എന്തൊക്കെയോ സംഭവിച്ചേക്കുമെന്ന തരത്തില്‍ ആരംഭിച്ച ഇന്ത്യാ-പാക് വിദേശകാര്യ മന്ത്രിതല ചര്‍ച്ച ഒടുവില്‍ ഒന്നുമാകാതെ അവസാനിച്ചുവെന്ന് മാത്രമല്ല ഭാരതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും പാകിസ്ഥാന്‍ ശ്രമിച്ചു. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിച്ചത് തന്നെ ഭാരതത്തിന്റെ വിശാല മനസ്‌കത കൊണ്ടാണ്. കഴിഞ്ഞ ഏപ്രിലില്‍ ഭൂട്ടാനിലെ തിംപുവില്‍ ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണയായത്. അതിന്റെ അടിസ്ഥാനത്തില്‍ വിദേശകാര്യ മന്ത്രിതല ചര്‍ച്ചയ്‌ക്ക് മുന്നോടിയായി സെക്രട്ടറിതല ചര്‍ച്ചയും നടന്നിരുന്നു.
പാകിസ്ഥാന്‍ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു അയല്‍ക്കാരനാണെന്ന് പലവട്ടം തെളിഞ്ഞതാണ്. എന്നിട്ടും സമാധാനത്തിന്റെ പാതയിലൂടെ മാത്രം നീങ്ങുന്ന ഭാരതം ദക്ഷിണ പൂര്‍വേഷ്യയിലെ സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി ഇന്ത്യ-പാക് ചര്‍ച്ചയിലൂടെ പുതിയൊരു യുഗത്തിലേക്ക് ഇരുരാജ്യങ്ങള്‍ക്കും കടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമായാണ് വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായത്. അതിനെ ആ അര്‍ത്ഥത്തില്‍ കാണാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല എന്നാണ് ഇപ്പോള്‍ തെളിയുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാര്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ ആണ്‌്. ഈ ആക്രമണത്തിലെ പ്രതികളെ പിടികൂടി നടപടിയെടുക്കുന്നതുവരെ ചര്‍ച്ച വേണ്ടായെന്ന തീരുമാനത്തില്‍ നിന്ന് മാറി ചിന്തിച്ചത് യു.എസ്.പ്രസിഡന്റ് ബറാക് ഒബാമയുടെ ഇടപെടല്‍ മൂലമാണ്. യുഎസി ല്‍ പിടിയിലായ ഹെഡ്‌ലിയില്‍ നിന്ന് മുംബൈ ഭീകരാക്രമണത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്‌തുതകള്‍ എഫ്.ബി.ഐയ്‌ക്ക് ലഭിച്ചിരുന്നു. ഇതില്‍ പാക് ചാര സംഘടനയുടെ പങ്കും വ്യക്തമാണ്. എന്നിട്ടും ഇതൊക്കെ അറിയാമായിരുന്ന ബരാക് ഒബാമയുടെ വാക്കുകള്‍ മാനിച്ചുകൊണ്ടാണ് പാകിസ്ഥാനുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് ശരിയായ നടപടിയല്ലെന്നും ഭാരതത്തിന്റെ വിട്ടുവീഴ്‌ചാ മനോഭാവത്തെ മുതലാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുമെന്നും പ്രതിപക്ഷ കക്ഷിയായ ബിജെപി മാത്രമല്ല പല നയതന്ത്ര വിദഗദ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ സംഭവിച്ചത് അങ്ങനെ തന്നെയാണ്.
സുതാര്യവും ആത്മാര്‍ത്ഥവും സത്യസന്ധവുമായ നിലയില്‍ ചര്‍ച്ച നടന്നെന്ന് വ്യാഴാഴ്‌ച സംയുക്ത പത്ര സമ്മേളനത്തില്‍ പറഞ്ഞ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി 24 മണിക്കൂര്‍ കഴിയും മുമ്പ് മലക്കം മറിഞ്ഞുകൊണ്ട് പാകിസ്ഥാന്റെ പഴയ നിലപാടുകളിലേക്ക് തിരിച്ചുപോയി. ഐ.എസ്.ഐയുടെയും പാക് സൈന്യത്തിന്റെയും ഇടപെടല്‍ മൂലമാണ് അത്തരത്തില്‍ അദ്ദേഹത്തിന് മലക്കം മറിയേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത് ശരിയാവാനാണ് സാധ്യത.
