കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രചാരണ ബോര്‍ഡുകളുമായി രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും രംഗത്തെത്തിയതിനു പിന്നാലെയാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പരമാവധി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാകണമെന്നും നശിക്കാത്ത ഒരു വസ്തുക്കളും പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആറ്റിങ്ങല്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഫ്‌ളെക്‌സുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടു കോടതി നേരത്തെതന്നെ ഉത്തരവു നല്‍കിയിരുന്നുവെങ്കിലും ഇതു നടപ്പാക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ച വരുത്തുന്നുവെന്നു കണ്ട് കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നോട്ടീസുകള്‍ പുറപ്പെടുവിച്ചിരുന്നു. നിരോധിക്കപ്പെട്ട ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ തങ്ങളുടെ സ്വന്തം ചെലവില്‍ത്തന്നെ ഇവ നീക്കം ചെയ്യണമെന്നാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ നോട്ടീസ്. കോടതി ഉത്തരവ് പ്രകാരം അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഏതൊരു ഫ്‌ളെക്‌സ് ബോര്‍ഡിനെതിരേയും 2018 ഒക്ടോബര്‍ 30നുശേഷം സെക്രട്ടറിമാര്‍ നടപടിയെടുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ നടപടി ഉണ്ടാകുന്നില്ലെങ്കില്‍ അതിന് ഉത്തരവാദികള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാരായിരിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഫ്‌ളെക്‌സിനു നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രചാരണം ചെലവേറിയതാകുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതോടെ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികള്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങിയിരുന്നു. എന്നാല്‍, കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതു നീക്കം ചെയ്യേണ്ടിവരും. കേരളത്തില്‍ ഹരിതച്ചട്ടം പ്രചാരണവും വ്യാപകമാണ്. ഇതനുസരിച്ച് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്കു നിയന്ത്രണമുള്ളതാണ്. പുനഃചംക്രമണ സാധ്യതയുള്ള ബാനറുകളും മറ്റും ഉപയോഗിക്കണമെന്നാണു ഹരിതമിഷന്റെ നിര്‍ദേശം. എന്നാല്‍ ഇത്തരം ബോര്‍ഡുകള്‍ക്കു ചെലവേറും.
Discussion about this post