ശ്രീകൃഷ്ണഭഗവാനെപ്പോലെ ആശ്രിതവല്‍സലനായ മറ്റൊരു അവതാരപുരുഷനെ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ കാണാന്‍ കഴിയില്ല. ഭഗവാനെക്കുറിച്ചുള്ള അനേകമനേകം കഥകളുണ്ട്. അവയുടെയൊക്കെ ആധികാരികത ആര്‍ക്കും ഉറപ്പാക്കാനാവില്ല. അതുപോലെ ആധികാരികതയുടെ അവകാശ വാദങ്ങള്‍ ഇല്ലാതെ ഭഗവാന്റെ ആശ്രിത വാല്‍സല്യത്തിന്റെ അനുപമമായ ഒരു കഥ ഇവിടെ കുറിക്കുന്നു.
കുരുക്ഷേത്ര യുദ്ധം നടക്കുകയാണ്. ധ്രുഷ്ടദ്യുമ്‌നന്‍ ആണ് പാണ്ഡവരുടെ മുഖ്യ സേനാ നായകന്‍. കൌരവരുടെ സര്‍വ്വ സൈന്യാധിപന്‍ ഭീഷ്മര്‍ ആണ്. പാണ്ഡവരെക്കാള്‍ സേനാബലം കൌരവര്‍ക്കാണ്. ആദ്യ രണ്ടുദിവസം കഴിഞ്ഞിട്ടും പാണ്ഡവരില്‍ ഒരാളെപ്പോലും കീഴ്‌പ്പെടുത്താന്‍ ഭീഷ്മര്‍ നയിക്കുന്ന കൌരവസേനയ്ക്ക് കഴിഞ്ഞില്ല. ദുര്യോധനന്‍ നിരാശനായി. ഭീഷ്മപിതാമഹന് മാനസികമായി പാണ്ഡവരോടാണോ അടുപ്പം എന്നു അയാള്‍ സംശയിച്ചു. ഭീഷ്മരെ ചെന്നു കണ്ടു അയാള്‍ തന്റെ പരിഭവവും അമര്‍ഷവും അറിയിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു. :-
‘ അങ്ങയെപ്പോലെ വിശ്വവിഖ്യാതനായ വില്ലാളി വീരന്‍ നയിക്കുന്ന കൌരവസേനയ്ക്ക് എന്തുകൊണ്ട് ഇത് വരെ പാണ്ഡവരില്‍ ഒരാളെപ്പോലും വധിക്കാന്‍ കഴിയുന്നില്ല? അങ്ങയുടെ മനസ്സ് ഇപ്പോഴും പാണ്ഡവരോടു ഒപ്പമാണെന്ന് ഞാന്‍ സംശയിക്കുന്നു. ഇങ്ങനെ ആണെങ്കില്‍ നമുക്ക് ഒരിയ്ക്കലും യുദ്ധം ജയിക്കാന്‍ കഴിയുകയില്ല. ‘
ഭീഷ്മര്‍ കുപിതനായി ഇങ്ങനെ മറുപടി പറഞ്ഞു:-
”ദുര്യോധനാ! നിന്റെ ക്രൂരമായ ഈ വാക്കുകള്‍ക്ക് ഞാന്‍ മറുപടി പറയുന്നില്ല. നീ എന്റെ ധര്‍മ്മ ബോധത്തെയാണ് ചോദ്യം ചെയ്യുന്നത്. ഞാന്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ചാണ് യുദ്ധം ചെയ്യുന്നത്. ‘
ദുര്യോധനന്‍ ഉടന്‍ പ്രതികരിച്ചു:
”അങ്ങിനെയെങ്കില്‍ അങ്ങ് എനിക്കു ഒരു വാക്ക് തരണം. രണ്ടു ദിവസത്തിനുള്ളില്‍ പാണ്ഡവര്‍ അഞ്ചു പേരെയും അങ്ങ് വധിക്കുമെന്ന് എനിക്കു ഉറപ്പ് തരണം. അങ്ങേയ്ക്ക് അത് നിഷ്പ്രയാസം കഴിയും. അത്തരം ഒരു ഉറപ്പ് എനിക്കു തന്നില്ലെങ്കില്‍ അങ്ങയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ എനിക്കാവില്ല. ‘
ഭീഷ്മര്‍ ഒരു നിമിഷം ആലോചിച്ചു. അദ്ദേഹത്തിന്റെ മുഖം ഗൌരവപൂര്‍ണ്ണമായി. ഒടുവില്‍ അദ്ദേഹം പറഞ്ഞു:
”ശരി! നിന്റെ ആഗ്രഹം പോലെ ആകട്ടെ. രണ്ടു ദിവസത്തിന്നകം ഞാന്‍ തന്നെ അഞ്ചു പാണ്ഡവരെയും വധിക്കാം. പോരേ?”
