വ്യവസായ തലസ്ഥാനമായ മുംബൈയില്‍ വീണ്ടും സ്‌ഫോടന പരമ്പര നടത്തിക്കൊണ്ട് ഭീകരര്‍ ഭാരതത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്. ഇരുപത്തിരണ്ടുപേരുടെ മരണത്തിനും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഈ സ്‌ഫോടനപരമ്പര കാരണമായി. പലരുടേയും നില ഗുരതരമായിതുടരുന്നു. 1991ലെ മുംബൈ സ്‌ഫോടനത്തിനുശേഷം ആ നഗരം സ്‌ഫോടനപരമ്പരയ്ക്കു സാക്ഷ്യം വഹിക്കുന്നത് ഇത് ഏഴാമത്തെ തവണയാണ്. ഇതിനിടയില്‍ അഹമ്മദാബാദ്, ബാംഗ്ലൂര്‍ തുടങ്ങി ഭാരതത്തിന്റെ മറ്റു പല സ്ഥലങ്ങളിലും സ്‌ഫോടനപരമ്പര അരങ്ങേറിയിട്ടുണ്ട്. ആയിരക്കണക്കിന് നിരപരാധികളുടെ വിലപ്പെട്ട ജീവനാണ് ഇതിലൂടെ നഷ്ടമായത്.
ഓരോ സ്‌ഫോടനപരമ്പരയ്ക്കുശേഷം സുരക്ഷ കര്‍ശനമാക്കുമെന്നും രഹസ്യാന്വേഷണ വിഭാഗത്തെ കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാക്കും എന്നുമൊക്കെ ഭരണാധികാരികള്‍ വാഗ്ദാനം നല്‍കുമെങ്കിലും ഭീകരര്‍ നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുത്തുകൊണ്ട് വീണ്ടും വീണ്ടും ചോരപ്പുഴ ഒഴുക്കുകയാണ്. ഏതു സുരക്ഷയെയും വെല്ലുവിളിച്ചുകൊണ്ട് തങ്ങള്‍ക്ക് എവിടെയും കടന്നാക്രമണം നടത്താന്‍ കഴിയുമെന്ന് പാര്‍ലമെന്റ് ആക്രമണത്തിലൂടെ ഭീകരര്‍ തെളിയിച്ചതാണ്.
ഭാരതത്തില്‍ നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കുപിന്നിലും പ്രത്യക്ഷമായോ പരോക്ഷമായോ പാക്കിസ്ഥാന്റെ കൈകള്‍ ഉണ്ട് എന്നത് വ്യക്തമായകാര്യമാണ്. ഭാരതത്തെ എല്ലാതരത്തിലും അസ്ഥിരപ്പെടുത്തുക എന്ന ഗൂഢലക്ഷ്യം മാത്രമല്ല ഇതിനുപിന്നിലുള്ളത്. ചില ഭീകരര്‍ വച്ചുപുലര്‍ത്തുന്നത് അസംഭവ്യമായ അതിമോഹമാണ്. അവരുടെ ലക്ഷ്യം ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കുക എന്നതാണ്.
ക്ഷമ ഭീരുത്വത്തിന്റെ ലക്ഷണമായി ഒരുപക്ഷേ കാണുന്ന പാക്കിസ്ഥാന് ചുട്ട മറുപടികൊടുക്കാന്‍ ഇതുവരെ ഭാരതത്തിന് കഴിയാത്തതാണ് വീണ്ടും ചോരപ്പുഴ ഒഴുകുന്നതിന് കാരണമായിത്തീരുന്നത്. പാക് അധിനിവേശ കാശ്മീരില്‍ ഭീകരപരിശീലനക്യാമ്പുകള്‍ ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. ഭാരതത്തിലേക്ക് വിധ്വംസക പ്രവര്‍ത്തനം നടത്തുന്നതിനായാണ് ഇവിടെ ഭീകരരെ പരിശീലിപ്പിക്കുന്നത് എന്നത് പകല്‍പോലെ വ്യക്തമാണ്. എന്നിട്ടും നാം ക്ഷമയുടെ പേരില്‍ എല്ലാം സഹിക്കുകയാണ്. സഹനത്തിന്റെ നെല്ലിപ്പലക കണ്ടു. ഇനിയും കാത്തിരുന്നാല്‍ ഭാരതമെന്ന രാഷ്ട്രത്തിന്റെ അസ്ഥിത്വത്തെതന്നെ ഇല്ലാതാക്കുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളാവും ഉണ്ടാവുക.
പാക്കിസ്ഥാന്‍ ആണവശക്തി ആണെന്നതിന്റെ പേരിലാണ് ഒരുപക്ഷേ ഭാരതം കാര്യങ്ങളെ അവധാനതയോടെയും പ്രായോഗികമായും സമീപിക്കുന്നത്. എന്നാല്‍ ഇത് ഇനിയും എത്രനാള്‍ എന്നചോദ്യം അവശേഷിക്കുകയാണ്.
ഒസാമ ബില്‍ലാദനെ പാക്കിസ്ഥാന്‍ മണ്ണില്‍ചെന്ന് വകവരുത്തിയ അമേരിക്കയുടെ നടപടി ഭാരതം മാതൃകയാക്കണം. പാക് അധിനിവേശകാശ്മീരിലെ ഭീകരക്യാമ്പുകള്‍ മുച്ചൂടും തകര്‍ത്തുകൊണ്ട് ഭാരതം പാക്കിസ്ഥാന് ആദ്യത്തെ പ്രഹരം നല്‍കണം. അതില്‍നിന്നും പാഠം ഉള്‍ക്കൊള്ളാനായില്ലെങ്കില്‍ ഭാരതത്തിന്റെ നിലനില്പിനെ ചോദ്യം ചെയ്യുന്ന ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്ന പാക്കിസ്ഥാനെ ആ മണ്ണില്‍ കടന്നുകയറിതന്നെ പാഠം പഠിപ്പിക്കണം. ഒരുപക്ഷേ അതിന് ഭാരതത്തിനും വിലനല്‍കേണ്ടിവരും. എന്നാല്‍ അധര്‍മ്മത്തിനെതിരെയുള്ള ആ തിരിച്ചടി ഇന്നല്ലെങ്കില്‍ നാളെ അനിവാര്യമാണ്. ഇതല്ലാതെ ഇനിയും നമുക്ക് സമാധാനത്തിന്റെ പേരുപറഞ്ഞുകൊണ്ട് മുന്നോട്ടുപോകാന്‍ ആകില്ല. അത്തരം ഒരു നിലപാട് ആത്മഹത്യാപരമായിരിക്കും.
ചില തീരുമാനങ്ങള്‍ നിര്‍ണായകവും ചരിത്രപരവുമായിരിക്കും. അത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതിന് ഭാരതം ഇനിയും വൈകിക്കൂടാ.
Discussion about this post