ടെഹ്‌റാന്‍: ഇറാന്റെ അധീനതയിലുള്ള വ്യോമമേഖലയിലൂടെ ഹോര്‍മുസ് കടലിടുക്കിനും ഒമാന്‍ ഉള്‍ക്കടലിനു മുകളിലൂടെ പറക്കരുതെന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍. ഉത്തരവുണ്ടായി മണിക്കൂറുകള്‍ക്കകം ന്യൂജേഴ്‌സി-മുംബൈ സര്‍വീസ് യുണൈറ്റഡ് എയര്‍ലൈന്‍സ് റദ്ദാക്കി. ഹോര്‍മുസ് കടലിടുക്കിനു സമീപം അന്തര്‍ദേശീയ വ്യോമമേഖലയില്‍ പറന്ന ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.
അമേരിക്കയുടെ ഏത് ആയുധവും തകര്‍ക്കാന്‍ ശേഷിയുണ്ടെന്നും തങ്ങളെ ആക്രമിച്ചാല്‍ യുദ്ധത്തിനു മടിക്കില്ലെന്നും അമേരിക്കയ്ക്കു മുന്നറിയിപ്പു നല്‍കുകയാണ് ഡ്രോണ്‍ വീഴ്ത്തിയതിലൂടെ ഇറാന്‍ ചെയ്തിരിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇറാന്‍ മിസൈല്‍ പ്രയോഗിച്ച് ഡ്രോണ്‍ വീഴ്ത്തിയെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു. ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ കടന്നതിനെത്തുടര്‍ന്നാണ് തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗനില്‍ യുഎസ് സേനയുടെ ആര്‍ക്യു-4 ഗ്ലോബല്‍ ഹ്വാക്ക് ഡ്രോണ്‍ വീഴ്ത്തിയതെന്ന് ഇറാനിലെ വിപ്ലവഗാര്‍ഡ് വക്താവ് അറിയിച്ചു.
അമേരിക്കയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്ന് ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു. ഏതെങ്കിലും രാജ്യവുമായി യുദ്ധത്തിന് ഇറാനു താത്പര്യമില്ല. എന്നാല്‍ തങ്ങള്‍ യുദ്ധത്തിനു സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാന്‍ ഈ സംഭവം ഇടയാക്കിയേക്കുമെന്നു കരുതപ്പെടുന്നു.
ഒരാഴ്ച മുമ്പ് ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണടാങ്കറുകള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നു. എന്നാല്‍ യുഎസിന്റെ ആരോപണങ്ങള്‍ ഇറാന്‍ നിഷേധിക്കുകയാണ്. ഇറാന്റെ ഭീഷണി നേരിടാനെന്നു പറഞ്ഞ് ഗള്‍ഫിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകളും ബോംബര്‍ വിമാനങ്ങളും പേട്രിയറ്റ് മിസൈലുകളും കൂടുതല്‍ സൈനികരെയും അയച്ചിട്ടുണ്ട്.
Discussion about this post