സ്വാമി സത്യാനന്ദസരസ്വതി
ശ്രുതി എന്ന വാക്കിന് കേള്‍വി എന്നാണ് അര്‍ത്ഥം. സ്‌മൃതിയെന്നാല്‍ ഓര്‍മ്മയെന്നും അര്‍ത്ഥമാകുന്നു. കേള്‍ക്കുകയും ഓര്‍ക്കുകയും ചെയ്യുന്നതിലൂടെയാണ് പ്രപഞ്ചത്തിലെ സകലബന്ധങ്ങളും നിലനില്‌ക്കുന്നത്. വിശേഷബുദ്ധിയുള്ള മനുഷ്യനില്‍ മാത്രമല്ല ശ്രുതിയും സ്‌മൃതിയും പ്രവര്‍ത്തിക്കുന്നത്. പക്ഷികളിലും മൃഗങ്ങളിലും പുല്‌ക്കൊടികളിലും വിത്തുകളിലെ ബീജാവസ്ഥയിലും ശ്രുതി സ്‌മൃതികളുടെ തത്ത്വം അടങ്ങിയിരിക്കുന്നു. വ്യക്തിബന്ധങ്ങള്‍ പോലെ തന്നെ വ്യക്തിയും പ്രപഞ്ചഘടനയും തമ്മിലും ബന്ധമുണ്ട്. വ്യക്തിയില്‍ വളരുന്ന ചിന്താതരംഗങ്ങളായും ചിന്താതരംഗങ്ങള്‍ ശബ്‌ദ തരംഗങ്ങളായും രൂപപ്പെടുന്നു. ഇങ്ങനെ രൂപപ്പെടുന്ന തരംഗശക്തി പ്രപഞ്ചശരീരത്തില്‍ വ്യാപരിക്കുന്നു. ശരീരം പഞ്ചഭൂത നിര്‍മ്മിതമാണെന്ന ഭാരതീയ സങ്കല്‌പം ശാസ്‌ത്രവിരുദ്ധമല്ല. ഇതേ പഞ്ചഭൂതം പ്രപഞ്ചശരീരത്തിനും അടിസ്ഥാനമായിരിക്കുന്നു. ഓരോ ഭൂതാംശത്തിനും നിക്ഷിപ്‌തഗുണങ്ങളുണ്ടെന്നും ശാസ്‌ത്രം സ്‌പഷ്‌ടമാക്കിയിട്ടുണ്ട്. അവസാനത്തെ ഭൂതമായ ആകാശം ശബ്‌ദമയമാണെന്ന് ലക്ഷണമുണ്ട്. ആകാശത്തില്‍ ചരിക്കുന്ന വായു സ്‌പര്‍ശ ഗുണത്തോടു കൂടിയതുമാണ്. ശബ്‌ദം, സ്‌പര്‍ശം ഇവ ഒരുമിച്ചുചേര്‍ന്നുണ്ടാകുന്ന തരംഗശക്തി അന്തരീക്ഷത്തിലും വ്യക്തിയിലും സ്വാധീനതയുള്ളതാണ്. ശബ്‌ദാനു ഗുണമായ അര്‍ത്ഥം വ്യക്തമല്ലെങ്കില്‍ പ്രപഞ്ചത്തില്‍ ആശയ വിനിമയം അസാദ്ധ്യമാണ്. ആശയം വ്യക്തമല്ലാത്തതുകൊണ്ട് തരംഗശക്തിക്ക് മാറ്റം വര്‍ണമെന്നില്ല. വ്യക്തമായ ആശയമുള്ള ശബ്‌ദതരംഗം പ്രധാനമായി നാമം ഗുണം ഇവയോടു ബന്ധപ്പെട്ടിരിക്കുന്നു. ജീവനില്‍ നിക്ഷിപ്‌തമാക്കുന്ന സംസ്‌കാരം മേല്‌പറഞ്ഞ ശബ്‌ദ തരംഗങ്ങളും അതിലൂടെ വ്യക്തമാകുന്ന അര്‍ത്ഥതലങ്ങളും ഒരുമിച്ചുകൂടിയതാണ്. ശബ്‌ദം ശ്രുതി പ്രധാനവും അത് ഉള്‍ക്കൊള്ളുന്ന