ദുര്യോധനന്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി സ്വന്തം പാളയത്തില്‍ എത്തി അനുചരരോടു ഉറക്കെ വിളിച്ച് പറഞ്ഞു.
”നമ്മള്‍ യുദ്ധം ജയിച്ചു കഴിഞ്ഞു . അഞ്ചു പാണ്ഡവരെയും രണ്ടു ദിവസത്തിനകം വധിക്കാമെന്ന് ഭീഷ്മപിതാമഹന്‍ വാക്ക് തന്നു കഴിഞ്ഞു. ഇനി ഒന്നും ഭയപ്പെടാനില്ല. ‘
കൌരവപാളയത്തില്‍ ആഹ്ലാദാരവങ്ങള്‍ മുഴങ്ങി. ഈ വിവരം ഉടന്‍ തന്നെ പാണ്ഡവരുടെ ചാരന്മാര്‍ ദ്രൌപദിയെ അറിയിച്ചു. അശുഭവാര്‍ത്ത അറിഞ്ഞ ഉടന്‍ ദ്രൌപദി ബോധരഹിതയായി നിലംപതിച്ചു. അല്‍പ്പം കഴിഞ്ഞു ഉണര്‍ന്നെഴുന്നേറ്റ അവള്‍ ശ്രീകൃഷ്ണ ഭഗവാന്റെ സമീപത്തേക്ക് ഓടിച്ചെന്നു. ഭഗവാന്റെ കാല്‍ക്കല്‍ വീണു കരഞ്ഞുകൊണ്ടു അവള്‍ പറഞ്ഞു:-
”രക്ഷിക്കണം. എന്റെ അഞ്ചു ഭര്‍ത്താക്കന്മാരെയും രണ്ടു ദിവസത്തിനകം വധിക്കുമെന്ന് ഭീഷ്മപിതാമഹന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു.”
”ഓഹോ അങ്ങിനെയോ? ഭീഷ്മപ്രതിജ്ഞ.അല്ലേ? ആകട്ടെ. നമുക്ക് നോക്കാം. ദ്രൌപദി ഞാന്‍ പറയുന്നതു പോലെ ചെയ്യണം. ഇപ്പോള്‍ സായാഹ്നമായിരിക്കുന്നു. ഇന്നത്തെ യുദ്ധം അവസാനിക്കുകയാണ്. എന്നും യുദ്ധം കഴിഞ്ഞു ഭീഷ്മപിതാമഹന്‍ സ്‌നാനം കഴിഞ്ഞു സ്വന്തം കൂടാരത്തില്‍ ധ്യാനനിമഗ്ദനായി ഏറെ നേരം ഇരിക്കും. അപ്പോള്‍ ദീപങ്ങള്‍ ഒന്നും തെളിക്കാന്‍ അദ്ദേഹം അനുവദിക്കില്ല. ഇരുളില്‍ ഏകാന്തധ്യാനം നടത്താനാണ് അദ്ദേഹത്തിന് ഇഷ്ടം. ആ സമയത്ത് ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ പാദപ്രണാമം നടത്തി അനുഗ്രഹം വാങ്ങാം. ഇന്ന് ആ സമയത്ത് ദ്രൌപദി അവിടെ ചെന്നു അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങണം. എന്നാല്‍ അത് ദ്രൌപദി ആണെന്ന് അദ്ദേഹം തിരിച്ചറിയരുത്. അതുകൊണ്ടു നീ നിന്റെ മാലയും വളകളും കാല്‍ത്തളയും എല്ലാം അഴിച്ചു വെച്ചിട്ടു വേണം പോകാന്‍. അവയുടെ നേരിയ ശബ്ദം കൊണ്ട് പോലും നിന്നെ അദ്ദേഹം തിരിച്ചറിയും.”
”അത് കൊണ്ട് എന്താണ് പ്രയോജനം ഭഗവാനെ? അദ്ദേഹം തന്റെ തീരുമാനത്തില്‍ നിന്നു പിന്‍മാറുമോ?” ദ്രൌപദി ചോദിച്ചു.
