ബംഗളുരു: ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യം ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് നടക്കുമെന്ന് ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ അറിയിച്ചു. ചന്ദ്രയാന്‍-2 അടുത്തമാസം വിക്ഷേപണത്തിനൊരുങ്ങുകയാണ്. ചന്ദ്രയാന്‍-2ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ജൂലൈ ഒന്പതിനും പതിനാറിനും ഇടയ്ക്ക് പേടകവുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് രണ്ടാം ചാന്ദ്രദൗത്യം നടക്കും. 10 വര്‍ഷം മുന്പായിരുന്നു ചന്ദ്രയാന്‍-2-ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ -2 ദൗത്യത്തിനുള്ളത്. ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് മൊഡ്യൂളിലുള്ളത്. വിക്രം എന്നു പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചാന്ദ്രോപരിതലത്തില്‍ ഇറങ്ങുംവിധമാണ് ദൗത്യം. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. പ്രഗ്യാന്‍ എന്നാണ് റോവറിന്റെ പേര്. കഴിഞ്ഞ മേയില്‍ ചന്ദ്രയാന്‍-2 വിക്ഷേപണം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍ക്കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ദൗത്യം നീട്ടുകയായിരുന്നു. 2009-ലാണ് ഇന്ത്യ ചന്ദ്രയാന്‍- ഒന്ന് ദൗത്യം വിക്ഷേപിക്കുന്നത്. ഈ മിഷനില്‍ റോവര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍നിന്നുള്ള പേലോഡുകളും ചന്ദ്രയാന്‍-2 ദൗത്യം വഹിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്. അത്യന്തം സങ്കീര്‍ണത നിറഞ്ഞ സോഫ്റ്റ് ലാന്‍ഡിംഗ് രീതിയാണ് ചന്ദ്രയാന്‍-2ല്‍ ഉപയോഗിച്ചിട്ടുള്ളത്.
തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലും കര്‍ണാടകയിലെ പരീക്ഷണകേന്ദ്രത്തിലുമാണ് ദൗത്യത്തിന്റെ മൊഡ്യൂളുകളുടെ അവസാനഘട്ട തയാറെടുപ്പുകള്‍ നടന്നത്. ഇതിന് ശേഷം മൊഡ്യൂളുകള്‍ തമ്മില്‍ യോജിപ്പിച്ചത് ഐഎസ്ആര്‍ഒയുടെ ബംഗളുരു സാറ്റലൈറ്റ് ആസ്ഥാനത്ത് വച്ച് തന്നെയാണ്. ജൂണ്‍ 19-ന് ബംഗളുരു ക്യാംപസില്‍ നിന്ന് ദൗത്യത്തിന്റെ മൊഡ്യൂളുകള്‍ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ജൂണ്‍ 20-നോ 21-നോ ഇത് ശ്രീഹരിക്കോട്ടയിലെത്തിക്കും.
ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രി ഡി മാപ്പിംഗ് മുതല്‍ ഉപരിതലത്തിലെ ജലകണികകളുടെ സാന്നിധ്യം തിരിച്ചറിയാനും മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് ചന്ദ്രയാന്‍-2 കുതിക്കുന്നത്.
Discussion about this post