മോസ്‌കോ: റഷ്യയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന സരടോവ് എയര്‍ലൈന്‍സിന്റെ അന്റോനോവ് എ.എന്‍148 വിമാനം തകര്‍ന്ന് 71 പേര്‍ മരിച്ചു. ദൊമോദെദോവോ വിമാനത്താവളത്തില്‍നിന്ന് ഓര്‍ക്‌സിലേക്ക് പോകുകയായിരുന്ന വിമാനം മോസ്‌കോയ്ക്ക് സമീപമാണ് തകര്‍ന്നുവീണത്. 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിലാരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് റഷ്യന്‍ അടിയന്തര സേവനവിഭാഗത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.
പറന്നുയര്‍ന്ന് രണ്ടുമിനുട്ടിനുള്ളില്‍ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായി. തീപിടിച്ചവിമാനം താഴേക്കുപതിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. മഞ്ഞില്‍ ചിതറിക്കിടക്കുന്നവിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ റഷ്യന്‍ ടെലിവിഷന്‍ പുറത്തുവിട്ടിട്ടുണ്ട്. അപകടകാരണം എന്തെന്ന് പരിശോധിച്ചുവരികയാണ്.
Discussion about this post