ന്യൂഡല്‍ഹി: പാചകവാതകത്തിനുള്ള സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പാവപ്പെട്ടവര്‍ക്കു എല്‍പിജി സബ്‌സിഡി തുടര്‍ന്നും നല്‍കും. അനര്‍ഹര്‍ക്കുള്ള സബ്‌സിഡിയാണ് നിര്‍ത്തലാക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നും പെട്രോളിയം മന്ത്രി സഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള സബ്‌സിഡിയാണ് തുടരുന്നത്.
അതേസമയം, സബ്‌സിഡി നിര്‍ത്തലാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധമാണുയര്‍ന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചു.
അടുത്ത വര്‍ഷം മാര്‍ച്ചോടെ എല്ലാ സബ്സിഡികളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, പാചകവാതക (എല്‍പിജി) സിലിണ്ടറിനു പ്രതിമാസം നാലുരൂപ വീതം വര്‍ധിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ മേയ് 30നു കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്കു നല്‍കിയ ഉത്തരവു ജൂണ്‍ ഒന്നിനാണു നിലവില്‍ വന്നത്. എല്‍പിജിയുടെ സബ്സിഡി നിരക്കു പ്രതിമാസം രണ്ടുരൂപ വീതം ഉയര്‍ത്താനാണു കഴിഞ്ഞവര്‍ഷം പൊതുമേഖലാ എണ്ണക്കമ്പനികളോടു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്.
സബ്സിഡി പൂര്‍ണമായും അവസാനിപ്പിക്കാനാണു പ്രതിമാസ നിരക്കുവര്‍ധന ഇരട്ടിയാക്കിയത്. ഇതു സബ്സിഡി പൂര്‍ണമായി ഇല്ലാതാകുന്നതു വരെയോ അല്ലെങ്കില്‍ അടുത്ത മാര്‍ച്ച് വരെയോ എന്നായിരുന്നു നിര്‍ദേശം. സബ്സിഡി നിരക്കില്‍ ഇപ്പോള്‍ ഓരോ വീടിനും ഒരുവര്‍ഷം 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടര്‍ വീതമാണു ലഭിക്കുക. കൂടുതല്‍ ആവശ്യമായാല്‍ വിപണിവില നല്‍കണം. സബ്സിഡി നിരക്കില്‍ പാചകവാതകം ഉപയോഗിക്കുന്നവര്‍ രാജ്യത്ത് ആകെ 18.11 കോടി വരും.
Discussion about this post