-ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി
രാഷ്‌ട്രീയം, സംസ്‌കാരം, സാമ്പത്തികക്രമീകരണം
എന്നിവ ഒരുമിച്ചുനില്‌ക്കണം
(തുടര്‍ച്ച)
ക്രിസ്‌ത്യന്‍-മുസ്ലീം രാഷ്‌ട്രങ്ങളില്‍ ഒന്നിലുംതന്നെ ദേശീയത ഊട്ടിവളര്‍ത്തിയ സംസ്‌കാരപാരമ്പര്യത്തിന് വിപരീതമായ രാഷ്‌ട്രീയധാര ഉണ്ടായിട്ടില്ല. അനുഷ്‌ഠാനങ്ങളും ആചാരങ്ങളും ക്രമപ്പെടുത്തി നിര്‍ത്തിയിരുന്ന സംസ്‌കാരധാര രാഷ്‌ട്രത്തിന്‍െറ വളര്‍ച്ചയെ സഹായിക്കുകയും ഐക്യത്തെ നിലനിര്‍ത്തുകയും ചെയ്‌തിട്ടുണ്ട്. വത്തിക്കാനില്‍ തുടങ്ങി ലോകമെമ്പാടും വളര്‍ന്നുനില്‍ക്കുന്ന ക്രൈസ്‌തവ ഐക്യമനോഭാവം ഇന്ത്യയിലെ സെക്കുലറിസവും മൈനോറിറ്റി പ്രൊട്ടക്‌ഷനുംകൊണ്ട് മാറ്റിനിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല.
സംസ്‌കാരവും ദേശീയതയും രാഷ്‌ട്രീയവും ഒന്നാണെന്നു ലോക മുഹമ്മദ സിദ്ധാന്തങ്ങളും അവ വികസിപ്പിച്ചെടുത്ത രാഷ്‌ട്രങ്ങളും ഉദ്‌ഘോഷിക്കുന്നു. ഇത്തരം ഐക്യദാര്‍ഢ്യം ഇല്ലാത്ത ഒരു രാജ്യത്തിനും വളര്‍ച്ചയോ ദീര്‍ഘകാലമുള്ള നിലനില്‌പോ ഉണ്ടായിട്ടില്ല. ചരിത്രം ഇതിനു മൂകസാക്ഷിയാണ്.
പക്ഷേ ഭാരതത്തിന്റെ സ്ഥിതി നേരേ മറിച്ചാണ്. `മതവും രാഷ്‌ട്രീയവും കൂട്ടിക്കുഴയ്‌ക്കരുതെ’ന്നും `വേറിട്ടു നില്‌ക്കണ’മെന്നും അവര്‍ക്കു നിര്‍ബന്ധമുണ്ട്. സ്വതന്ത്ര ഭാരതത്തിന്റെ ശകുനപ്പിഴ അവിടം മുതല്‍ തുടങ്ങി. ഇവിടെ ദേശീയതയുടെ സംജ്ഞകളും സങ്കേതങ്ങളും വര്‍ഗീയതയെന്നു മുദ്രയടിച്ചു പുറംതള്ളപ്പെടുന്നു. അധികാരക്കൊതിയും സ്വയം അടിമകളാകുന്ന രാഷ്‌ട്രീയ പാപ്പരത്തവും ഭാരതത്തിന് ആപത്താണ്. ആദര്‍ശപുരുഷന്മാരും അവരുടെ ദര്‍ശനങ്ങളും കപടമതേതരത്വത്തിന് വഴിമാറിക്കൊടുക്കേണ്ടിവന്നു. `വന്ദേ മാതരം’ എന്ന വാക്കിന് അമ്മയെ വന്ദിക്കുന്നു എന്നാണര്‍ഥം. അത് പാര്‍ലമെന്റില്‍ പറയാന്‍ പാടില്ലെന്നു പറഞ്ഞതോടുകൂടി അടിച്ചുതുരത്തപ്പെടേണ്ടിയിരുന്ന, വര്‍ഗീയതയെ താലോലിക്കുന്ന രാഷ്‌ട്രീയം ഭാരതത്തിനു വിപല്‍ക്കരമാണ്. മാതൃരാജ്യം, മാതൃഭാഷ, മാതൃസംസ്‌കാരം, മാതാവ് എന്നിങ്ങനെയുള്ള ഭാരതീയമായ മാതൃസങ്കല്‌പം വന്ദിക്കപ്പെടാന്‍ പാടില്ലാത്തതാണെന്നു പറഞ്ഞവനെ അധികാരത്തിനുവേണ്ടി അംഗീകരിച്ച പാപ്പരത്തം വര്‍ഗീയതയല്ലേ? ഇത് ഹിന്ദുവര്‍ഗീയതയില്‍നിന്ന് ഉണ്ടായതാണോ?
ദേശീയത, സംസ്‌കാരം, സമ്പദ്‌ഘടന, സാമൂഹിക വ്യവസ്ഥ എന്നിവ ഭിന്നിച്ചുനിന്നാല്‍ രാഷ്‌ട്രം വളരുകയില്ല. മേല്‌പറഞ്ഞ അവിഭാജ്യഘടകങ്ങളെ കൂട്ടിയിണക്കുന്ന ഒരു രാഷ്‌ട്രസംവിധാനക്രമം ഭാരതത്തിനുണ്ടാകണം. അവിടെ മുസല്‍മാനോ, ക്രിസ്‌ത്യാനിയോ, യഹൂദനോ, പാഴ്‌സിയോ ആരുംതന്നെ മനുഷ്യത്വത്തിന്റെ ആകെക്കൂടിയുള്ള സംസ്‌കാരധാരയില്‍നിന്ന് വഴുതിപ്പോവുകയില്ല. ഇത്തരത്തിലുള്ള ഒരു ഏകലോകത്തിന്റെ ഭാവനയാണ് രാമരാജ്യസങ്കല്‌പവുമായി മുന്നോട്ടു പോകാന്‍ ഭാരതത്തെ പ്രേരിപ്പിച്ചത്. മാതൃസംസ്‌കാരത്തിന്റെ മാംസം കൊത്തിവലിക്കാന്‍ മതഭ്രാന്തന്മാരെ അനുവദിക്കുന്ന രാഷ്‌ട്രീയ പാപ്പരത്തവും അവസാനിച്ചേ തീരൂ. ദേശീയതയെ തുരങ്കം വയ്‌ക്കുന്ന ചിന്താധാര വരണ്ടുറഞ്ഞേ തീരൂ. ചരിത്രത്തിനും സാഹിത്യത്തിനും ശാസ്‌ത്രത്തിനും സാമൂഹ്യവീക്ഷണത്തിനും നീതിക്കും ഏകത്വം പ്രഖ്യാപിച്ച ഹിന്ദു; സ്‌നേഹവും സാഹോദര്യവും വാഗ്‌ദാനം ചെയ്‌ത ഹിന്ദു; ആ ഹിന്ദുപരമ്പരയില്‍ ഒരിടത്തും വര്‍ഗീയവാദിയില്ല.
(തുടരും)
Discussion about this post