ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോയും ആദ്യ മലയാള സിനിമ വിഗതകുമാരനും

ജെ.സി.ഡാനിയേല്‍

ചരിത്രപ്പഴമയുടെ പെരുവഴികള്‍ – 1

കുന്നുകുഴി. എസ്‌. മണി
എണ്‍പതു വര്‍ഷം മുന്‍പാണ്‌ തിരുവിതാംകൂറിന്റെ ഭാഗമായ അഗസ്‌തീശ്വരത്തുകാരന്‍ ജെ.സി.ഡാനിയേല്‍ (ജോസഫ്‌ ചെല്ലയ്യ ഡാനിയേല്‍) എന്ന ചെറുപ്പക്കാരന്‍ മലയത്തില്‍ ആദ്യത്തെ സിനിമയ്‌ക്ക്‌ തുടക്കം കുറിച്ചത്‌, മലയാള സിനിമ നിര്‍മ്മാണത്തിനല്ല ഡിനിയേലിന്റെ ശ്രമം. കളരിപയറ്റിനെ ക്കുറിച്ച്‌ ചിത്രം നിര്‍മ്മിക്കാനാണ്‌ ആരംഭിമിട്ടത്‌. വെറും കളരിപ്പയറ്റുമാത്രമായാല്‍ ജനങ്ങള്‍ ഇഷ്‌ടപ്പെടില്ലെന്നും ഒരു കഥകൂടി ഉള്‍ക്കൊള്ളിച്ചാല്‍ നന്നായിരിക്കുമെന്നും ഡാനിയേല്‍ ചിന്തിച്ചു. അങ്ങിനെയാണ്‌ ആയിടെ തിരുവനന്തപുരത്തുണ്ടായ ഒരു സംഭവത്തെ അധികരിച്ച്‌ ഡാനിയേല്‍ തന്നെ കഥ തയ്യാറാക്കി `വിഗതകുമാരന്‍’ (ദി ലോസ്റ്റ്‌ ചൈല്‍ഡ്‌ – നഷ്‌ടപ്പെട്ട കുട്ടി)
സിനിമ നിര്‍മ്മിക്കുന്നതിന്‌ പണം വേണം. മറ്റൊരാളുമായി കൂട്ടുച്ചേര്‍ന്ന്‌ പടമെടുക്കാന്‍ തീരുമാനിച്ചുവെങ്കിലും അയാള്‍ പാതിവഴിക്കുവച്ച്‌ പിരിഞ്ഞുപോയി. ഒടുവില്‍ സിനിമ നിര്‍മ്മിക്കണമെന്ന ഭ്രാന്തമായ ആവേശം മൂത്ത ഡാനിയേല്‍ അഗസ്‌തീശ്വരത്തും, പനച്ചമൂട്ടിലും ഉണ്ടായിരുന്ന 100 ഏക്കര്‍ ഭൂമി കണ്ട വിലയ്‌ക്കു കൊടുത്തു. ആ പണവുമായി തിരുവനന്തപുരത്തെത്തിയ ഡാനിയേല്‍ പട്ടം ജംഗ്‌ഷനുസമീപം ഇന്നത്തെ പി.എസ്‌.സി.ക്കുമുന്നില്‍ രണ്ടര ഏക്കര്‍ സ്ഥലം വാങ്ങി. അന്നവിടെ `ശാരദവിലാസം’ എന്നൊരു ബംഗ്ലാവ്‌ ഉണ്ടായിരുന്നു. ഇവിടെ 1929-ല്‍ ചിത്രം നിര്‍മ്മിക്കുന്നതിനാവശ്യമായി ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോയുടെ ലറ്റര്‍പാഡിലും അനുബന്ധ രേഖകളിലും ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോ സ്ഥാപിച്ചു. ശാരദവിലാസം സ്റ്റുഡിയോ ഓഫീസായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. പില്‍ക്കാലത്ത്‌ കണ്ടെത്തിയ ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ച്ചേഴ്‌സ്‌ സ്റ്റുഡിയോയുടെ ലറ്റര്‍പാഡിലും അനുബന്ധ രേഖകളിലും ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോ, ശാരദവിലാസം, പട്ടം തിരുവനന്തപുരം എന്ന്‌ രേഖപ്പെടുത്തിയിരുന്നതില്‍ നിന്നാണ്‌ ഈ ഭാഗത്താണ്‌ സ്റ്റുഡിയോ പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ വ്യക്തമാണ്‌. മാത്രവുമല്ല. ഈ സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും ഉടമയായിരുന്ന അഡ്വ: നാഗപ്പന്‍നായരും ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോ തന്റെ പറമ്പിലായിരുന്നു സ്ഥാപിച്ചിരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. എട്ടുപതിറ്റാണ്ടു കഴിഞ്ഞിട്ടും ശാരദവിലാസത്തിന്‌ യാതൊരു കേടും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ ഈ കെട്ടിടത്തില്‍ താമസിക്കുന്നത്‌ അഡ്വ. നാഗപ്പന്‍ നായരുടെ മകളും ഭര്‍ത്താവുമാണ്‌.

