കൊളംബോ: ഇന്ത്യക്കും ബംഗ്ലാദേശിനും പിന്നാലെ സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് ശ്രീലങ്കയിലും നിരോധനം ഏര്‍പ്പെടുത്തി. ഈസ്റ്റര്‍ ദിനത്തില്‍ 250 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെയാണ് വിവാദ ഇസ്‌ലാമിക പ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ പീസ് ടിവി നിരോധിക്കാന്‍ ശ്രീലങ്ക തീരുമാനിച്ചത്.
യുവാക്കളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയും ബംഗ്ലാദേശും പീസ് ടിവിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ട് കേബിള്‍ ഓപ്പറേറ്റര്‍മാരായ ഡയലോഗ്, എല്‍ടി എന്നിവര്‍ പീസ് ടിവിയുടെ സംപ്രേക്ഷണം അവസാനിപ്പിച്ചതായാണ് വിവരം.
എന്നാല്‍, ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇന്ത്യ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാനായി മലേഷ്യയിലാണ് പ്രഭാഷകന്‍ താമസിക്കുന്നത്. എന്നാല്‍, ഇസ്ലാമിന്റെ പേരിലോ അല്ലാതെയോ തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ലെന്നും സാമാധാനത്തിനും ഒത്തൊരുമയ്ക്കും വേണ്ടിയാണ് എല്ലാക്കാലവും വാദിച്ചതെന്നുമാണ് സാക്കിര്‍ നായിക്കിന്റെ അവകാശവാദം.
അതേസമയം, അടുത്ത ലക്ഷ്യങ്ങള്‍ ഇന്ത്യയും ബംഗ്ലാദേശുമാണെന്ന് ഭീകര സംഘടനയായ ഐഎസ് സൂചന നല്‍കിയിട്ടുണ്ട്. ഐഎസിന്റെ പ്രാദേശിക തലവന്‍ അബു മുഹമ്മദ് അല്‍ ബംഗാളിയുടെ പേരില്‍ ബംഗാളി ഭാഷയില്‍ പുറത്തിറക്കിയ പോസ്റ്റര്‍ ഇന്ത്യയും ബംഗ്ലാദേശും ലക്ഷ്യമിടുന്നതിന്റെ സൂചനയാണെന്ന് ഇന്റലിജന്റ്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു.
Discussion about this post