തിരുവിതാംകൂര്‍ രാജവംശത്തിന്റെ അവകാശത്തിലിരുന്ന ആറ്റിങ്ങല്‍ കൊട്ടാരം പതിറ്റാണ്ടുകളായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ്. കൊട്ടാരം തകര്‍ന്ന് വീഴാറായ അവസ്ഥയിലാണ്. ഈ പൈതൃക സ്മാരകത്തെ സംരക്ഷിക്കാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും മെമ്പര്‍മാര്‍ക്കും ലക്ഷങ്ങള്‍ ചെലവഴിച്ച് തിരുവനന്തപുരത്ത് ആഡംമ്പര ഔദ്യോഗിക വസതികള്‍ നിര്‍മ്മിക്കുന്നു ‘ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്.
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആറ്റിങ്ങല്‍. വേണാടിന്റെ ആദിതറവാടും ഭരദേവതാസ്ഥാനവുമായിരുന്നു ആറ്റിങ്ങല്‍ കൊട്ടാരം.14-ാം ശതകത്തില്‍ മലബാറിലെ കോലത്തിരിവംശത്തില്‍ നിന്ന് രണ്ട് രാജകുമാരിമാരെ വേണാട് രാജവംശത്തിലേക്ക് ദത്തെടുത്തു.തമ്പുരാട്ടിമാരുടെ വാസസ്ഥാനമായി ശ്രീപാദം കൊട്ടാരവും ആറ്റിങ്ങല്‍ പ്രദേശവും വിട്ട് കൊടുത്തു. കോലത്ത് നാട് രാജവംശത്തിന്റെ അധിഷ്ഠാന ദേവതയായ തിരുവാറാട്ട് ദേവിയെ കൊട്ടാരത്തില്‍ പ്രതിഷ്ഠിച്ച് പൂജിച്ച് വന്നു. ചരിത്രപ്രസിദ്ധമായ അരിയിട്ട് വാഴ്ച ഇന്നും നടന്നു വരുന്നു. മഹാരാജാവ് ഉടവാള്‍ ധരിച്ച് ഈ ചടങ്ങിനെത്തുന്നു. അത്രത്തോളം ചരിത്രപ്രാധാന്യമുളതാണ് ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരം.
ഇവിടെ ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട്. രണ്ട് കുളങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് സ്വകാര്യ വ്യക്തികള്‍ നികത്തി. പട്ടാളക്കാരുടെ കുതിരാലയം മൃഗാശു പത്രിയായി പ്രവര്‍ത്തിക്കുന്നു. പട്ടാളക്കാരുടെ ഊട്ടുപുര സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കി. ഇപ്പോള്‍ പൈതൃക സ്മാരകമായി സൂക്ഷിക്കേണ്ട ഊട്ടുപുര പൊളിച്ച് വില്പന നടത്തുന്നു.
കൊട്ടാരത്തില്‍ ഈ അടുത്ത കാലം വരെ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്ര കലാപഠന കേന്ദ്രം നടന്നിരുന്നു. ഇപ്പോള്‍ അതും നിറുത്തലാക്കിയതായാണ് വിവരം. തികച്ചും നിരുത്തരവാദപരമായിട്ടാണ് പൈതൃക സ്മാരകമായ ആറ്റിങ്ങല്‍ കൊട്ടാരത്തോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പെരുമാറുന്നത്. പലഘട്ടങ്ങളിലും നാട്ടുകാര്‍ ഈ കൊട്ടാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് നിവേദനങ്ങളിലൂടെയും സമരങ്ങള്‍ വഴിയും ആവശ്യപെട്ടു. കേള്‍ക്കാന്‍ ബോര്‍ഡ് തയ്യാറല്ല.
ഇന്ന് കൊട്ടാരം നിലംപൊത്താറായ അവസ്ഥയിലാണ്. നാട്ടുകാരും വിശ്വാസികളും വീണ്ടും ഉണര്‍ന്നിരിക്കുന്നു. ബ്രിട്ടിഷുകാര്‍ ക്കെതിരെ പ്ലാസി യുദ്ധത്തിന് മുമ്പ് പോരാടാന്‍ തയ്യാറായ ആറ്റിങ്ങല്‍ ജനത മറ്റൊരു പോരാട്ടത്തിന് തയ്യാറെടുക്കുന്നു. അഞ്ചുതെങ്ങ് കോട്ടയിലും പിന്നീട് നടന്ന സ്വാതന്ത്രൃ സമരത്തിലും ഐതിഹാസിക പോരാട്ടം നടത്തി ബ്രിട്ടീഷുകാരെ വിറപ്പിച്ച് ചരിത്രത്തില്‍ ഇടം നേടിയവരാണ് ആറ്റിങ്ങല്‍ ജനത, അതു മറക്കരുത്.
Discussion about this post