മലയാള സിനിമയുടെ ആദ്യസ്‌റ്റുഡിയോ പ്രവര്‍ത്തിച്ചിരുന്ന ശാരദാവിലാസം. ഈ കെട്ടിടത്തിനുപിന്നിലായിരുന്നു താല്‍ക്കാലിക സ്റ്റുഡിയോ പ്രവര്‍ത്തിച്ചിരുന്നത്‌.

ഇതിനിടെ ഡാനിയേല്‍ പുളിമൂട്‌ സ്വദേശിയായ ജാനക്‌ എന്നു പെണ്‍കുട്ടിയെ പ്രേമിക്കുകയും വിവാഹം കഴിക്കുകയും ചെയ്‌തിരുന്നു. ഈ ദാമ്പത്തിക ജീവിതത്തില്‍ മൂന്ന്‌ കുട്ടികള്‍ ജനിച്ചിരുന്നു. ഈ കാലത്താണ്‌ സിനിമാ നിര്‍മ്മാണത്തിനായി ഡാനിയേല്‍ ആരംഭം കുറിച്ചത്‌. സ്റ്റുഡിയോ സ്ഥാപിച്ചശേഷം ഡാനിയേല്‍ മദ്രാസ്സിലും, ബോംബെയിലുംപോയി ചലചിത്ര നിര്‍മ്മാണ സ്റ്റുഡിയോകള്‍ക്കകത്തു കയറി ഫിലിം നിര്‍മ്മാണത്തിന്റെ പ്രാഥമിക വശങ്ങള്‍ മനസ്സിലാക്കി. അതിനുശേഷം കല്‍ക്കത്തയിലെത്തി രണ്ട്‌ വിദേശ നിര്‍മ്മിത ക്യാമറകളും ഫിലിമും മറ്റും വാങ്ങി മടങ്ങി തിരുവനന്തപുരത്തെത്തി.
അപ്പോഴേക്കും മറ്റൊരു കടമ്പയെ അഭിമുഖീകരിക്കേണ്ടിവന്നു. അത്‌ നായികനടിയുടെ അഭാവമാണ്‌. ആ കാലത്ത്‌ സിനിമയില്‍ അഭിനയിക്കാന്‍ സ്‌ത്രീകളെ കിട്ടുകയില്ലായിരുന്നു. ഇന്നത്തെപ്പോലെ നായികമാരുടെ ഇടിച്ചകയറ്റം അന്നില്ലായിരുന്നു. ഒടുവില്‍ പ്രമുഖ ഇംഗ്ലീഷ്‌ പത്രങ്ങളില്‍ നായികയെ ആവശ്യമുണ്ടെന്ന്‌ ആറുമാസക്കാലം പരസ്യം കൊടുത്തു. പരസ്യം കണ്ട ബോംബെക്കാരി ഒരു മിസ്‌ലാനയെന്ന ആംഗ്ലോ ഇന്ത്യന്‍ യുവതി അഭിനയിക്കാന്‍ തയ്യാറായി. ഡാനിയേല്‍ ബോംബെയിലെത്തി 5000രൂപ അഡ്വാന്‍സ്‌ കൊടുത്ത്‌ തിരുവനന്തപുരത്തു കൊണ്ടുവന്നുവെങ്കിലും മിസ്‌ലാനയുടെ അത്യാര്‍ത്തിപൂണ്ട ആവശ്യങ്ങളോട്‌ പൊരുത്തപ്പെട്ടുപോകാന്‍ ഡാനിയേലിന്‌ കഴിഞ്ഞില്ല. വന്നതുപോലെതന്നെ അഡ്വാന്‍സ്‌ തുകപോലും മടക്കി നല്‍കാതെ മിസ്‌ലാന ബോംബെയ്‌ക്ക്‌ തിരിച്ചുപോയി.
പിന്നീട്‌ പ്രസിദ്ധ തെന്നിന്ത്യന്‍ നടി.ബി.എസ്‌. സരോജയുടെ പിതാവ്‌ ജോണ്‍സണ്‍ എന്ന ലാലിയെ പെണ്‍വേഷം കെട്ടി നോക്കിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ജോണ്‍സണ്‍ അന്ന്‌ താമസിച്ചിരുന്ന തൈയ്‌ക്കാട്‌ ആശുപത്രിക്കു സമീപത്തെപുറംപോക്കു ഭൂമിയില്‍ അയല്‍പക്കത്തു താമസക്കാരിയും കൂലിപ്പണിക്കാരിയും പുലയസമുദായത്തില്‍പ്പെട്ടവളുമായ പി.