ലക്‌നോ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മാണത്തിനായി രണ്ട് സ്ഥലങ്ങള്‍ ഇതിനോടകം പരിശോധിച്ചു കഴിഞ്ഞെന്നും ഭരണഘടനാ തത്വങ്ങള്‍ പാലിച്ച് ക്ഷേത്രം നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തിരമായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്‍എസ്എസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നിലപാട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതേസമയം, ക്ഷേത്ര നിര്‍മാണം എങ്ങനെ സാധ്യമാകുമെന്ന് യോഗി വ്യക്തമാക്കിയിട്ടില്ല. കോടതി വിധിയിലൂടെയാണോ ഒത്തുതീര്‍പ്പിലൂടെയാണോ ക്ഷേത്രം നിര്‍മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞില്ല. അയോധ്യയില്‍ ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.













Discussion about this post