ലാ പ്ലാറ്റ: കോപ്പ അമേരിക്ക ഫുട്ബാളിന്റെ ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോയുടെ യുവനിരയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് ഉറുഗ്വായ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ ഉറുഗ്വായ്ക്കുവേണ്ടി പതിനാലാം മിനിറ്റില്‍ അല്‍വാരോ പെരേരയാണ് വിജയഗോള്‍ നേടിയത്. ഡീഗോ ഫോര്‍ലാന്റെ ഒരു ഫ്രീകിക്ക് ഡിഫ്ലാക്റ്റ് ചെയ്തുവന്നാണ് ഗോളില്‍ കലാശിച്ചത്. ഗോളി പന്ത് കൈപ്പിടിയിലാക്കാന്‍ ശ്രമിച്ചെങ്കിലും അത് അല്‍പം വഴുതുകയും കാത്തുനിന്ന അല്‍വാരോ ലക്ഷ്യം തെറ്റിക്കാതെ വല ചലിപ്പിക്കുകയും ചെയ്തു. കളിയിലുടനീളം ഉറുഗ്വായ്ക്കു തന്നെയായിരുന്നു വ്യക്തമായ മേല്‍ക്കൈ. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡീഗോ ഫോര്‍ലാന്റെ നേതൃത്വത്തില്‍ എണ്ണമറ്റ തവണയാണ് അവര്‍ മെക്‌സിക്കന്‍ ഗോള്‍മുഖം ആക്രമിച്ചത്. മുപ്പതാം മിനിറ്റില്‍ ഫോര്‍ലാന്റെ ഒരു കിടിലന്‍ ഷോട്ട് ഇടതുപോസ്റ്റിലിടിച്ച് മടങ്ങി. അഞ്ചു മിനിറ്റിനുശേഷം ഫോര്‍ലാന്റെ സ്‌ട്രൈക്കിങ് ജോഡിയായ ലൂയിസ് സുവാരസിന്റെ ഷോട്ട് മെക്‌സിക്കന്‍ ഗോളി ലൂയിസ് ഏണസ്റ്റോ മൈക്കല്‍ കുത്തിയകറ്റുകയും ചെയ്തു.
ഇതോടെ ഏറ്റവും കൂടുതല്‍ തവണ കോപ്പ അമേരിക്ക കിരീടം നേടിയ രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടമായി ഈ ക്വാര്‍ട്ടര്‍ മാറും.
Discussion about this post