അര്‍ത്ഥം സ്‌മൃതി രൂപവുമാണ്. വാച്യാര്‍ത്ഥം കൊണ്ട് ശ്രുതിയെ കേള്‍വിയെന്നും സ്‌മൃതിയെ ഓര്‍മ്മയെന്നും വിവക്ഷിക്കാം. ഇങ്ങനെയുള്ള കേള്‍വിയും ഓര്‍മ്മയും സൃഷ്‌ടിക്കുന്ന അറിവ് പ്രപഞ്ചഘടനയിലെ വസ്‌തുപരതയില്‍ നിന്ന് ഭാവപരതയിലേക്ക് നയിക്കുന്നതിന് ശേഷിയുള്ളതാണ്. എന്നാല്‍ മനുഷ്യനൊഴിച്ചുള്ള ജീവരാശികളില്‍ ഭാവപ്രധാനമായ അര്‍ത്ഥവും തമ്മിലുള്ള ഈ ബന്ധത്തെ വ്യക്തിയിലും പ്രപഞ്ചത്തിലും കണ്ടെത്തുകയും ഘടിപ്പിക്കുകയുമാണ് ഭാരതീയാചാര്യന്മാര്‍ ചെയ്‌തിട്ടുള്ളത്. വ്യക്തിശരീരങ്ങള്‍ നശിച്ചാലും നശിക്കാത്ത തരംഗശക്തിയായി ശബ്‌ദവും അര്‍ത്ഥവും പ്രപഞ്ച ശരീരത്തില്‍ അവശേഷിക്കുന്നു. പ്രപഞ്ചശരീരത്തിലെ ഇത്തരം തരംഗവീചികളെ അധിഷ്‌ഠാനമാക്കിയുള്ള ചലനങ്ങളാണ് കേള്‍വിയായും ഓര്‍മ്മയായും വ്യക്തി ബന്ധങ്ങള്‍ സ്ഥാപിക്കുന്നത്. ശബ്‌ദവും അര്‍ത്ഥവും ഒന്നിച്ചുചേര്‍ന്നുള്ള അനന്തകോടി തരംഗവീഥികള്‍ പ്രപഞ്ചത്തില്‍ അവശേഷിക്കുന്നു. ക്രിസ്‌തുവിന്റെ ശബ്‌ദം അന്തരീക്ഷത്തില്‍ നിന്ന് പിടിച്ചെടുക്കാമെന്ന് ശാസ്‌ത്രഞ്‌ജന്മാര്‍ തെളിയിച്ചത് ഇക്കാരണം കൊണ്ടാണ്. ക്രിസ്‌തുവിനു മുമ്പ് അനേകലക്ഷം കൊല്ലങ്ങള്‍ ഭാരത സംസ്‌ക്കാരം തരണം ചെയ്‌തിട്ടുണ്ട്. ഋഷിപുംഗവന്മാര്‍ അന്നു മുതല്‍തന്നെ ശ്രുതിയെന്നും സ്‌മൃതിയെന്നുമുള്ള പേരുകളില്‍ അനശ്വരമായുള്ള പ്രപഞ്ചതത്ത്വത്തെ വ്യക്തമാക്കിയിട്ടുണ്ട്. സമസ്‌തരൂപങ്ങള്‍ക്കും ശബ്‌ദങ്ങള്‍ക്കും അധിഷ്‌ഠാനം ഒന്നാണെന്ന് അവര്‍ കണ്ടെത്തിയിരിക്കുന്നു. ദൃശ്യപ്രപഞ്ചവും സൂക്ഷ്‌മപ്രപഞ്ചവും ലയിച്ചെത്തുന്ന ഈ അനശ്വരസത്തയെയാണ് പ്രണവം എന്ന പദംകൊണ്ട് വ്യക്തമാക്കിയിട്ടുള്ളത്. `പ്രകര്‍ഷേണ നവം’ ആയതുകൊണ്ട് പ്രനവം അഥവാ പ്രണവം എന്ന് അര്‍ത്ഥം ഉണ്ടായെന്നും അഭിപ്രായമുണ്ട്. പുതിയതായി ഉത്ഭവിക്കുന്നത് എന്ന അര്‍ത്ഥം ഇതുകൊണ്ട് വ്യക്തമാക്കുന്നു. ഒരിക്കല്‍ ലയിച്ചടങ്ങുന്നതില്‍ നിന്നു തന്നെയാണ് പ്രകര്‍ഷേണനവമായത് സൃഷ്‌ടിക്കപ്പെടുന്നതെന്ന സൃഷ്‌ടിരഹസ്യം ഭാരതീയാചാര്യന്മാര്‍ കണ്ടെത്തിയിരിക്കുന്നു. ചിന്ത, ശബ്‌ദം, പ്രവൃത്തി ഇതുകളെ ക്രിമീകരിച്ചും കൂട്ടിയിണക്കിയും ഈ അനശ്വരസത്തയില്‍ വിലയം പ്രാപിക്കുവാന്‍ മനുഷ്യനുകഴിയുന്ന മാര്‍ഗങ്ങളാണ് ശ്രുതിയിലും സ്‌മൃതിയിലും സ്‌പഷ്‌ടമാക്കിയിരിക്കുന്നത്. ശബ്‌ദം ശബ്‌ദാര്‍ത്ഥം ഇവയിലൂടെ മേല്‌പറഞ്ഞ പ്രപഞ്ചവ്യക്തിത്വത്തില്‍ ലയിക്കുന്ന ആചാരാനുഷ്‌ഠാനക്രമങ്ങളാണ് ശ്രുതി, സ്‌മൃതി എന്നീ സങ്കല്‌പങ്ങളിലൂടെ വ്യാഖ്യാനിച്ചിരിക്കുന്നത്.
മനുഷ്യന് മേല്‌പറഞ്ഞ ലക്ഷ്യം നേടത്തക്കരീതിയില്‍ പ്രപഞ്ചത്തോടും ബന്ധംപുലര്‍ത്തേണ്ടതെങ്ങനെയെന്ന് സമഗ്രവും വിശദവുമായി പ്രതിപാദിക്കുകയാണ് പ്രസ്‌തുത ഗ്രന്ഥങ്ങള്‍ ചെയ്‌തിരിക്കുന്നത്.
അഹിംസാ സത്യമസ്‌തേയം
ബ്രഹ്മചര്യസംഗ്രഹം തുടങ്ങിയ മഹനീയ ഗുണങ്ങള്‍ മേല്‌പറഞ്ഞ ലക്ഷ്യത്തിലേക്കുള്ള ശാസ്‌ത്രോപാധിയും ഉപകരണങ്ങളുമാണ്. ശബ്‌ദതലങ്ങളിലൂടെ വളരുകയും വികസിക്കുകയും ചെയ്യുന്ന വികാരവിചാരങ്ങളെ ലക്ഷ്യബോധത്തോടുകൂടി നിയന്ത്രിക്കുകയാണ് മേല്‌പറഞ്ഞ ഗ്രന്ഥങ്ങളില്‍ ചെയ്‌തിരിക്കുന്നത്. രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി ഗ്രന്ഥങ്ങളെ ചുട്ടുകളഞ്ഞാലും പ്രപഞ്ചത്തിലെ ഈ തത്ത്വാധിഷ്‌ഠാനത്തിന് യാതൊരു മാറ്റവും സംഭവിക്കുകയില്ല.
പക്ഷികള്‍, മൃഗങ്ങള്‍, ക്ഷുദ്രജീവികള്‍, വൃക്ഷങ്ങള്‍, ലതകള്‍, വിത്തുകള്‍ എന്നിങ്ങനെ പ്രപഞ്ചദൃഷ്‌ടങ്ങളായ സര്‍വ വസ്‌തുക്കളിലും അന്തര്‍ലീനമായിരിക്കുന്ന തത്ത്വമാണ് ശ്രുതിയും സ്‌മൃതിയും ശബ്‌ദതരംഗങ്ങളിലൂടെയും അവയിലൂടെ ബന്ധപ്പെടുന്ന അര്‍ത്ഥതലങ്ങളിലൂടെയും ശ്രുതിയും സ്‌മൃതിയും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കാം.
(തുടരും)
Discussion about this post