അധ്യായം – 2
ബന്ധസ്വരൂപം
ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)
“ബന്ധ ഇതി ച” എന്നു തുടങ്ങുന്ന മന്ത്രങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്. “അനാദ്യവിദ്യാവാസനയാ ജാതോളഹമിത്യാദി സങ്കല്‌പോ ബന്ധഃ” തുടക്കം നിശ്ചയിക്കാനാകാത്ത അവിദ്യാവാസനകൊണ്ട് ഞാനെന്ന ചിന്ത ഉണ്ടായിത്തീരുന്നു. ഞാന്‍ ജനിക്കുന്നു, ഞാന്‍ മരിക്കുന്നു എന്നിപ്രകാരം ഞാന്‍ എന്ന ശരീരബോധം അവിദ്യയുടെ അഥവാ അജ്ഞാനത്തിന്റെ സന്തതിയാണ്. ആത്മാവ് നിത്യനാണെന്നും ജനനമരണങ്ങള്‍ ഇല്ലാത്തതാണെന്നും, അതാണ് ഞാനെന്നവ്യക്തിയെന്നും ധരിക്കേണ്ടതിനുപകരം ശരീരത്തിലൂടെ ദൃശ്യമാകുന്ന ജനനമരണങ്ങളെ ആസ്‌പദിച്ച് ഞാന്‍ ജനിക്കുന്നു. മരിക്കുന്നു എന്ന് ചിന്തിക്കുന്നതുതന്നെ അജ്ഞാനം. ഇവിടെ ഞാന്‍ എന്ന സങ്കല്‌പം ആത്മാവിലല്ല, ശരീരത്തിലാണുറച്ചുനില്‍ക്കുന്നത്. ശീരണം അഥവാ മാറ്റത്തിന് വിധേയമായതെല്ലാം ശരീരമാണ്. അവിനാശിയായ ആത്മാവിന്റെ സ്വഭാവം നശ്വരമായ വസ്‌തുക്കള്‍ക്കില്ല. എന്നിട്ടും അനാദിയായ വാസനകൊണ്ടും വസ്‌തുബന്ധംകൊണ്ടും ജനനംമുതല്‍ മരണംവരെയുള്ള സര്‍വവും ഞാനെന്നും എന്റെയെന്നുമുള്ള സങ്കല്‌പത്തില്‍ ഒതുക്കിനിര്‍ത്തുന്നു. അവസാനം കഷ്‌ടത്തിലും നഷ്‌ടത്തിലും ദുഃഖമനുഭവിക്കുകയും ചെയ്യുന്നു.
“നൈനം ഛിന്ദന്തി ശസ്‌ത്രാണി
നൈനം ദഹതി പാവകഃ
ന ചൈനം ക്ലേശയന്ത്യാപോ
നശോഷയതി മാരുതഃ”
`ശസ്‌ത്രങ്ങള്‍കൊണ്ട് ഛേദിക്കാന്‍ കഴിയുന്നതോ, അഗ്നിയാല്‍ ദഹിപ്പിക്കാന്‍ സാധിക്കുന്നതോ, വെള്ളത്തില്‍ ലയിപ്പിക്കാവുന്നതോ, കാറ്റില്‍ ശോഷിച്ചുപോകുന്നതോ ആയ വസ്‌തുവല്ല ആത്മാവ്’ – എന്ന സത്യം ഇവിടെ വിസ്‌മൃതകോടിയില്‍പ്പെട്ടുപോയിരിക്കുന്നു. വാസനകളുടെ അമിതമായ ആക്രമണശക്തിയില്‍ ആത്മഭാവം അന്തര്‍ദ്ധാനം ചെയ്യുന്നു. തന്മൂലം അനാദിയായ അജ്ഞാനം ഇന്ദ്രിയങ്ങളിലൂടെ വിഷയബന്ധം പുലര്‍ത്തുന്നു. പഞ്ചഭൂതങ്ങള്‍ എന്ന ഉപാധികള്‍കൊണ്ട് സൃഷ്‌ടിക്കാനും സ്ഥിതിലയഭാവങ്ങളാരോപിക്കാനും കഴിയാത്ത