ഭാരതത്തിലെ ജനാധിപത്യ പ്രക്രിയയെ അര്‍ബുദംപോലെ അഴിമതി കാര്‍ന്നുതിന്നുകയാണ്. അഴിമതിയിലൂടെ നേടിയ കോടിക്കണക്കിന് ഡോളര്‍ സ്വിസ്‌ബാങ്ക് ഉള്‍പ്പടെ വിദേശബാങ്കുകളില്‍ രാഷ്‌ട്രീയ മേലാളന്‍മാരും ഉന്നത ഉദ്യോഗസ്ഥരും ഒക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവരും ഉടുതുണിക്ക് മറുതുണിയില്ലാത്തവരും അക്ഷരാഭ്യാസമില്ലാത്തവരുമായ കോടിക്കണക്കിന് മനുഷ്യര്‍ ഇന്നും ഭാരതത്തിലുണ്ട്. ഈ വേദനാജനകമായ സാഹചര്യത്തിലാണ് രാഷ്‌ട്രത്തിന്റെ സ്വത്ത് കൊള്ളയടിച്ചുകൊണ്ട് വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്.
അഴിമതിക്കെതിരെ ഗാന്ധിയനായ അന്നാഹസാരെ തുടങ്ങിവച്ച സമരം ഭാരതത്തിലാകെ ജനങ്ങളുടെ വികാരമായി മാറിക്കഴിഞ്ഞു. ആ സമരത്തിനുപിന്നാലെയാണ് യോഗഗുരുവായ ബാബാരാംദേവ് വിദേശത്തു നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരണമെന്ന പ്രധാന ആവശ്യവുമായി രാംലീലമൈതാനത്ത് സമരം നടത്തിയത്. എന്നാല്‍ ജനാധിപത്യമായി നടത്തിയ ഒരു ഹിന്ദു സന്യാസിയുടെ സമരത്തെ രാത്രിയുടെ മറവില്‍ ഭരണകൂട ഭീകരത വേട്ടയാടുകയായിരുന്നു. സ്‌ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെയുള്ള നൂറുകണക്കിനു ആളുകളെയാണ് പോലീസ് നിര്‍ദ്ദയം വേട്ടയാടിയത്. ബ്രട്ടീഷ് ഭരണകാലത്തെ ഓര്‍മ്മിപ്പിക്കുകയായിരുന്നു ആ കിരാത നടപടി.
അടിയന്തരാവസ്ഥയ്‌ക്ക് മുമ്പുള്ള കാലഘട്ടത്തിനു സമാനമാണ് ഇന്ന് ഭാരതത്തിന്റെ അവസ്ഥ. 1971മുതല്‍ 74വരെയുള്ള കാലഘട്ടത്തില്‍ ഗുജറാത്തിലും ബീഹാറിലുമൊക്കെ ഭരണകൂടത്തിന്റെ ചെയ്‌തികള്‍ക്കെതിരെ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് പിന്നീട് ലോക്‌നായക് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ വന്‍ ജനകീയമുന്നേറ്റമായിമാറിയത്. ഇത് അടിയന്തരാവസ്ഥാപ്രഖ്യാപനത്തിലാണ് കലാശിച്ചത്. ഭാരതത്തിന്റെ ജനാധിപത്യചരിത്രത്തിലെ കറുത്ത ഏടാണ് അടിയന്തരാവസ്ഥക്കാലം. ഇതില്‍നിന്നു കോണ്‍ഗ്രസ് ഒരു പാഠവുംപഠിച്ചില്ല എന്നതാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.
സാധാരണക്കാര്‍ക്ക് ഊഹിക്കാന്‍പോലും കഴിയാത്തവണ്ണം ഭീമമായ, ഭാരതം കണ്ട വന്‍ അഴിമതിയാണ് 2ജി സ്‌പെക്‌ട്രവുമായി ബന്ധപ്പെട്ട് ഉണ്ടായത്. ഈ കേസില്‍ കേന്ദ്രമന്ത്രിയായിരുന്ന രാജ ഇപ്പോള്‍ ബീഹാര്‍ ജയിലിലാണ്. ഇതുമായി ബന്ധപ്പെട്ട് കരുണാനിധിയുടെ മകള്‍ കനിമൊഴിയും അഴിയെണ്ണുകയാണ്. ഡിഎംകെയുടെ മറ്റൊരുമന്ത്രിയായ ദയാനിധിമാരനും അഴിയെണ്ണുന്നകാലം വിദൂരമല്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. ഒരുലക്ഷത്തി എണ്‍പത്തിഏഴായിരംകോടി രൂപയാണ് 2ജി സ്‌പെക്‌ട്രം ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന് പറഞ്ഞത് ആഡിറ്റര്‍ ജനറല്‍തന്നെയാണ്. ഈ സാഹചര്യങ്ങളൊക്കെയാണ് അഴിമതിക്കെതിരെ ജനവികാരം ആളിക്കത്തുന്നതിനിടയാക്കിയത്.
