ന്യൂഡല്‍ഹി: യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. നീണ്ട 17 വര്‍ഷത്തെ കായികസപര്യയില്‍ നിന്നാണ് യുവരാജ് വിടവാങ്ങുന്നത്. 2000 മുതല്‍ 2017 വരെ യുവരാജ് ഇന്ത്യയ്ക്കുവേണ്ടി കളിച്ചിരുന്നു. ക്രിക്കറ്റിന്റെ സര്‍വ മേഖലയിലും തന്റെ കഴിവ് പ്രകടമാക്കിയശേഷമാണ് വിരമിക്കുന്നത്. 2017 ജൂണ്‍ 30 വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിലാണ് യുവരാജ് അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളത്തില്‍ ഇറങ്ങിയത്. ഇന്ത്യയ്ക്കായി 40 ടെസ്റ്റ് മത്സരങ്ങലും 304 ഏകദിന മത്സരവും 58 ട്വിന്റി-20 മത്സരങ്ങളിലും യുവരാജ് രംഗത്തെത്തി. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയതും യുവരാജിന്റെ മികവിലായിരുന്നു. 362 റണ്‍സാണ് 2011ലെ ലോകകപ്പില്‍ യുവിയുടെ ബാറ്റില്‍നിന്നു പിറന്നത്. 15 വിക്കറ്റുകളും യുവരാജ് വീഴ്ത്തി. നാല് തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ടൂര്‍ണമെന്റിലെ താരവും യുവരാജ് തന്നെയായിരുന്നു. 2007ലെ ട്വന്റി-20 ലോകകപ്പില്‍ ഒരോവറില്‍ ആറ് സിക്‌സറുകള്‍ അടിക്കുന്ന താരം എന്ന പേരും യുവരാജ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ മുന്‍നിര ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തുകളാണ് യുവി അതിര്‍ത്തികള്‍ കടത്തിയത്. 12 പന്തില്‍ അര്‍ധ സെഞ്ചുറിയും തികച്ചിരുന്നു. കാന്‍സര്‍ രോഗം കരിയറില്‍ വില്ലനായി വന്നപ്പോഴും അദ്ദേഹം തളര്‍ന്നിരുന്നില്ല. കാന്‍സറിനെ തോല്‍പ്പിച്ച് ക്രീസില്‍ തിരിച്ചെത്തിയ പോരാളിയാണ് യുവി. 304 ഏകദിന മത്സരങ്ങളില്‍നിന്ന് 8701 റണ്‍സാണ് യുവരാജിന്റെ സമ്പാദ്യം. 14 സെഞ്ചുറികളും 52 അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 58 ട്വിന്റി-20 മത്സരങ്ങളില്‍നിന്ന് 1177 റണ്‍സും യുവി അടിച്ചുകൂട്ടി. എട്ട് അര്‍ധ സെഞ്ചുറികളാണ് യുവരാജിന്റെ ബാറ്റില്‍ നിന്നു പിറന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. വാണിജ്യ ടൂര്‍ണമെന്റുകളായ കാനഡയിലെ ജിടി 20, യൂറോ ടി20 തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ യുവരാജ് ബിസിസിഐയുടെ അനുമതി തേടിയശേഷമാണ് യുവരാജിന്റെ വിരമിക്കുന്നത്.
Discussion about this post