”ഞാന്‍ പറഞ്ഞു തീര്‍ന്നില്ല. ‘ കൃഷ്ണന്‍ തുടര്‍ന്ന്:പറഞ്ഞു:
‘ ഭീഷ്മര്‍ തന്റെ കാല്‍ തൊട്ട് തൊഴുന്ന എല്ലാവരെയും ശിരസ്സില്‍ കൈ വെച്ചു അനുഗ്രഹിക്കും.. പുരുഷന്മാരെ ”ആയുഷ്മാന്‍ ഭവ” എന്നും സ്ത്രീകളെ ”ദീര്‍ഘ സുമംഗലീ ഭവ” എന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം അനുഗ്രഹിക്കുക. നീ ഒരു പ്രാവശ്യം അനുഗ്രഹം വാങ്ങിയത് കൊണ്ട് തൃപ്തിപ്പെടരുത്. വീണ്ടും ആരാധകരുടെ വരിയില്‍ പോയി നിന്നു അനുഗ്രഹം വാങ്ങണം. അങ്ങിനെ ഏഴു പ്രാവശ്യം ആവര്‍ത്തിക്കണം”
ദ്രൌപദി ഭയചകിതയായി പറഞ്ഞു ”എനിക്കു പേടിയാകുന്നു ഭഗവാനെ! പിതാമഹന്‍ എന്നെ തിരിച്ചറിഞ്ഞാല്‍ ?”
”തിരിച്ചറിയുകയില്ല, തിരിച്ചറിഞ്ഞാലും ഒന്നും സംഭവിക്കില്ല. അത്രയ്ക്ക് ഭയമാണെങ്കില്‍ പുറത്തു വരെ ഞാന്‍ കൂടെ വരാം. പോരേ?”
അങ്ങിനെ ദ്രൌപദിയും ശ്രീകൃഷ്ണനും കൌരവരുടെ കൂടാരത്തിലേക്ക് ചെന്നു. ഭഗവാനെ കണ്ടു ദ്വാരപാലകര്‍ വിനയപൂര്‍വ്വം വഴിമാറിക്കൊടുത്തു. ഭീഷ്മരുടെ കൂടാരത്തിന് മുന്നില്‍ കൃഷ്ണന്‍ നിന്നു. ആകാശം മേഘാവൃതമായിരുന്നു, ദ്രൌപദിയുടെ ആകാംക്ഷാഭരിതമായ മനസ്സ് പോലെ. ദ്രൌപദി പാദുകങ്ങള്‍ അഴിച്ചു വെച്ചു മെല്ലെ മുന്നോട്ട് പോയി.
അകത്തു ആരാധകരുടെ നീണ്ട നിര ഓരോരുത്തരായി ഭീഷ്മരുടെ പാദം സ്പര്‍ശിച്ചു അനുഗ്രഹം വാങ്ങി മടങ്ങി. ദ്രൌപദിയുടെ ഊഴമായി. പിതാമഹന്റെ കാല്‍ തൊട്ട് അവള്‍ മനസ്സ് നൊന്ത് മൌനമായി പ്രാര്‍ത്ഥിച്ചു. ഭീഷ്മരുടെ ഘനഗംഭീരമായ ശബ്ദം അവളുടെ ഹൃദയത്തില്‍ കുളിര് കോരിയിട്ടു: ‘ദീര്‍ഘ സുമംഗലീ ഭവ!”
അങ്ങിനെ ഏഴുപ്രാവശ്യം ദ്രൌപദി അനുഗ്രഹം വാങ്ങി. ഏഴാമത് പ്രാവശ്യം ഭീഷ്മര്‍ ചോദിച്ചു: ”നീ ആരാണ്? ഇപ്പോള്‍ പല പ്രാവശ്യമായി നീ എന്റെ അനുഗ്രഹം വാങ്ങുന്നു.?” പരിചാരകരെ വിളിച്ച് അദ്ദേഹം ആജ്ഞാപിച്ചു – “ആരവിടെ? ദീപങ്ങള്‍ തെളിയ്ക്കൂ”
ദീപങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം ദ്രൌപദിയെ കണ്ടു.
‘ ഓ! ദൌപദിയോ? നിന്നെ ആരാണ് ഇങ്ങോട്ട് പറഞ്ഞയച്ചത്?”
