ന്യൂഡല്‍ഹി: ലോക്ക് ഡൗണിനോട് ജനങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലരാജ്യങ്ങളും ഇത് മാതൃകയാക്കുന്നു എന്നും ഇത് സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിന്റെ ഐക്യം പ്രകടമാകുന്നു. ഒറ്റക്ക് എങ്ങനെ രോഗത്തെ നേരിടുമെന്ന് പലരും വിചാരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഒറ്റക്കല്ല 130 കോടി ജനങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവര്‍ക്കും നന്ദി. പോരാട്ടം തുടരേണ്ടതുണ്ട്’. മോദി പറഞ്ഞു.
കൊറോണ ഭീതിയുടെ ഇരുട്ട് നീക്കണം. ഇതിനായി ഞായറാഴ്ച രാത്രി 9 മണിക്ക് വീടുകളിലെ ലൈറ്റ് ഓഫ് ചെയ്ത് 9 മിനിറ്റ് ടോര്‍ച്ച്, മെഴുകുതിരി, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കണം. ഈ ദീപത്തിന്റെ പ്രകാശം 130 കോടി ജനങ്ങളുടെ ശക്തി പ്രകടമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഒരുമിച്ച് ആരും പുറത്ത് ഇറങ്ങരുത് എന്നും അദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു.