ആത്മഭാവമാണ് ശ്രീകൃഷ്‌ണപരമാത്മാവ് ഗീതയില്‍ ഉപദേശിച്ച മേല്‍പറഞ്ഞ വചനങ്ങള്‍ വ്യക്തമാക്കുന്നത്. ബാഹ്യമായും ആഭ്യന്തരമായും സംഭവിക്കുന്ന അധ്യാസദോഷങ്ങള്‍ സ്ഥൂലം, സൂക്ഷ്‌മം, കാരണം എന്നീ ശരീരത്രയത്തിലൂടെ അജ്ഞാനവിഷയമായി സംക്രമിക്കുന്നു. തന്മൂലമുണ്ടാകുന്ന ബന്ധങ്ങളെ അറിഞ്ഞൊഴിവാക്കാന്‍ മഹദ്‌വചനങ്ങള്‍ പ്രയോജനപ്പെടുന്നു. സൂക്ഷ്‌മ ശരീരത്തിലേയും കാരണശരീരത്തിലേയും ഭോഗോപകരണങ്ങളും പശ്ചാത്തലവും കാരണശരീരത്തിലേയും ഭോഗോപകരണങ്ങളും പശ്ചാത്തലവും എന്തെല്ലാമെന്ന് തുടര്‍ന്ന് വ്യക്തമാക്കുന്നത് സാധകനും ഉപാസകനും അതീവപ്രയോജനകരമാണ്.
“പിതൃമാതൃസഹോദരദാരാപത്യഗൃഹാരാമക്ഷേത്രമ്മതാസംസാരാവരണസങ്കല്‌പോ ബന്ധഃ” – പിതാവ്, മാതാവ് സഹോദരന്‍, ഭാര്യ, കുഞ്ഞുങ്ങള്‍, ഗൃഹം, ആരാമം, ക്ഷേത്രം എന്നിവകളോടു മമതാബോധം (മേല്‍പറഞ്ഞവയെല്ലാം എന്റേതാണെന്നുള്ള ചിന്ത) സംസാരദുഃഖത്തെ സൃഷ്‌ടിക്കുകയും ജ്ഞാനത്തെ മറയ്‌ക്കുകയും ചെയ്യുന്ന ആവരണമാണ് – അതുകൊണ്ട് മേല്‍പറഞ്ഞ സങ്കല്‌പങ്ങളെല്ലാം ബന്ധോപാധികള്‍തന്നെയാണ്. ഇവിടെ സാധകനും സാധാരണക്കാരനും തമ്മിലുള്ള അന്തരം അധ്യാത്മവിഷയത്തില്‍ ശ്രദ്ധേയമാണ്. അധ്യാത്മവിഷയത്തിലേക്ക് തിരിയുന്നവന്‍ തന്റെ അച്ഛനോടും അമ്മയോടും ബന്ധുക്കളോടുമുള്ള കര്‍ത്തവ്യത്തില്‍ നിന്ന് പിന്തിരിഞ്ഞോടുന്നവനാണെന്നും സ്വാര്‍ത്ഥതയ്‌ക്കു വേണ്ടി തപസ്സനുഷ്‌ഠിക്കുന്നവനാണെന്നുമുള്ള അപവാദത്തിനിടയുണ്ട്. മറുഭാഗം സാധാരണക്കാരന്റേതാണ്. മനുഷ്യനെ സാമൂഹികജീവിയായി ചിത്രീകരിച്ചുകൊണ്ട് സമൂഹത്തിന്റെ സേവനത്തിനും പ്രയോജനത്തിനുമപകരിക്കുന്ന ഒരു വ്യക്തിത്വമാണ് ഇന്നത്തെ വ്യവസ്ഥ ശ്ലാഘനീയമായി കരുതുന്നത്. മറുഭാഗത്ത് സേവനമില്ലെന്ന അപവാദമാണ് സാധാരണക്കാരനോട് കൂറുപ്രഖ്യാപിക്കാന്‍ കൂടുതല്‍ പ്രേരണ നല്‍കുന്നത്. എന്തെന്നാല്‍ സാധാരണക്കാരില്‍ അനേകരുടെ അവസ്ഥ കരതലാമലകം പോലെ സ്‌പഷ്‌ടമാണ്. അധ്യാത്മരാമായണമഹാഗ്രന്ഥം ഇത്തരക്കാരെ വിരല്‍ചൂണ്ടി നിരൂപണം ചെയ്യുന്നുണ്ട്.
