വില്‍മിംഗ്ടണ്‍: യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്‌ളോറന്‍സ് കൊടുങ്കാറ്റിനെത്തുടര്‍ന്നു കടല്‍ക്ഷോഭവും പ്രളയവും ജനജീവിതം താറുമാറാക്കി. നോര്‍ത്ത് കരോളൈനയിലെ വില്‍മിംഗ്ടണിനു സമീപം റൈറ്റ്‌സ്വില്‍ ബീച്ചിലാണ് ചുഴലി ആദ്യം കരയില്‍ ആഞ്ഞടിച്ചത്. കടല്‍ജലം ഇരച്ചുകയറി തെരുവുകള്‍ വെള്ളത്തിലായി. കനത്ത മഴ തുടരുകയാണ്.
സാധാരണ എട്ടുമാസം കൊണ്ടു പെയ്തു തീരേണ്ട മഴ രണ്ടോ മൂന്നോ ദിവസത്തിനകം നോര്‍ത്ത് കരോളൈനയില്‍ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതര്‍ പറഞ്ഞു. കരയിലെത്തിയതോടെ ശക്തി കുറഞ്ഞ് കാറ്റഗറി ഒന്നിലേക്കു ചുരുങ്ങിയെങ്കിലും ഫ്‌ളോറന്‍സ് ദിവസങ്ങളോളം നീണ്ടുനിന്ന് കനത്ത നാശം വിതയ്ക്കുമെന്ന് നോര്‍ത്ത് കരോളൈന ഗവര്‍ണര്‍ റോയി കൂപ്പര്‍ പറഞ്ഞു. പതിനേഴു ലക്ഷം പേര്‍ക്ക് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ന്യൂബേണ്‍ നഗരത്തില്‍ വീടുമാറാത്ത 200ല്‍ അധികം പേരെ പ്രളയജലത്തില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടിവന്നു. ഇനിയും ഏറെപ്പേര്‍ ഇവിടെ കുടുങ്ങിക്കിടപ്പുണ്ട്. ജാക്‌സണ്‍വില്ലില്‍ ഒരു ഹോട്ടലില്‍നിന്ന് 60 പേരെ രക്ഷിച്ചു. പലേടത്തും കെട്ടിടങ്ങള്‍ തകര്‍ന്നു. നോര്‍ത്ത്, സൗത്ത് കരോളൈനകളിലെ അഞ്ചുലക്ഷം ഉപയോക്താക്കള്‍ക്ക് വൈദ്യുതിയില്ല. ഒരു ആണവനിലയം അടച്ചു. ഇരു സംസ്ഥാനങ്ങളിലുമായി 26000 പേരെ 200 ക്യാമ്പുകളിലായി പാര്‍പ്പിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി 4000 നാഷണല്‍ഗാര്‍ഡുകള്‍ രംഗത്തുണ്ട്. ഇതിനു പുറമേ നാല്പതിനായിരം വൈദ്യുതി ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. 1100 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഇരു കരോളൈനകളിലും വിര്‍ജിനിയയിലും നേരത്തെ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.
Discussion about this post