തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥിരീകരണം. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടാണ് പ്രതികരിച്ചപ്പോഴാണ് മുഖ്യമന്ത്രി യുവതീപ്രവേശനം സ്ഥിരീകരിച്ചത്. സ്ത്രീകള്‍ സന്നിധാനത്ത് എത്തിയെന്നത് വസ്തുതയാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്‍പ് യുവതികള്‍ മലചവിട്ടാന്‍ എത്തിയപ്പോള്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു. അതേതുടര്‍ന്ന് അവര്‍ പിന്മാറുകയായിരുന്നു. ഇന്ന് മലകയറാന്‍ എത്തിയപ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിക്കാണില്ലെന്നും അതിനാലായിരിക്കും യുവതീപ്രവേശനം സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്താന്‍ എത്തുന്ന യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. മലകയറിയ യുവതികള്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കിയിരുന്നുവെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന്‍ (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവര്‍ ശബരിമല ദര്‍ശനം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ രാവിലെ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്ത ശരിയാണെന്ന് വിശദീകരിച്ചത്. പുലര്‍ച്ചെ മലകയറിയ യുവതികളെ പോലീസ് പന്പ, നിലയ്ക്കല്‍ വഴി പത്തനംതിട്ടയില്‍ എത്തിച്ചു. നിലവില്‍ യുവതികള്‍ എവിടെയെന്ന് ആര്‍ക്കും വിവരമില്ല. ഇവരെ പോലീസ് സംരക്ഷണയില്‍ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് വിവരം. ദര്‍ശനം നടത്തിയ യുവതികളുടെ വീടുകള്‍ക്കും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post