തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ 2018 വര്‍ഷത്തെ ജി.വി.രാജ അവാര്‍ഡ്, സുരേഷ്ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റ് അവാര്‍ഡുകള്‍, മാധ്യമ അവാര്‍ഡുകള്‍, കോളേജ്/ സ്കൂള്‍/സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് അക്കാദമി വിഭാഗത്തില്‍ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച പുരുഷ/വനിതാ കായികതാരങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു.
ദേശീയ/അന്തര്‍ദേശീയ കായിക രംഗത്ത് കേരളത്തെ പ്രതിനിധാനം ചെയ്ത് മികച്ച പ്രകടനം കാഴ്ചവച്ച കേരളീയരായ കായികതാരങ്ങള്‍ക്ക് 2018 സ്പോര്‍ട്സ് കൗണ്‍സിലിന്റെ പരമോന്നത ബഹുമതിയായ ജി.വി.രാജ അവാര്‍ഡിന് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപയും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരുഷ, വനിതാ വിഭാഗങ്ങളിലായി ഓരോ കായികതാരത്തിനെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ജി.വി.രാജ അവാര്‍ഡ് മുന്‍കാലങ്ങളില്‍ ലഭിച്ചവര്‍ അപേക്ഷിക്കരുത്.
കേരള കായികരംഗത്തിന് സമഗ്ര സംഭാവനകള്‍ നല്കിയ വ്യക്തിക്ക് ആജീവനാന്ത കായികനേട്ടങ്ങള്‍ പരിഗണിച്ച് നല്കുന്ന സുരേഷ്ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് രണ്ടുലക്ഷം രൂപയും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മികച്ച കായിക പരിശീലകന് ഒരുലക്ഷം രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരളത്തില്‍ സേവനം അനുഷ്ഠിക്കുന്ന, കേരളത്തിലെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്കുന്നവരെയാണ് പരിഗണിക്കുന്നത്. അപേക്ഷകര്‍ തങ്ങളുടെ കഴിഞ്ഞ നാലുവര്‍ഷത്തെ(2015-16, 2018-19)പരിശീലന മികവിന്റെയും പരിശീലനം നല്കിയ കായികതാരങ്ങളുടെ നേട്ടങ്ങളുടെയും വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ സഹിതം അപേക്ഷിക്കണം.
കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സ്കൂള്‍, കോളേജുകളിലെ കായികാധ്യാപകര്‍ക്ക്, കായിക നേട്ടത്തിന്റെയും പരിശീലന മികവിന്റേയും അടിസ്ഥാനത്തില്‍, മികച്ച കായികാധ്യാപക അവാര്‍ഡിനായി അപേക്ഷിക്കാം. ഓരോ വിഭാഗത്തിലും 50,000 രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മികച്ച കായികനേട്ടങ്ങള്‍ കരസ്ഥമാക്കിയ സ്കൂളിന് അവാര്‍ഡിന് അപേക്ഷിക്കാം. കായിക നേട്ടങ്ങളുടെ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 50,000 രൂപയും, ഫലകവും, പ്രശംസാപത്രവുമാണ് അവാര്‍ഡ്.
കേരളത്തിലെ അച്ചടി മാധ്യമ രംഗത്ത് ഏറ്റവും നല്ല സ്പോര്‍ട്സ് ലേഖകനും, സ്പോര്‍ട്സ് ഫോട്ടോഗ്രാഫര്‍ക്കും കായികരംഗത്തിന്റെ വികസനത്തിനുതകുന്ന പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്ത ദൃശ്യമാധ്യമത്തിനും, മികച്ച സ്പോര്‍ട്സ് പുസ്തകത്തിനും മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം. ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
2018 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളേയും, ചിത്രങ്ങളേയും, ഈ കാലയളവില്‍ കേരള കായികരംഗത്തിന്റെ വികസനത്തിനുതകുന്ന പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്ത ദൃശ്യമാധ്യമ പരിപാടികളേയും, ഈ കാലയളവില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളേയുമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഒരാളില്‍ നിന്നും പരമാവധി രണ്ട് ലേഖനങ്ങളും, രണ്ട് ഫോട്ടോകളും, രണ്ട് സി.ഡി.കളും സ്വീകരിക്കും. പ്രത്യേക അപേക്ഷാഫോം ഇല്ല. പൂര്‍ണമായ പേരും, മേല്‍വിലാസവും എഴുതിയ അപേക്ഷയോടൊപ്പം പ്രസിദ്ധീകരണത്തിന്റെ പേരും, തിയതിയും വ്യക്തമാക്കിയിരിക്കണം.
സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള കോളേജ്/സ്കൂള്‍/സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് അക്കാദമി(സ്പോര്‍ട്സ് ഹോസ്റ്റല്‍) വിഭാഗത്തില്‍ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച പുരുഷ/വനിത കായികതാരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്കുന്നു. ഓരോ വിഭാഗത്തിലും 50,000 രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ് (സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്കീമിലുള്ള കുട്ടികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ).
അപേക്ഷകര്‍ കായികനേട്ടങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ബന്ധപ്പെട്ട ഹോസ്റ്റല്‍ അധികാരിയുടെ കൈയൊപ്പോടുകൂടി സമര്‍പ്പിക്കണം.
അപേക്ഷകള്‍ സെപ്തംബര്‍ 15 ന് മുന്‍പായി സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോം വെബ്സൈറ്റില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് www.sportscouncil.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0471-2330167, 2331546.
Discussion about this post