തിരുവനന്തപുരം: വോട്ടെടുപ്പിനായുള്ള എല്ലാ സന്നാഹങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു. 2,31,47,871 പേരാണ് വോട്ടര്‍പട്ടികയിലുള്ളത്. ഇതില്‍ 1.20 കോടി പേര്‍ വനിതകളാണ്. 20,758 ബൂത്തുകളിലും 27 ഉപബൂത്തുകളിലുമായാണ് വോട്ടെടുപ്പ് നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് പോളിങ് സാമഗ്രികള്‍ വിതരണം തുടങ്ങി. രാവിലെ എട്ട് മണി മുതലാണ് പോളിങ് സാമഗ്രികള്‍ എത്തിച്ചുതുടങ്ങിയത്. 3703 പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
നിലവിലെ സ്ഥിതിയനുസരിച്ച് 3703 പ്രശ്‌നസാധ്യതാ ബൂത്തുകളുണ്ട്. ഇതിന്റെ എണ്ണം ഇനിയും വര്‍ധിക്കാം. കണ്ണൂരിലാണ് ഇത്തരത്തിലുള്ള ഏറ്റവുമധികം ബൂത്തുകള്‍ ; 1257 എണ്ണം. കാസര്‍കോട്-377, കോഴിക്കോട്- 672, തിരുവനന്തപുരം-375, കൊല്ലം-280, വയനാട്- 63, മലപ്പുറം-158, പത്തനംതിട്ട-115, ആലപ്പുഴ-252, കോട്ടയം-33, ഇടുക്കി-67, എറണാകുളം-167, തൃശ്ശൂര്‍-106, പാലക്കാട്-294 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പ്രശ്‌നസാധ്യതാ ബൂത്തുകളുടെ എണ്ണം. ഇവയിലെ 93 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ നാല്‍പ്പതിനായിരത്തിലധികം വരുന്ന പോലീസ് സേനാംഗങ്ങളെക്കൂടാതെ 40 കമ്പനി കേന്ദ്രസേനയും ക്രമസമാധാന പാലനത്തിനായി വിന്യസിച്ചിട്ടുണ്ട്. കണ്ണൂരില്‍ മാത്രം 10 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
ടി.വി.ചാനലുകളിലും റേഡിയോ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലും സ്ഥാനാര്‍ഥികളുടെയോ രാഷ്ട്രീയപ്പാര്‍ട്ടികളുടേയോ പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ പാടില്ല. എന്നാല്‍ അച്ചടിമാധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധപ്പെടുത്തുന്നതിന് വിലക്കില്ല. ചാനലുകളില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളെ കര്‍ശനമായി നിരീക്ഷിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ഒന്നേകാല്‍ ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 90 ശതമാനത്തോളം പേര്‍ പുരുഷന്‍മാരാണ്. അഞ്ഞൂറ് വോട്ടര്‍മാരുള്ള ബൂത്തില്‍ ഒരു പ്രിസൈഡിങ് ഓഫീസറും ഒരു പോളിങ് ഓഫീസറുമുണ്ടാകും. അഞ്ഞൂറുമുതല്‍ 1200 വരെ വോട്ടര്‍മാരുള്ള സ്ഥലങ്ങളില്‍ മൂന്ന് പോളിങ് ഓഫീസര്‍മാരുണ്ടാകും. 1200 ന് മുകളില്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ നാലുപോളിങ് ഓഫീസര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ഓരോ മണ്ഡലത്തിലും ഒരു മൈക്രോ നിരീക്ഷകനുമുണ്ടാകും. സംസ്ഥാനാടിസ്ഥാനത്തില്‍ 47 പൊതുനിരീക്ഷകരും 27 ചെലവ് നിരീക്ഷകരും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുമണിക്കൂര്‍ ഇടവിട്ട് ബൂത്തിലെ സ്ഥിതിഗതികള്‍ തിരഞ്ഞെടുപ്പ് ഓഫീസറെ എസ്.എം.എസിലൂടെ അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post