കൊച്ചി: ലോക ചാന്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം പി.യു.ചിത്രയെ ഒഴിവാക്കിയ വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ശക്തമാക്കുന്നു. ചിത്രയ്ക്ക് അവസരം നിഷേധിച്ചതിന്റെ കാരണം കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ച കാരണം കോടതിയെ അറിയിക്കാനാണ് ഉത്തരവ്. ചിത്രയെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് പരിശീലകന്‍ എന്‍.എസ്.സിജിന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
ലോക ചാന്പ്യന്‍ഷിപ്പിന് അത്ലറ്റുകളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങളും വിശദാംശങ്ങളും കേന്ദ്രം വെള്ളിയാഴ്ച അറിയിക്കണം. കായിക സംഘടനകളില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ. കായിക ഫെഡറേഷനുകളുടെ സാന്പത്തിക ശ്രോതസ് എവിടെ നിന്നാണ്. ഇതെല്ലാം സര്‍ക്കാരിന് കീഴില്‍ വരുന്നതാണോ. കേന്ദ്രത്തിന് ഇടപെടാമെങ്കില്‍ അത് ഏത് നിയമത്തിന്റെ പരിധിയില്‍ വരുമെന്നത് ഉള്‍പ്പടെ അറിയിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ വെള്ളിയാഴ്ച കേന്ദ്രം നല്‍കുന്ന മറുപടി പരിശോധിച്ച ശേഷം ഹര്‍ജിയില്‍ ഇടക്കാല വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
Discussion about this post