ഏകീകൃത സിവില്‍ കോഡിനായി ബി.ജെ.പി ശബ്‌ദമുയര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ മുസ്ലീം വോട്ട് ബാങ്കില്‍ കണ്ണുനട്ട കോണ്‍ഗ്രസ്സോ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളോ ഇതിന് തയ്യാറായിട്ടില്ല. ലോകത്ത് മറ്റൊരു രാജ്യത്തും വ്യത്യസ്‌ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി പ്രത്യേക സിവില്‍ നിയമം ഇല്ല. ഇസ്ലാമിക രാജ്യങ്ങളില്‍പ്പോലും പ്രത്യേക സിവില്‍ നിയമം ഇല്ലായെന്നിരിക്കെ ഭാരതത്തില്‍ മാത്രമാണ് മുസ്ലീങ്ങള്‍ പല കാര്യങ്ങളിലും ശരിയത്ത് നിയമത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നത്. മതേതര ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാഷ്‌ട്രത്തിന് ഇത് അപമാനമാണ്. അതേസമയം ക്രിമിനല്‍ കേസുകളെ സംബന്ധിച്ച് ഭാരതത്തില്‍ എല്ലാവര്‍ക്കും ഒരേ നിയമമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കാനാകില്ല. നിയമത്തിന്റെ മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണ്. എന്നാല്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍നാസര്‍ മദനിക്കെതിരെ ബാംഗ്ലൂരിലെ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ എന്തെല്ലാം കോലാഹലങ്ങളാണ് ശാസ്‌താംകോട്ടയ്‌ക്കടുത്തുള്ള അന്‍വാര്‍ശേരി കേന്ദ്രീകരിച്ച് നടക്കുന്നത്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ 31-ാം പ്രതി എന്ന നിലയിലാണ് മദനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്. വാറന്റിന്റെ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്ന് കോടതി അത് ജൂലായ് ആറുവരെ നീട്ടിയിട്ടുണ്ട്. മദനി മുന്‍കൂര്‍ ജാമ്യത്തിനായി ബാംഗ്ലൂരിലെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി അനുവദിച്ചില്ലെങ്കില്‍ നിയമം അനുശാസിക്കുന്ന പ്രകാരം മദനിയെ അറസ്റ്റ് ചെയ്‌തേ മതിയാകൂ.
മദനിയെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ല എന്ന പേരില്‍ പിഡിപി പ്രവര്‍ത്തകര്‍ അന്‍വാര്‍ശേരിയില്‍ തമ്പടിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞദിവസം മദനിയുടെ സംരക്ഷണവുമായി പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയും രംഗത്തെത്തി. അന്‍വാര്‍ശേരിയിലേക്കുള്ള വഴികളില്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് മദനിയെ അറസറ്റി ചെയ്യുന്നത് തടയാനാണ് അവരുടെ നീക്കം. ഇതൊക്കെ കാണുമ്പോള്‍ ഈ പ്രദേശം ഭാരതത്തില്‍ തന്നെയാണോ എന്ന് സംശയിച്ചുപോകുകയാണ്.
രാഷ്‌ട്രത്തിനെതിരെ ഗൂഡാലോചന നടത്തുകയും ജിഹാദിലൂടെ ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്‌തു എന്നാണ് അന്വേഷണ ഏജന്‍സി ഒടുവിലായി മദനിയുടെ പേരില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിന് ലഷ്‌കര്‍ ഇ തോയ്‌ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീറുമായി പലവട്ടം കൂടിയാലോചന നടത്തിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ബാംഗ്ലൂര്‍ സ്‌ഫോടനത്തിന് മുമ്പും പിമ്പും മദനിയുമായി ടെലിഫോണില്‍ ബന്ധപ്പെട്ടതിനും വ്യക്തമായ തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മദനിയെ പ്രതിയാക്കിയത്. എന്നാല്‍ ഏതോ ഗൂഢാലോചനയില്‍പ്പെടുത്തി മദനിയെ കുരുക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി പിഡിപിയും മനുഷ്യാവകാശത്തിന്റെ പേരില്‍ മറ്റു പലരും രംഗത്തെത്തിയിട്ടുണ്ട്.
കുറ്റാരോപിതനായ ഒരു വ്യക്തി തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കോടതിയിലാണ്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുകയും അതിനെ മാനിക്കുകയും ചെയ്യുന്നുവെന്ന് പറയുന്ന മദനി ഈ മാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടത്. മറിച്ച് നിയമവ്യവസ്ഥ പരിരക്ഷിക്കേണ്ട പോലീസിനെതിരെ വെല്ലുവിളി നടത്തിക്കൊണ്ട് മദനിയുടെ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നത് വന്‍ ഭവിഷ്യത്തിന് ഇടയാക്കും.
മദനിക്ക് വേണ്ടി ബാംഗ്ലൂര്‍ ഹൈക്കോടതിയില്‍ ഹാജരായ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിക്കു മുമ്പില്‍ ചില ഉപാധികള്‍ വച്ചു എന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. മദനിയെ അറസ്റ്റ് ചെയ്‌ത് ചോദ്യം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ജാമ്യത്തിനുള്ള അവസരമുണ്ടാക്കണമെന്നുമാണ് അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചത്. ഇതിനെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയത് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട മദനിക്ക് ഒരിക്കലും ജാമ്യം നല്‍കരുതെന്നാണ്.
ജാമ്യം നല്‍കണമെന്ന വ്യവസ്ഥ വച്ചുകൊണ്ട് അറസ്റ്റിന് വിധേയനാകാമെന്ന് പറയുന്നത് തന്നെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കലാണ്. അതീവ ഗൗരവമുള്ള കുറ്റകൃത്യത്തിലേര്‍പ്പെട്ട മദനി അറസ്റ്റിന് വഴങ്ങിക്കൊണ്ട് നിയമവ്യവസ്ഥയെ നേരിടുകയാണ് വേണ്ടത്. ജാമ്യം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.
കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ അനുഭവം ആവര്‍ത്തിക്കുമെന്ന് പറഞ്ഞുകൊണ്ട് കര്‍ണ്ണാടകപോലീസിന്റെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ മദനിക്കാവില്ല. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്‌ബയുമായി ബന്ധപ്പെട്ട് നടന്ന ഒരു സ്‌ഫോടനക്കേസിലെ പ്രതിയായ മദനിയെ നിയമസമാധാന ലംഘനം ഉണ്ടാകുമെന്ന പേരില്‍ അറസ്റ്റ് ചെയ്യാതിരിക്കാനാകില്ല. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ നീങ്ങും. ഭാരതത്തിലെ ക്രിമിനല്‍ നിയമങ്ങള്‍ എല്ലാ പൗരനും ഒരുപോലെയാണ്;അത് അബ്‌ദുള്‍ നാസര്‍ മദനിക്കുവേണ്ടി വഴിമാറില്ല.
Discussion about this post