ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി ഓണ്‍ലൈന്‍ വിപണന കമ്പനിയായ ആമസോണ്‍ രംഗത്തെത്തി. ഖേദം പ്രകടിപ്പിച്ച് ആമസോണ്‍ അധികൃതര്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ഇന്ത്യക്കാരുടെ ദേശസ്നേഹം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിവാദമായ ഉല്‍പ്പന്നം വിപണിയില്‍ നിന്ന് പിന്‍വലിച്ചതായും ആമസോണ്‍ അധികൃതര്‍ അറിയിച്ചു.
ഇന്ത്യയുടെ ദേശീയപതാകയ്ക്ക് സമാനമായ നിറത്തിലും രൂപത്തിലും ഡോര്‍മാറ്റുകള്‍ വിറ്റതാണ് വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്. ഉല്‍പ്പന്നം അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ ആമസോണ്‍ അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനുളള മറുപടിയിലാണ് ആമസോണ്‍ അധികൃതര്‍ ഖേദപ്രകടനം നടത്തിയത്. മുന്നറിയിപ്പ് അവഗണിക്കുകയാണെങ്കില്‍ ഇന്ത്യയിലെ കമ്പനി പ്രതിനിധികളുടെ വീസ അപേക്ഷകള്‍ അംഗീകരിക്കില്ലെന്നും സുഷമ സ്വരാജ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിഷയം ആമസോണ്‍ ഉന്നതരുടെ ശ്രദ്ധയില്‍പെടുത്താന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും സുഷമ സ്വരാജ് നിര്‍ദ്ദേശം നല്‍കി. സുഷമയുടെ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യയുടെ നിലപാട് കടുപ്പിച്ചതോടെ ആമസോണ്‍ വെബ്സൈറ്റില്‍ നിന്ന് ഉല്‍പ്പന്നം പിന്‍വലിച്ചിരുന്നു. യുഎസിന്റെയും ബ്രിട്ടന്റെയും പതാകകള്‍ പതിപ്പിച്ച ഡോര്‍മാറ്റുകളും കമ്പനി വില്‍പ്പന നടത്തുന്നുണ്ട്.