“ജാതിനിന്ദിതന്‍ പരസ്‌ത്രീധനഹാരി പാപി
മാതൃഘാതകന്‍ പിതൃഘാതകന്‍ ബ്രഹ്മഹന്താ
യോഗിവൃന്ദാപകാരി സുവര്‍ണസ്‌തേയി ദുഷ്‌ടന്‍
ലോകനിന്ദിതനേറ്റം…….. ” എന്നീപ്രകാരം സമൂഹത്തില്‍ നിഷേധിക്കപ്പെടേണ്ടവനെപ്പോലും ഉപാസനാമാര്‍ഗങ്ങളിലൂടെ സംശുദ്ധമാക്കുന്ന കര്‍ത്തവ്യം സേവനമല്ലെന്ന് പറയാനുകുമോ?
കാട്ടാളനെ മഹാമനീഷിയാക്കിയ രാമമന്ത്രത്തിന്റെ പ്രാധാന്യം ഇവിടെ വിസ്‌മരിക്കാനാവുകയില്ല. ലോകത്തുണ്ടായ ആദ്യഗ്രന്ഥമെന്ന് പ്രഖ്യാതി നേടിയ വാല്‌മീകിരാമായണം കാട്ടാളത്തത്തിന്റെ കറകളഞ്ഞ് മനുഷ്യത്വത്തിനിണക്കിയെടുത്ത മഹത്വം അധ്യാത്മസാധനയുടേതാണെന്നുള്ള സത്യം മറക്കുന്നത് ഔചിത്യമല്ല. സോഷ്യലിസ്റ്റ് ചിന്താഗതിക്കോ മറ്റു രാഷ്‌ട്രീയ പ്രബന്ധങ്ങള്‍ക്കോ ഉപഭോഗസംസ്‌കാരത്തിനോ മെരുക്കിയെടുക്കാന്‍ കഴിയാത്ത അനേകരെ ഇരുമ്പഴിക്കുള്ളിലും കല്ലറകളിലും സൂക്ഷിക്കുമ്പോള്‍ കാട്ടാളനെ തപസ്സിനിരുത്തിയ സംസ്‌കാരത്തിന്റെ ആത്മബലം അനിഷേധ്യമാണെന്ന വസ്‌തുത അവിതര്‍ക്കമാണ്. ജയിലറകളിലേക്ക് കണ്ണോടിക്കുമ്പോള്‍ കാണുന്ന വൈകൃതങ്ങള്‍ മനുഷ്യമനസ്സന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലുമ്പോഴും കാണാവുന്നവയാണ്. വാസനയുടെ വൈവിധ്യങ്ങളാണ് മനസ്സിന്റെ ഇരുമ്പഴിക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്നത്. സ്ഥൂലലോകത്തിന്റെ സമ്മര്‍ദ്ദംകൊണ്ടും ഇന്ദ്രിയങ്ങളുടെ ബലംകൊണ്ടും തള്ളിത്തുറക്കപ്പെടുന്ന മനുഷ്യമനസ്സിന്റെ ഇരുമ്പുകവാടങ്ങള്‍ പുറത്തുവിടുന്ന അധ്യാസശക്തികള്‍ രാവണാദികളെക്കാളും നിഷ്‌കര്‍ഷയുള്ള ചിന്താമണ്ഡലത്തില്‍ പടുത്തുയര്‍ത്തുന്ന ലങ്കാഗോപുരങ്ങള്‍ സൃഷ്‌ടിക്കുന്നവയാണ്. അച്ഛുനമ്മമാരെ ദ്വേഷിക്കുക. സ്‌ത്രീകളുടെ സമ്പത്തും ചാരിത്ര്യവും അപഹരിക്കുക, ഉപകാരം ചെയ്‌തവരെ നിന്ദിക്കുക, പരധനം അപഹരിക്കുക, ബഹുമാനിക്കേണ്ടവരെ അപമാനിക്കുക, തുടങ്ങി സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന അസംബന്ധങ്ങളും അസ്വാരസ്യങ്ങളും അധ്യാത്മാര്‍ഗചാരിയുടേതല്ല. മനസ്സെന്ന മര്‍ക്കടിയുടെ ഉപജാപചാപല്യങ്ങള്‍ക്ക് വിഷയമായ സമൂഹത്തിന്റെ അപകടം പരിഹരിക്കുന്നതിന് മറ്റൊരു മാര്‍ഗവും നിര്‍ദ്ദേശിക്കുന്നതിനിതേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മനോമാലിന്യങ്ങളെ ചിന്തകൊണ്ടും വാക്കുകൊണ്ടും, പ്രവര്‍ത്തികൊണ്ടും നീക്കം ചെയ്യുന്ന അതിമഹത്തായ മാര്‍ഗമൊന്നുമാത്രമാണ് സമൂഹത്തിലെ തിന്മകള്‍ക്ക് പരിഹാരം. “മമതാ സംസാരാവരണസങ്കല്‌പോ ബന്ധ:” എന്ന് സമര്‍ത്ഥിച്ചിരിക്കുന്നത് സാധകനേക്കാള്‍ സാധാരണക്കാരനാണ് ആവശ്യമായിട്ടുള്ളത്. ജലസംഭരണിയിലെ ജലം ദുഷിച്ചാലുള്ള ദോഷം അനേകരെ ബാധിക്കുന്നതുപോലെ മനസ്സില്‍ സംഭരിച്ചിരിക്കുന്ന ദോഷം, സ്ഥൂലം, സൂക്ഷ്‌മം, കാരണം ഈ മൂന്നു ശരീരത്തെയും ബാധിക്കുന്നു. അധ്യാത്മപഠനവും സാധനയും ശീലിക്കുന്നവനെ ഈ ദോഷം ബാധിക്കുന്നേയില്ല.
“കര്‍ത്തൃത്വാദ്യഹങ്കാരസങ്കല്‌പോ ബന്ധ:” ശരീരാഭിമാനം കൊണ്ട് നിലനില്‍ക്കുന്ന ഞാനെന്നബോധം സൃഷ്‌ടിക്കുന്ന അപകടങ്ങളും അനിഷ്‌ടതയും മേല്‍പറഞ്ഞ ഭാഗങ്ങളില്‍ പ്രസ്‌താവിച്ചിട്ടുണ്ട്. ഞാനെന്നഭാവമുണ്ടാകരുതേ എന്നും “തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി തോന്നേണമേ” എന്നു പ്രാര്‍ത്ഥിക്കുന്നിടത്ത് വ്യത്യസ്‌തങ്ങളായ അഹംബോധമാണ് ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നത്.
“യസ്‌തു സര്‍വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വഭൂതേഷു ചാത്മാനം
താതോ ന വിജുഗുപ്‌സതേ”. – തന്നില്‍ സര്‍വഭൂതങ്ങളേയും സര്‍വഭൂതങ്ങളിലും തന്നെയും കാണുന്ന അഹംബുദ്ധിയെപ്പറ്റിയാണ് “തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി”യായി പ്രസ്‌താവിച്ചിരിക്കുന്നത്. ആദ്യ സങ്കല്‌പത്തില്‍ എല്ലാം എന്റേതാണെന്നുള്ള ബോധവും (എല്ലാം എന്നിലാണെന്ന ബോധവും ഉറച്ചുനില്‍ക്കുന്നു. അഹംബുദ്ധി ജനിപ്പിക്കുന്ന `ഞാന്‍’. `എന്റെ’യെന്നുമുള്ള സ്വാര്‍ത്ഥതയെ ജനിപ്പിക്കുമ്പോള്‍ സര്‍വവും ആത്മസ്ഥമായിക്കാണുന്ന ഞാന്‍ നിസ്വാര്‍ത്ഥതയും നിസ്സംഗത്വവും വളര്‍ത്തുന്നു. ഞാന്‍ പുണ്യം ചെയ്‌തവനാണ്, പാപം ചെയ്‌തവനാണ്, സേവനം കൊടുത്തവനാണ്, സംരക്ഷിച്ചവനാണ് എന്നിപ്രകാരമുള്ള അഹംബുദ്ധി വിവിധവികാരങ്ങളെ സൃഷ്‌ടിച്ച് സുഖദുഃഖങ്ങള്‍ക്ക് കാരണമായിത്തീരുന്നു. സുഖദുഃഖങ്ങളുടെ സമ്മിശ്രഭാവത്തില്‍ നിന്നും അവസാനമായി അനുഭവിക്കുന്നത് ദുഃഖം മാത്രമാണ്. നശ്വരമായ വസ്‌തുക്കളെ ആശ്രയിച്ച് കര്‍മംചെയ്യുന്ന ഞാന്‍ (അഹംബുദ്ധി), മേല്‍പറഞ്ഞ ദുഃഖഫലങ്ങള്‍ അനുഭവിക്കുമ്പോള്‍ ഈശ്വരനേയോ ആത്മാവിനേയോ ആശ്രയിച്ച് കര്‍മം ചെയ്യുന്നവന്‍, സുഖത്തെമാത്രം അനുഭവിക്കുന്നു. അതകൊണ്ട് ദുഃഖകാരണമായ കര്‍ത്തൃത്വാദ്യാഹങ്കാരസങ്കല്‌പം ബന്ധമാണെന്ന് സമര്‍ത്ഥിക്കുന്നു.
