വാഷിങ്‌ടണ്‍: അല്‍ ഖായിദ, താലിബാന്‍ തുടങ്ങിയ ഭീകരസംഘടനകളേക്കാള്‍ പാക്കിസ്‌ഥാനു ഭീഷണി ഇന്ത്യയെന്നു സര്‍വേ. പ്യൂ റിസര്‍ച് സെന്റര്‍ പാക്കിസ്‌ഥാനില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ഏറ്റവും വലിയ ഭീഷണി ഇന്ത്യ, താലിബാന്‍, അല്‍ ഖായിദ എന്നിവയില്‍ ഏതെന്ന ചോദ്യത്തിന് ഇന്ത്യയെന്നു കൂടുതല്‍ പേരും (57%) പ്രതികരിച്ചു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ഏഴു പേരും ഇന്ത്യയുമായുള്ള പാക്കിസ്‌ഥാന്റെ ബന്ധം മെച്ചപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ചര്‍ച്ച തുടരണമെന്നും അഭിപ്രായമുയര്‍ന്നു.
അതേസമയം, പാക്കിസ്‌ഥാനില്‍ ഭീകരതയ്‌ക്കുള്ള പിന്തുണ കുറഞ്ഞു വരുന്നതായി സര്‍വേയില്‍ വ്യക്‌തമായി. അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവരില്‍ 12% പേര്‍ അല്‍ഖായിദ, താലിബാന്‍ സംഘടനകളോട് അനുകൂല നിലപാടു സ്വീകരിച്ചു. കഴിഞ്ഞവര്‍ഷം 18% പേരാണ് ഭീകരതയെ അനുകൂലിച്ചത്. അതേസമയം പാക്ക് ഭീകര സംഘടനയായ ലഷ്‌കറെ തയിബയെ പിന്തുണയ്‌ക്കുന്നവരാണ് 27% ആളുകളും.
അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ലാദനെ സൈനിക നടപടിയിലൂടെ യുഎസ് വധിച്ചത് യുഎസ്- പാക്കിസ്‌ഥാന്‍ ബന്ധത്തെ മോശമായി ബാധിച്ചെന്നു കൂടുതല്‍ പേരും വിശ്വസിക്കുന്നു.
Discussion about this post