തിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ മുന്നോടിയായുളള ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 17ന് കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിക്കും.
ശ്രീ മൂകാംബികാദേവിയുടെ ശ്രീകോവിലില്‍നിന്ന് മുഖ്യതന്ത്രി പകര്‍ന്നു നല്‍കുന്ന ജ്യോതി ശ്രീരാമദാസാശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് രഥപരിക്രമണത്തിന് തുടക്കം കുറിക്കും. ശ്രീരാമായണത്തിന്റെ ആദ്ധ്യാത്മികമായ ആന്തരികസത്ത ജനഹൃദയങ്ങളിലെത്തിക്കുക എന്ന സന്ദേശവുമായാണ് രഥയാത്ര നടത്തുന്നത്.
ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള ശ്രീരാമരഥത്തില്‍ പഞ്ചലോഹനിര്‍മ്മിതമായ ശ്രീരാമസീത ആഞ്ജനേയ വിഗ്രഹം, ശ്രീരാമപാദുകം, ചൂഡാരത്‌നം, ശ്രീരാമദാസാശ്രമ സ്ഥാപകാചാര്യന്‍ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെയും ഛായാചിത്രങ്ങള്‍ എന്നിവ നിത്യാരാധനയ്ക്കും ദര്‍ശനത്തിനുമായി ഉണ്ടാകും.
മാര്‍ച്ച് 17ന് ദക്ഷിണ കര്‍ണ്ണാടകം, 18ന് കാസര്‍ഗോഡ്, 19ന് കണ്ണൂര്‍, 20ന് വയനാട്, 21, 22 തീയതികളില്‍ കോഴിക്കോട്, 23, 24 തീയതികളില്‍ മലപ്പുറം, 25ന് പാലക്കാട് വഴി കോയമ്പത്തൂര്‍, 26ന് പാലക്കാട്-തൃശൂര്‍, 27ന് തൃശ്ശൂര്‍-എറണാകുളം 28ന് ഇടുക്കി-കോട്ടയം, 29ന് കോട്ടയം-പത്തനംതിട്ട, 30ന് ആലപ്പുഴ, 31ന് കൊല്ലം, ഏപ്രില്‍ 1ന് തിരുവനന്തപുരം കിളിമാനൂര്‍ വഴി കന്യാകുമാരി എന്നീ ജില്ലകളിലും 2ന് കന്യാകുമാരിയില്‍നിന്ന് തിരികെയെത്തി തിരുവനന്തപുരത്തും പര്യടനം നടത്തും. 3ന് ശ്രീനീലകണ്ഠപുരത്ത് പര്യടനം. രഥയാത്ര ശ്രീരാമനവമി ദിവസമായ ഏപ്രില്‍ 4ന് ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ സമാപിക്കും.
എല്ലാ ജില്ലകളിലും രഥയാത്ര സമാപനകേന്ദ്രത്തിലും ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനങ്ങള്‍ നടക്കും. മന്ത്രിമാര്‍, വിവിധ ഹൈന്ദവ സംഘടനനേതാക്കള്‍, ആദ്ധ്യാത്മികാചാര്യന്മാര്‍, വിവിധ മഠങ്ങളിലെ സന്ന്യാസി ശ്രേഷ്ഠന്മാര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക നായകന്മാര്‍ തുടങ്ങിയവര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ഏപ്രില്‍ 4 മുതല്‍ 15 വരെ ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനവും ശ്രീരാമായണ നവാഹയജ്ഞവും ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post