ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയിലെ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരഘടന മാറ്റി. ഹീറ്റ്‌സുകളില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്യുന്ന വള്ളങ്ങളെ ഉള്‍പ്പെടുത്തി ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ നടത്താന്‍ നെഹ്‌റു ട്രോഫി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ആലപ്പുഴ കളക്ടറേറ്റില്‍ ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസകിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
മുന്‍ എം.എല്‍.എ.മാരായ സി.കെ. സദാശിവന്‍, കെ.കെ. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഏകകണ്ഠമായി അംഗീകരിച്ചാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരഘടന മാറ്റാന്‍ തീരുമാനിച്ചത്. ഹീറ്റ്‌സ് മത്സരങ്ങളില്‍ ഏറ്റവും കുറവു സമയമെടുത്ത് ഫിനിഷ് ചെയ്ത ആദ്യ നാലു വള്ളങ്ങളെ ഫൈനലില്‍ മത്സരിപ്പിക്കും. തുടര്‍ന്ന് കുറഞ്ഞ സമയങ്ങളില്‍ ഫിനിഷ് ചെയ്ത ക്രമത്തില്‍ നാലു വള്ളങ്ങളെ വീതം ഉള്‍പ്പെടുത്തി ലൂസേഴ്‌സ്, സെക്കന്റ് ലൂസേഴ്‌സ്, തേഡ് ലൂസേഴ്‌സ് ഫൈനല്‍ മത്സരങ്ങള്‍ നടത്തും. രജിസ്റ്റര്‍ ചെയ്ത എല്ലാ ചുണ്ടന്‍ വള്ളങ്ങളെയും ഹീറ്റ്‌സില്‍ മത്സരിപ്പിക്കും.
മുമ്പ് ഹീറ്റ്‌സ് മത്സരങ്ങളില്‍ ഒന്നാമതെത്തുന്ന വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. ഹീറ്റ്‌സുകളില്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങളാണ് യഥാക്രമം ലൂസേഴ്‌സ്, സെക്കന്റ് ലൂസേഴ്‌സ്, തേഡ് ലൂസേഴ്‌സ് ഫൈനല്‍ മത്സരങ്ങളില്‍ മാറ്റുര ച്ചിരുന്നത്. സമയം അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഹീറ്റ്‌സുകളില്‍ ഒന്നാമതെത്തിയതുകൊണ്ടു മാത്രം വള്ളം ഫൈനല്‍ കാണണമെന്നില്ല. ഹീറ്റ്‌സുകളില്‍ മികച്ച സമയമെടുത്ത് ഫിനിഷ് ചെയ്യുന്ന നാലു വള്ളങ്ങളാകും ഫൈനലില്‍ മാറ്റുരയ്ക്കുക. സമയം അടിസ്ഥാനപ്പെടുത്തുമ്പോള്‍ മത്സരം വാശിയേറിയതാകും.
മത്സരം നടക്കുന്ന റേസ് കോഴ്‌സിന്റെ നീളം 1175 മീറ്ററായി കുറയ്ക്കാന്‍ തീരുമാനിച്ചു. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ഫിനിഷിങ് പോയിന്റ് നിലവിലുള്ള സ്ഥലത്തുനിന്ന് 25 മീറ്റര്‍ പുറകോട്ട്(വടക്കോട്ട്) മാറ്റിയും സ്റ്റാര്‍ട്ടിങ് പോയിന്റ് 30 മീറ്റര്‍ മുന്നോട്ട് (തെക്കോട്ട്) മാറ്റിയും സ്ഥാപിക്കും. ട്രാക്കുകളുടെ എണ്ണം നാലായി തന്നെ നിലനിര്‍ത്താന്‍ യോഗം തീരുമാനിച്ചു. ട്രാക്കുകളുടെ വീതി 10 മീറ്ററായി നിലനിര്‍ത്തും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വള്ളങ്ങളുമായോ ക്ലബുകളുമായോ ബന്ധമില്ലാത്ത വിദഗ്ധരെ മാത്രമേ ചീഫ് സ്റ്റാര്‍ട്ടര്‍, സ്റ്റാര്‍ട്ടേഴ്‌സ്, ചീഫ് അമ്പയര്‍, അമ്പയേഴ്‌സ്, ചീഫ് ടൈമര്‍, ടൈമേഴ്‌സ് തുടങ്ങിയ ഒഫീഷ്യല്‍സായി നിയോഗിക്കൂ.
അടുത്തവര്‍ഷം മുതല്‍ വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്ന സമയം രേഖപ്പെടുത്താന്‍ ഇലക്‌ട്രോണിക് ഡിജിറ്റല്‍ സംവിധാനം നടപ്പാക്കും. വള്ളങ്ങളുടെ സ്റ്റാര്‍ട്ടിങ് അറിയുന്നതിന് ഫോണ്‍ സംവിധാനത്തിനു പുറമേ സിഗ്‌നല്‍ ലൈറ്റും സൈറണും ഫിനിഷിങ് പോയിന്റില്‍ സ്ഥാപിക്കും. മത്സരങ്ങളില്‍ ഫിനിഷ് ചെയ്യാന്‍ വള്ളങ്ങളെടുത്ത സമയം കാണികള്‍ക്ക് അറിയാന്‍ ഡിജിറ്റല്‍ സ്‌കോര്‍ ബോര്‍ഡുകള്‍ ഇരുകരകളിലും സ്ഥാപിക്കും. മാസ് ഡ്രില്ലില്‍ പങ്കെടുക്കാത്ത വള്ളങ്ങള്‍ക്കും വൈകിയെത്തുന്ന വള്ളങ്ങള്‍ക്കും ബോണസ് തുകയില്‍ കുറവു വരുത്തും. സ്റ്റാര്‍ട്ടിങ് പോയിന്റില്‍ മത്സരത്തിനു മുമ്പായി തേര്‍ഡ് കോള്‍ അനൗണ്‍സ് ചെയ്ത് മൂന്നു മിനിട്ടിനകം ട്രാക്കില്‍ അണിനിരക്കാത്ത വള്ളങ്ങളുടെ ബോണസ് കുറയ്ക്കും. മൂന്നു മിനിട്ടിനകം വള്ളം ട്രാക്കില്‍ നിലയുറപ്പിച്ചില്ലെങ്കില്‍ മത്സരത്തില്‍നിന്ന് ഒഴിവാക്കും. സ്റ്റാര്‍ട്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബോണസ് കുറയ്ക്കുകയും ക്യാപ്റ്റനും ക്ലബിനുമെതിരേ നടപടി സ്വീകരിക്കുകയും ചെയ്യും.
63ാമത് നെഹ്‌റു ട്രോഫി മത്സരത്തിന്റെ ഭാഗമായുള്ള വള്ളങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്റ് ന ല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച എന്‍.റ്റി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ബോണസില്‍ ആനുപാതികമായ വര്‍ധന ഉണ്ടാകും. വിവിധ സബ്കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികള്‍ സംബന്ധിച്ച് കണ്‍വീനര്‍മാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പന്തലിന്റെയും പവിലിയന്റെയും കാല്‍നാട്ടു കര്‍മം നാളെ (27) രാവിലെ 9.30നു നടക്കും. സൊസൈറ്റി സെക്രട്ടറിയായ ആര്‍.ഡി.ഒ. ഇ. സുബൈര്‍ കുട്ടി, എ.ഡി.എം. എം.കെ. കബീര്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, മുന്‍ എം.എല്‍.എ.മാരായ സി.കെ. സദാശിവന്‍, എ.എ. ഷുക്കൂര്‍, കെ.കെ. ഷാജു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post