ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന പ്രഥമവും പ്രധാനവുമായ ചമതലയാണ് പോലീസ് സേനയില്‍ അര്‍പ്പിതമായിട്ടുള്ളത്. എന്നാല്‍ പോലീസ് സേനയില്‍തന്നെ കുറ്റവാളികളും കുറ്റവാസനയുള്ളവരും കടന്നുകൂടിയിട്ടുള്ളത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ഇക്കാര്യം കഴിഞ്ഞദിവസം ഹൈക്കോടതി ഒരു ഹര്‍ജി പരിഗണിക്കവേ വ്യക്തമാക്കി. പോലീസില്‍ ക്രമിനല്‍ സ്വഭാവമുള്ളവരുടെ എണ്ണം കൂടിവരികയാണെന്നാണ് സമീപകാലസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചത്. പത്രപ്രവര്‍ത്തകനെ വധിക്കാന്‍ ഒരു ഡി.വൈ.എസ്.പിതന്നെ ഗുണ്ടകളെ ഏര്‍പ്പെടുത്തി എന്നതും പാലക്കാട് കസ്റ്റഡിയില്‍ ഒരു പ്രതി കൊല്ലപ്പെട്ടുവെന്നതും കോടതി അതീവ ഗൗരവത്തോടെയാണ് കണ്ടത്. ഹൈക്കോടതിയുടെ ഇതുസംബന്ധിച്ച അഭിപ്രായം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പോലീസ് കോര്‍ട്ടേഴ്‌സില്‍ മദ്യപിച്ചുണ്ടായ സംഘട്ടനത്തില്‍ ഒരു എസ്.ഐ അടിയും വെട്ടുമേറ്റുമരിച്ചതും പോലീസ് സേന ഇന്നെത്തിനില്‍ക്കുന്ന അവസ്ഥയുടെ ദൃഷ്‌ടാന്തമാണ്. ഇതിലും ഗുരുതരമായ മറ്റൊരുകാര്യം എസ്.ഐയുടെ കൊലപാതകത്തില്‍ എ.എസ്.ഐ പ്രതിയാണെന്നതാണ്. കൊല്ലത്തുനടന്ന ഈ സംഭവത്തില്‍ കസ്റ്റഡിയിലായത് എ.എസ്.ഐ അനില്‍കുമാറാണ്. അടുത്തകാലത്ത് പോലീസ് കോണ്‍സ്റ്റബിളാകാന്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ നൂറിലധികംപേര്‍ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ടവര്‍ പോലീസുകാരായി അധികാരം നേടുമ്പോള്‍ അത് സാധാരണക്കാര്‍ക്ക് എതിരെതന്നെ പ്രയോഗിച്ചേക്കാമെന്നാണ് ഈയിടെയുണ്ടായ കേസുകള്‍ നല്‍കുന്ന സൂചനയെന്നുള്ള കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. കോടതിയുടെ അനുമതിയോടെയാണ് ഇവര്‍ പരിശീലനം പൂര്‍ത്തീകരിച്ചത്. നിയമവ്യവസ്ഥ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലസുകാര്‍തന്നെ നിയമലംഘകരായി മാറുമ്പോള്‍ അത് ദുര്‍ബലമാക്കുന്നത് ജനാധിപത്യസംവിധാനത്തെയാണ്. സാധാരണക്കാര്‍ക്ക് നിയമപരിരക്ഷ ലഭിക്കാതെവന്നാല്‍ അതിന്റെ അന്തിമഫലം നാട് അരാജകത്വത്തിലേക്ക് നീങ്ങുക എന്നതായിരിക്കും. മാത്രമല്ല രാജ്യസുരക്ഷയെ വെല്ലുവിളിക്കുകയും രാജ്യതാല്‍ര്‌ത്തിനുവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനകള്‍ ഈ അവസരം മുതലെടുത്തുകൊണ്ട് സാധാരണക്കാരുടെ രക്ഷകരായി രംഗത്തെത്തി ജനാധിപത്യ സംവിധാനത്തെതന്നെ തകര്‍ക്കുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിച്ചേരും. സംശുദ്ധമല്ലാത്ത രാഷ്‌ട്രീയ നേതൃത്വം നിയമലംഘകരായ പോലീസുകാര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് പോലീസ്‌സേനയില്‍ കുറ്റവാസന കൂടിവരുന്നതിന് പ്രധാനകാരണം. കുറ്റവാളികളെ ഒരുകാരണവശാലും പോലീസ്‌സേനയില്‍ വച്ചുപൊറിപ്പിക്കില്ല എന്ന കര്‍ശനനിലപാട് സ്വീകരിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍തന്നെ കേരളാപോലീസിനെ സംശുദ്ധമായ സേനയാക്കിമാറ്റാന്‍കഴിയും. എന്നാല്‍ `പൂച്ചയ്‌ക്ക് ആരുമണികെട്ടും’ എന്നചോദ്യത്തിനുള്ള ഉത്തരമാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. രാഷ്‌ട്രീയ യജമാനന്മാരുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പോലീസ് മേധാവികളും സേനയുടെ വിശ്വാസ്യത തകര്‍ക്കുന്നതിന് കാരണക്കാരാണ്. അതേസമയം സത്യസന്ധരും കാര്യപ്രാപ്‌തിയുള്ളവരുമായ ഒട്ടേറെ ഉദ്യോഗസ്ഥര്‍ കോണ്‍സ്റ്റബിള്‍മുതല്‍ ഡി.ജി.പിവരെയുള്ള തസ്‌തികയില്‍ പ്രവര്‍ത്തിക്കുന്നവെന്നകാര്യം മറക്കുന്നില്ല. എന്നാല്‍ പലപ്പോഴും ഇത്തരം ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയ സംരക്ഷണം ലഭിക്കാത്തതിന്റെ പേരില്‍ ബലിയാടായിതീരുന്ന അനുഭവങ്ങളാണ് ഏറെയും. പോലീസുകാര്‍ക്ക് സംഘടനാസ്വാതന്ത്ര്യം നല്‍കിയത് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നില്‍ ബോധിപ്പിക്കാനും അതിന് പരിഹാരംകാണാനുമായിരുന്നു. എന്നാല്‍ ഇന്ന് ആ സംഘടനകള്‍ രാഷ്‌ട്രീയ ബലപരീക്ഷണത്തിനുള്ളവേദിയായിമാറിക്കഴിഞ്ഞു എന്നതാണ് വാസ്‌തവം. പോലീസ് അസോസിയേഷനും ഓഫീസേഴ്‌സ് അസോസിയേഷനും കുറ്റവാസനയുള്ള സേനാംഗങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാല്‍തന്നെ ഒരുപരിധിവരെ സേനയെ ശുദ്ധീകരിക്കാനാകും. എന്നാല്‍ കൊല്ലത്ത് പത്രപ്രവര്‍ത്തകനെ വധിക്കാനായി ഗുണ്ടകളെ ഏര്‍പ്പെടുത്തിയ സന്തോഷ്‌നായര്‍ എന്ന ഡി.വൈ.എസ്.പി കേരളാപോലീസ് ഓഫീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയായിരുന്നു. ഈ സംരക്ഷണത്തിന്റെ ബലത്തിലാണ് ക്രിമിനലായ ഈ പോലീസ് ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങളായി ആരേയും പേടിക്കാതെ വിലസിയത്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ ഗൗരവപൂര്‍വ്വം സമീപിക്കാനുള്ള ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കരളുറപ്പിനേയാണ് ഇനി ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
Discussion about this post