ഇന്ത്യ-പാക് ബന്ധം നല്ല നിലയിലാകാന്‍ ഒരിക്കലും ആഗ്രഹിക്കുന്നവരല്ല ഐ.എസ്.ഐയും പാക് സൈന്യത്തെ നിയന്ത്രിക്കുന്നവരും. അവിടെ ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുകയും ഇന്ത്യ- പാക് ബന്ധങ്ങള്‍ മെച്ചമാകുകയും ചെയ്‌താല്‍ അത് ഭീകരവാദത്തിന്റെ അവസാനത്തിന്റെ ആരംഭമാകുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഏത് നീക്കത്തെയും മുളയിലെ ചെറുക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് പതിറ്റാണ്ടുകളായി ഐ.എസ്.ഐയും പാക് പട്ടാളവും ചെയ്‌തുവരുന്നത്.
സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയെക്കുറിച്ച് പാക് വിദേശകാര്യമന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ ഭാരതത്തില്‍ വന്‍ പ്രതിഷേധമാണുണ്ടായിരിക്കുന്നത്. പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്‌ബയുടെ നേതാവ് ഹഫീസ് സെയ്‌ദിനോടാണ് പിള്ളയെ ഖുറേഷി ഉപമിച്ചത്. ഹഫീസ് സെയ്‌ദ് നടത്തുന്ന പ്രസ്‌താവനയ്‌ക്കെതിരെ എന്ത് നടപടിയാണ് പാകിസ്ഥാന്‍ സ്വീകരിക്കുന്നത് എന്ന ചോദ്യത്തിനാണ്, എങ്കില്‍ ജി.കെ.പിള്ളയുടെ കാര്യവും പറയേണ്ടിവരുമെന്ന് ഖുറേഷി പറഞ്ഞത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രസ്‌താവന അനാവശ്യമായിരുന്നുവെന്ന് തങ്ങള്‍ക്ക് യോജിപ്പാണെന്ന് ഖുറേഷി പറഞ്ഞിട്ടും തൊട്ടടുത്തിരുന്ന എസ്.എം. കൃഷ്‌ണ മൗനം പാലിച്ചുവെന്നത് ഭാരതീയരെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല വേണ്ടത്ര തയ്യാറെടുപ്പോടെയല്ല എസ്.എം.കൃഷ്‌ണ ചര്‍ച്ചയ്‌ക്കെത്തിയതെന്നും പറഞ്ഞുകൊണ്ട് ഖുറേഷി ഭാരതത്തെ താഴ്‌ത്തിക്കെട്ടാന്‍ ശ്രമിച്ചു. എന്നിട്ടും എസ്.എം.കൃഷ്‌ണ ഒരുവാക്ക് പോലും ഉരുവിട്ടില്ലായെന്നത് ലജ്ജാകരമെന്നല്ലാതെ എന്തു പറയാന്‍.
പാക്കിസ്ഥാന്റെ നിലപാട് വര്‍ഷങ്ങളായി തുടരുന്ന തലത്തില്‍ നിന്ന് ഒരടിപോലും മുന്നോട്ടുപോയിട്ടില്ലെന്നാണ് ചര്‍ച്ച തെളിയിക്കുന്നത്. അവര്‍ക്ക് അതിനുള്ള താല്‍പ്പര്യം ഇല്ലായെന്ന് തന്നെയാണ് അനുമാനിക്കേണ്ടത്. അഥവാ ഭാരതവുമായി സൗഹാര്‍ദ്ദപരമായ സഹവര്‍ത്തിത്വം വേണമെന്ന് പാക്കിസ്ഥാനില്‍ ജനാധിപത്യപ്രക്രിയയുടെ ഭാഗമായി നില്‍ക്കുന്ന നേതാക്കള്‍ക്കും വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ഉണ്ടെങ്കില്‍ തന്നെ പ്രബലരായ ഐ.എസ്.ഐയും പാക് പട്ടാളവും അതിന് ഒരിക്കലും സമ്മതിക്കില്ല. ഭരണത്തിന്റെ രുചി ആവോളം നുകര്‍ന്ന ഇരുകൂട്ടര്‍ക്കും നിലനില്‍ക്കണമെങ്കില്‍ ഇന്ത്യ ശത്രുപക്ഷത്ത് വേണം. ഈ ആഗ്രഹം മാറാത്തിടത്തോളം ഇന്ത്യ-പാക് ചര്‍ച്ചകള്‍ വിഫലമാകുകയേ ഉള്ളൂ.
Discussion about this post