കെ. റോസമ്മയെന്ന യുവതിയെ ഡാനിയേലിന്റെ അടുക്കല്‍ എത്തിച്ചു. തന്റെ നായികനടിക്ക്‌ എന്തുകൊണ്ടും അനുയോജ്യമായ റോസമ്മയെ ഡാനിയേലിന്‌ നന്നായി ബോധിച്ചു. അങ്ങിനെ റോസമ്മയെ റോസി എന്ന്‌ പേരുമാറ്റി വിഗതകുമാരനില്‍ നായികയായി അഭിനയിപ്പിച്ചു. പയനിയര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച വിഗതകുമാരന്‍ 1928-ല്‍ പൂര്‍ത്തീകരിച്ചു. പട്ടത്തെ ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോ സ്ഥലത്ത്‌ അവിടവിടെ സെറ്റുകള്‍ തയ്യാറാക്കിയിട്ടാണ്‌ സ്റ്റുഡിയോ ഫ്‌ളോര്‍ തയ്യാറാക്കിയതെന്ന്‌ വിഗതകുമാരനില്‍ സിലോണിലെ ഹോട്ടല്‍ മാനേജരുടെ വേഷത്തില്‍ അഭിനയിച്ച ഡാനിയേലിന്റെ ഭാര്യാ സഹോദരന്‍ നന്തന്‍കോട്‌ വിന്‍സണ്‍സിംഗ്‌ മരിക്കുന്നതിന്‌ ഒരു വര്‍ഷം മുന്‍പ്‌ ഈ ലേഖകനുമായുള്ള ഒരു ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയിരിക്കുന്നു. സിലോണിലെ ഹോട്ടല്‍പോലും കര്‍ട്ടനുകള്‍ കെട്ടിയാണ്‌ ഉണ്ടാക്കിയതെന്ന്‌ വിന്‍സണ്‍സിംഗ്‌ ഓര്‍ത്തു പറഞ്ഞു. അന്ന്‌ ബി.എ.യ്‌ക്ക്‌ യൂണിവേഴ്‌സിറ്റി കേളേജില്‍ പഠിക്കുകയായിരുന്നു വിന്‍സണ്‍സിംഗ്‌. ഇന്നത്തെപ്പോലെ ലൈറ്റിംഗ്‌ സമ്പ്രദായമില്ലാത്തതിനാല്‍ സൂര്യപ്രകാശത്തിലും പകല്‍വെളിച്ചത്തിലുമായിരുന്നു ഷൂട്ടിംഗ്‌ നടത്തിയിരുന്നത്‌. അതുകൊണ്ടുതന്നെ മേല്‍ക്കൂരയില്ലാത്ത സെറ്റുകളാണ്‌ അന്നുണ്ടാക്കിയിരുന്നതെന്ന്‌ 1971-ല്‍ ഈ ലേഖകന്‍ അഗസ്‌തീരത്തെത്തി ജെ.സി.ഡാനിയേലിനെ നേരില്‍ കണ്ട്‌ അഭിമുഖം നടത്തിയപ്പോള്‍ ഡാനിയല്‍ പറഞ്ഞിരിക്കുന്നു. കഥ, തിരക്കഥാരൂപം, സംവിധാനം, ക്യാമറ, നിര്‍മ്മാണം, അഭിനയം എല്ലാം ജെ.സി. ഡാനിയേല്‍ ഒറ്റയ്‌ക്കാണ്‌ ചെയ്‌തിരുന്നത്‌. ജെ.സി. ഡാനിയേലിനെകൂടാതെ ബാലനടനായി കൊച്ചുമകന്‍ സുന്ദരം ഡാനിയേല്‍, ജോണ്‍സണ്‍, പി.കെ.റോസി, കുന്നുകുഴി സ്വദേശികളായ റീന, കമല, ചെല്ലപ്പന്‍ തുടങ്ങിയവര്‍ വിഗതകുമാരനില്‍ അഭിനയിച്ചിരുന്നു.