“അണിമാദ്യഷ്‌ടൈശ്വര്യാശാസിദ്ധസങ്കല്‌പോ ബന്ധഃ” ഉപാസനയായാലും സാധനാചതുഷ്‌ടമായാലും മറ്റ് യോഗമാര്‍ഗപരിശീലനങ്ങളായാലും സാധനയുടെ മാര്‍ഗത്തില്‍ സംഭവിക്കുന്ന അതിസൂക്ഷ്‌മമായ അപകടമാണ് മേല്‍പറഞ്ഞ ആപ്‌തവാക്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അണിമ, മഹിമ, മഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്‌തി, പ്രാകാശ്യം എന്നിവയാണ് അഷ്‌ടൈശ്വര്യസിദ്ധികള്‍. ഇവകളില്‍നിന്ന് വ്യത്യസ്‌തമായി `ഭൂതജയം’ തുടങ്ങിയ അനേകം സിദ്ധിവിശേഷങ്ങള്‍ വേറെയുമുണ്ട്. സാധനയുടേയോ തപസ്സിന്റേയോ ആത്യന്തികഫലം മോക്ഷമാണെന്ന് മറന്നിട്ട് സിദ്ധിവലയില്‍ കുടുങ്ങുന്നവര്‍ ധാരാളമുണ്ട്. സിദ്ധികള്‍ സൂക്ഷ്‌മലോകത്തെ ഭോഗങ്ങളാണ്. അവയെ ഉപയോഗിക്കുമ്പോള്‍ സ്ഥൂലലോകവുമായുള്ള ബന്ധം മുക്തിക്കുപകരം ഭുക്തിയെ ആശ്രയിക്കുന്നു. ഖ്യാതിയിലുള്ള അമിതമായമോഹം ഒന്നിനോടൊന്ന് ബന്ധപ്പെട്ട് ക്രമേണ അധഃപതനത്തിന് കാരണമാകുന്നു. അനേകജന്മങ്ങള്‍കൊണ്ടുപോലും കരകയറാനാകാത്ത ബന്ധങ്ങളെ സൃഷ്‌ടിച്ചുകൊണ്ട് മുക്തിമാര്‍ഗത്തെ തടസ്സപ്പെടുത്തുന്നു. സൂക്ഷ്‌മലോകഭോഗത്തില്‍നിന്നും സ്ഥൂലലോകത്തിന്റെ ഭോഗത്തിലേക്ക് ക്രമേണ അധഃപതിക്കുന്ന ജീവന് മുക്തിയെന്ന ലക്ഷ്യം സ്വായത്തമാക്കാന്‍ കഴിയുന്നില്ല. സിദ്ധികളില്‍ ഭ്രമിക്കരുതെന്നും അവ അധഃപതനകാരണമാണെന്നുമുള്ള ആചാര്യോപദേശം സ്‌മരണീയമാണ്. അതുകൊണ്ട് അണിമാദ്യഷ്‌ടൈശ്വര്യങ്ങള്‍ ഉണ്ടാകണമെന്ന സങ്കല്‌പം ബന്ധമായിത്തന്നെ കരുതുന്നു.
(തുടരും)
Discussion about this post