മറുപടി പറയാന്‍ ദ്രൌപദി മടിച്ച് നിന്നപ്പോള്‍ ഭീഷ്മര്‍ തന്നെ പറഞ്ഞു:-
”എനിക്കു ഊഹിക്കാന്‍ കഴിയും. സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ ആയിരിയ്ക്കും നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്. എന്നിട്ട് അദ്ദേഹം എവിടെ?””
”പുറത്തു നില്ക്കുന്നു.” ദ്രൌപദി പ്രതിവചിച്ചു.
നിന്നോടൊപ്പം ഞാനും വരാം.”
പുറത്തു മഴ ചാറിത്തുടങ്ങിയിരുന്നു. ദ്രൌപദി യോടൊപ്പം ഭീഷ്മര്‍ പുറത്തേക്ക് ചെന്നപ്പോള്‍ അരണ്ട വെളിച്ചഥ്ഹില്‍ അകലെ നില്‍ക്കുന്ന ഭഗവാനെ കണ്ടു. മഴത്തുള്ളികള്‍ ഭഗവാന്റെ കാരുണ്യവര്‍ഷം പോലെ ആ കോമളകളേബരത്തിലൂടെ പെയ്തിറങ്ങുകയാണ്. അതിനിടയ്ക്ക് ദ്രൌപദി ചോദിച്ചു:- ‘ എന്റെ പാദുകങ്ങള്‍ എവിടെ?”
കൃഷ്ണന്‍ പറഞ്ഞു, ദാ! നിന്റെ പാദുകങ്ങള്‍!”
ദ്രൌപദി നോക്കിയപ്പോള്‍ വിസ്മയകരമായ ഒരു കാഴ്ച കണ്ടു. ദ്രൌപദിയുടെ പാദുകങ്ങള്‍ ഭഗവാന്‍ തന്റെ ശ്രീവല്‍സാങ്കിതമായ മാറീല്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നു. !
”നിനക്കു ഈ അടുത്ത കാലത്ത് യുധിഷ്ഠിരന്‍ പ്രേമപൂര്‍വ്വം നല്കിയ പുതിയ പാദുകങ്ങള്‍ അല്ലേ? അത് മഴയിലും ചെളിയിലും കുതിരണ്ട എന്നു കരുതി.”
ദ്രൌപദിയുടെ കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ഭഗവാന്റെ കാരുണ്യം ഇങ്ങനെ ലഭിക്കാന്‍ ഞാന്‍ എന്തു മുജ്ജന്‍മ സുകൃതമാണ് ചെയ്തത് ?
ഭീഷ്മര്‍ പറഞ്ഞു:’ കൃഷ്ണാ! അങ്ങ് എന്നെ അക്ഷരാര്‍ത്ഥത്തില്‍ തോല്‍പ്പിച്ചു കളഞ്ഞു. അങ്ങയുടെ സംരക്ഷണവും അനുഗ്രഹവും ഉള്ള പാണ്ഡവരെ വധിക്കാം എന്നു കരുതിയ ഞാന്‍ എത്ര ബുദ്ധിശൂന്യനാണ്!. പക്ഷേ ഒന്നു മാത്രം എനിക്കു മനസ്സിലായില്ല. ദ്രൌപദിയെക്കൊണ്ടു ഏഴു പ്രാവശ്യം അനുഗ്രഹം വാങ്ങിപ്പിച്ചത് എന്തിനാണ്.?”
കൃഷ്ണന്‍ പറഞ്ഞു:- ”അങ്ങേക്ക് അറിയാമല്ലോ. ഏഴു പ്രാവശ്യം അനുഗ്രഹിച്ചാല്‍ അത് വരം ആയി മാറുമെന്നും അങ്ങേയ്ക്ക് പോലും അത് തിരിച്ചെടുക്കാന്‍ കഴിയുകയില്ലെന്ന്. അത്തരം ഒരു പഴുതു കൂടി അടച്ചെന്നേ ഉള്ളൂ. പിന്നെ, ഇവിടെ പാണ്ഡവര്‍ തന്നെയേ ജയിക്കുകയുള്ളൂ. കാരണം ധര്‍മ്മം അവരുടെ പക്ഷത്താണ്. ധര്‍മ്മം ജയിക്കാന്‍ അങ്ങ് അനുഗ്രഹിക്കണം”
വിശ്വവശ്യമായ മന്ദഹാസത്തോടെ കൃഷ്ണന്‍ ദ്രൌപദീയോടൊപ്പം നടന്നു നീങ്ങുന്നത് ഭീഷ്മര്‍ നിര്‍വൃതിയോടെ നോക്കി നിന്നു.
Discussion about this post