മലയാളത്തിലെ പ്രഥമ ചിത്രമായ വിഗതകുമാരന്‍ 1928 നവംബര്‍ 7ന്‌ സ്റ്റാച്യൂവിനു സമീപത്തെ ടെന്റു തിയേറ്ററായ ക്യാപ്പിറ്റോള്‍ തിയേറ്ററില്‍ വൈകുന്നേരം 6.30ന്‌ പ്രസിദ്ധ അഭിഭാഷകനായ മള്ളൂര്‍ എസ്‌. ഗോവിന്ദപിള്ള ഉത്‌ഘാടനം ചെയ്‌തു. ക്യാപിറ്റോള്‍ മോട്ടേഴ്‌സ്‌ കെട്ടിടം ഇരിക്കുന്നത്‌. മലയാളത്തിലെ ആദ്യ നിശബ്‌ദ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം നിറഞ്ഞ സദസിനു മുന്നില്‍ ആരംഭിച്ചു. നായിക പി.കെ.റോസിയുടെ തലയിലിരുന്നപൂവ്‌ നായകന്‍ സെക്കിളില്‍ വന്ന്‌ എടുത്തരംഗം കണ്ടതോടെ കാണികള്‍ ഇളകി കൂക്കുവിളിയും അട്ടഹാസവും തുടങ്ങി. തുടര്‍ന്ന്‌ പൊരിഞ്ഞ കല്ലേറായിരുന്നു. കല്ലേറില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിരശ്ശീല കീറിപ്പോയിരുന്നു. ജീവനുംകൊണ്ട്‌ ഓടി തൊട്ടടുത്ത ഒരുവീട്ടില്‍ അഭയംതേടിയെന്നാണ്‌ ഡാനിയേല്‍ അഭിമുഖത്തില്‍ പറഞ്ഞത്‌. തുടര്‍ന്ന്‌ നാഗര്‍കോവില്‍ പയനിയര്‍ തിയേറ്ററിലും, കൊല്ലം, മാവേലിക്കര, ആലപ്പുഴ, തൃശ്ശൂര്‍, തലശ്ശേരി എന്നിവിടങ്ങളിലും വിഗതകുമാരന്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും മുടക്കിയ പൈസപോലും ഡാനിയേലിന്‌ തിരിച്ചുകിട്ടിയില്ല. 1929-ല്‍ `പബ്ലിക്‌ മിറര്‍’ എന്നൊരു അവാര്‍ഡ്‌ ഡാനിയേലിന്‌ ലഭിച്ചു. പരാജയം ഏറ്റുവാങ്ങിയെങ്കിലും ഡാനിയേല്‍ `അടിമുറൈ മര്‍മ്മം’ എന്ന രണ്ടാമതൊരു ചിത്രത്തിന്റെ പണികള്‍ ആരംഭിച്ചുവെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. കടം കൊണ്ട്‌ സഹികെട്ട ഡാനിയേല്‍ പട്ടത്തെ സ്റ്റുഡിയോയും രണ്ടര ഏക്കര്‍ ഭൂമിയും വിറ്റ്‌ മദ്രാസിലേക്കു വണ്ടികയറുകയായിരുന്നു. അവിടെ ദന്തവൈദ്യം പഠിച്ച്‌ ഒരു ദന്ത ഡോക്‌ടറായി പാളയംകോട്ടെത്തി ആശുപത്രിസ്ഥാപിച്ചു. ദുരന്തപൂര്‍ണമായിരുന്നു അവസാനനാളുകള്‍. പക്ഷാഘാതം പിടിപെട്ട്‌ അഗസ്‌തീ തീരത്തെ കുടുംബവീട്ടില്‍ കഴിയുമ്പോഴാണ്‌ ഈ ലേഖകന്‍ ഡാനിയേലിനെ കാണുന്നത്‌. 1928-ല്‍ റിലീസ്‌ ചെയ്‌ത മലയാളത്തിലെ ആദ്യ ചിത്രമായ വിഗതകുമാരന്റെ പ്രിന്റുകളോ ചിത്രങ്ങളോ ലഭിച്ചിട്ടില്ല. ചിലര്‍ പ്രിന്റിന്റെ മുന്നൂ റീലുകള്‍ കണ്ടെത്തിയെന്നു പറയുന്നുണ്ടെങ്കിലും ഫിലിംറോളുകള്‍ നിവര്‍ത്തുകളിച്ച്‌ എല്ലാം നശിച്ചുവെന്നാണ്‌ മകള്‍ ലളിത ഹെന്‍ഡ്രി ജോണ്‍ പറഞ്ഞത്‌. റീലുകള്‍ ഉണ്ടെങ്കില്‍ അവ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകണം.

Related Posts

Next Post

Discussion about this post