസ്‌ലിം പുരോഹിതന്‍ ഫെത്തുള്ള ഗുലെന്‍ ആണ് അട്ടിമറിക്കു പിന്നിലെന്നു പ്രധാനമന്ത്രി യില്‍ദിറിം പറഞ്ഞു. ഗുലെന്‍ ഇതു നിഷേധിച്ചു.