അണ്ണാഹസ്സാരെയും ബാബാരാംദേവും പ്രകടിപ്പിക്കുന്നത് ഭാരതത്തിന്റെ മനസ്സാക്ഷിയുടെ ശബ്‌ദമാണ്. അത് കോടിക്കണക്കിനുവരുന്ന ഭാരതീയരുടെ വികാരവുമാണ്. ഇത് ഉള്‍ക്കൊള്ളാതെ അഴിമതിവിരുദ്ധസമരത്തെ അധികാരത്തിന്റെ പിന്‍ബലത്തില്‍ അടിച്ചമര്‍ത്തുന്ന കോണ്‍ഗ്രസിന് സമീപഭാവിയില്‍ത്തന്നെ രാഷ്ട്രീയമായി വലിയ വിലനല്‍കേണ്ടിവരും.
രാംദേവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് യഥാര്‍ത്ഥ പ്രശ്‌നത്തില്‍നിന്നു ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമത്തിലാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍. അഴിമതി വിരുദ്ധ സമരത്തിന് ലഭിക്കുന്ന പിന്‍തുണകണ്ട് സംഭ്രാന്തിയിലായ കേന്ദ്രസര്‍ക്കാര്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍നിന്നും ഒളിച്ചോടി ആര്‍.എസ്.എസ്സിനേയും, ബിജെപിയെയും പ്രതിക്കൂട്ടില്‍നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ്സ് നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. അഴിമതിവിരുദ്ധസമരം ഏതുഭാഗത്തുനിന്നുണ്ടായാലും അതിന് തങ്ങളുടെ ധാര്‍മ്മിക പിന്‍തുണയുണ്ടാകുമെന്നാണ് ആര്‍.എസ്.എസ്സ് നേതൃത്വം മറുപടി നല്‍കിയിട്ടുള്ളത്. കഴിഞ്ഞദിവസം സര്‍സംഘചാലക് മോഹന്‍ഭഗവത് ആര്‍.എസ്.എസ്സിന്റെ നിലപാട് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിവിരുദ്ധ സമരങ്ങളില്‍ സംഘം കൈയുംകെട്ടിനോക്കിനില്‍ക്കില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പാണ്.
മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ തുടക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അഴിമതിവിരുദ്ധ ജനകീയ മുന്നേറ്റം. ഭഗവത്‌ഗീതയില്‍ കൃഷ്‌ണന്‍ ഓര്‍മ്മിപ്പിക്കുന്നത് ധര്‍മ്മം പുനസ്ഥാപിക്കാന്‍ താന്‍ കാലാകാലങ്ങളില്‍ അവതരിക്കുമെന്നാണ്. അധികാരത്തിന്റെ മത്ത് തലയ്‌ക്കുപിടിച്ച ഇന്ദിരാഗാന്ധിയെ നേര്‍വഴിക്ക് നയിക്കാനാണ് ലോകസംഘര്‍ഷ സമിതി രൂപീകരിച്ചുകൊണ്ട് 70കളില്‍ ജയപ്രകാശ് നാരായണന്‍ രംഗത്ത് എത്തിയത്. മൂന്നരപതിറ്റാണ്ടുകള്‍ക്കുശേഷം അന്നാഹസ്സാരെ തുടങ്ങിവച്ച പരിവര്‍ത്തനപ്രക്രിയയെ ഉത്തേജിപ്പിച്ചുകൊണ്ട് ബാബാരാംദേവും രംഗത്തെത്തിയിരിക്കുകയാണ്. ഈ ജനകീയ മുന്നേറ്റം തങ്ങളുടെ അടിവേര് പിഴുതെറിയുമെന്ന തിരിച്ചറിവാണ് രാംലീലാമൈതാനത്തുണ്ടായ കിരാതമായ നടപടിക്കടിസ്ഥാനം.
യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധിയുടെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും അറിവോടെതന്നെയാണ് രാംലീലസംഭവം. അഴിമതിവിരുദ്ധ സമരത്തെ പേടിക്കുന്നവര്‍ അഴിമതിക്കാരോ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരോ ആണ്. മാത്രമല്ല വിദേശ ബാങ്ക് നിക്ഷേപം ഈ ഭാരതത്തിലേക്ക് കൊണ്ടുവരണം എന്ന് പറയുമ്പോള്‍ മുട്ടുവിറയ്‌ക്കുന്നവരുടെ മനസ്സിലിരിപ്പും എല്ലാവര്‍ക്കും മനസ്സിലാകും.
ജനാധിപത്യത്തില്‍ ജനങ്ങളാണ് ശക്തി. ജനകീയ മുന്നേറ്റത്തിനുമുന്നില്‍ ഭരണകൂടങ്ങള്‍ നിഷ്‌പ്രഭമായിട്ടുണ്ട്. ധര്‍മ്മാധിഷ്‌ഠിതമല്ലാത്ത ഭരണകൂടങ്ങളെ ജനങ്ങള്‍ കടപുഴുകിയെറിയും; ഇന്നല്ലെങ്കില്‍ നാളെ അത് ഭാരതത്തിന്റെ മണ്ണിലും സംഭവിക്കും.
Discussion about this post