വാഷിങ്‌ടണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ കണ്‍വന്‍ഷന് വാഷിങ്‌ടണില്‍ വര്‍ണാഭമായ തുടക്കം. ക്രിസ്‌റ്റല്‍ സിറ്റിയിലെ ഹെയ്‌ത്ത് ഹോട്ടലില്‍ പ്രത്യേകം തയ്യാറാക്കിയ, സ്വാമി സത്യാനന്ദസരസ്വതി നഗറില്‍ നടക്കുന്ന കണ്‍വഷന് സ്വാമി ചിദാനന്ദപുരി ഭദ്രദീപം തെളിയിച്ചു. കെഎച്ച്‌എന്‍എ പ്രസിഡന്റ് എംജി മേനോന്‍, ട്രസ്‌റ്റീ ബോര്‍ഡ് ചെയര്‍മാന്‍ രാജു നാണു, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മുരളീരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാമി ശാന്താനന്ദ, സ്വാമി ഉദിത് ചൈതന്യ, ആചാര്യ വിവേക്, ജെ. ലളിതാംബിക ഐഎഎസ്, ഡോ. എന്‍ ഗോപാലകൃഷ്‌ണന്‍, കെ.പി. ശശികല ടീച്ചര്‍, രമേശ് നാരായണ്‍, ജയരാജ് വാര്യര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കേരള ഹിന്ദു കണ്‍വന്‍ഷന് വാഷിങ്‌ടണില്‍ പ്രശസ്‌ത സിനിമാതാരം ദിവ്യ ഉണ്ണിയുടെ നൃത്തത്തോടെയാണ് ഒന്നാം ദിവസത്തെ കലാപരിപാടികള്‍ തുടങ്ങിയത്. പത്മശ്രീ ധനഞ്‌ജയന്‍ ദമ്പതികളുടെ നൃത്തശില്‌പം ആസ്വാദകരുടെ മനം കുളിര്‍പ്പിച്ചു. വാഷിങ്‌ടണിലെ പ്രതിഭകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
കണ്‍വന്‍ഷന് തുടക്കംകുറിച്ച് നടന്ന ശോഭായാത്ര ശ്രദ്ധേയമായി. കേരളീയ വേഷം ധരിച്ച യുവതീയുവാക്കള്‍, താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുടകള്‍, വഞ്ചിപ്പാട്ട്, ആര്‍പ്പുവിളി എന്നിവയൊക്കെ ശോഭായാത്രയ്‌ക്ക് കേരളീയ തനിമ നല്‍കി.
എം.ജി മേനോന്‍, സുധ കര്‍ത്താ, ഡോ. മുരളീ രാജന്‍, വിശ്വനാഥ പിളള, സതീശന്‍ നായര്‍, രതീഷ് നായര്‍, ഗണേഷ് ജി. നായര്‍, രാജു നാണു, രാജ് കുറുപ്പ്, സനില്‍ ഗോപി, ഹരിദാസന്‍ പിളള, പ്രൊഫ. ജയകൃഷ്‌ണന്‍, പ്രേംകുമാര്‍, ലക്ഷ്‌മിക്കുട്ടി പണിക്കര്‍ തുടങ്ങിയവര്‍ ശോഭായാത്രയ്‌ക്ക് നേതൃത്വം നല്കി.
Discussion about this post