ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളിലടിച്ച സുനാമിത്തിരകള്‍ കുറഞ്ഞത് 222 പേരുടെ ജീവനെടുത്തു. 843 പേര്‍ക്കു പരിക്കേറ്റു. മുപ്പതോളം പേരെ കാണാതായി. മരണസംഖ്യ ഉയരുമെന്നാണു സൂചനകള്‍. പണ്ടിംഗ്ലാംഗ് ജില്ലയിലെ തീരങ്ങളില്‍ സുനാമിത്തിരകള്‍ ആഞ്ഞടിക്കുന്നതുവരെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ഇന്തോനേഷ്യന്‍ ദേശീയ ദുരന്തനിവാരണ ഏജന്‍സി മേധാവി അറിയിച്ചു. അനാക് ക്രാക്കത്തുവ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ സമുദ്രാടിത്തട്ടിലെ മണ്ണിടിഞ്ഞതാണ് സുനാമിക്കു കാരണമെന്നു കരുതുന്നു. ജാവ, സുമാത്ര ദ്വീപികള്‍ക്കിടയിലെ സുണ്ട കടലിടുക്കിലുള്ള ബീച്ചുകളിലാണു കൂടുതല്‍ നാശനഷ്ടമുണ്ടായത്. 558 വീടുകള്‍, ഒന്പതു ഹോട്ടലുകള്‍, 60 റസ്റ്ററന്റുകള്‍, 350 ബോട്ടുകള്‍ എന്നിവ തകര്‍ന്നു.
പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30 ന് ദക്ഷിണ സുമാത്രയിലും പടിഞ്ഞാറന്‍ ജാവയിലും ആഞ്ഞടിച്ച രാക്ഷസത്തിരയില്‍ നൂറുകണക്കിനു കെട്ടിടങ്ങള്‍ നിലംപതിച്ചു. അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് സാധാരണ സുനാമി ഉണ്ടാകാറില്ല. ജലത്തിന്റെ സ്ഥാനഭ്രംശമോ മണ്ണിടിച്ചിലോ ആണ് സുനാമിക്കു കാരണമെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. സെവന്റീന്‍ പോപ്പ് സംഘത്തിന്റെ സംഗീതപരിപാടിയിലേക്കു തിര അടിച്ചുകയറുന്നതിന്റെയും ഗായകരും കാണികളും ഒലിച്ചുപോകുന്നതിന്റെയും ഭീകരദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബാന്‍ഡിന്റെ ഗിത്താറിസ്റ്റും റോഡ് മാനേജരും മരിച്ചതായും മാനേജരുടെ ഭാര്യയെ കാണാതായതായും ബാന്‍ഡ് സംഘാംഗം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. വടക്കന്‍ ജാവയിലെ കരീറ്റ ബീച്ച് സുനാമിയില്‍ പൂര്‍ണമായി തകര്‍ന്നു. ചുഴലിക്കാറ്റില്‍ സുലേവസി, പാലു നഗരത്തിലുണ്ടായ ദുരന്തം വിട്ടുമാറും മുന്പാണ് ഇന്തോനേഷ്യയെ ദുഃഖത്തിലാക്കി അടുത്ത ദുരന്തമെത്തിയത്.
Discussion about this post