തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ചടങ്ങ് മാത്രമായി നടത്തുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. മറ്റ് ആഘോഷങ്ങളോ വിഷുവിളക്കോ ഇത്തവണ ഉണ്ടാവില്ല. കീഴേടം വാസുണ്ണി നമ്പൂതിരി, കൊടയ്ക്കാട് ശശി നമ്പൂതിരി എന്നിവര്‍ ഇന്നു രാത്രി ശ്രീലകത്ത് കണിയൊരുക്കും. ഓട്ടുരുളിയില്‍ ഉണക്കലരി, കണിക്കൊന്ന, വെള്ളരി, സ്വര്‍ണം, ഗ്രന്ഥം, പുതുപ്പണം, മുല്ലപ്പൂവ്, നന്ദ്യാര്‍വട്ടം, ചക്ക, മാമ്പഴം എന്നിവയടങ്ങിയതാണ് കണി. പുലര്‍ച്ചെ 2ന് മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി കുളിച്ചുവന്ന് നാളികേര മുറിയില്‍ നെയ്ത്തിരി തെളിയിച്ച് കണ്ണനെ കണി കണി കാണിക്കും. കണ്ണന്റെ കയ്യില്‍ ഒരു പുതുപ്പണം വിഷുക്കൈനീട്ടമായി നല്‍കും. മുഖമണ്ഡപത്തില്‍ സ്വര്‍ണസിംഹാസനത്തില്‍ അലങ്കാരങ്ങളോടെ തങ്കത്തിടമ്പ് വച്ച് ഭക്തര്‍ക്കായി കണിയൊരുക്കും. കണി കാണാന്‍ ദേവസ്വം ഭരണാധികാരികളും ഡ്യൂട്ടിയിലുള്ള പാരമ്പര്യാവകാശികളും ഉദ്യോഗസ്ഥരും മാത്രമാകും. 3ന് കൂട്ടിക്കൊട്ടോടെ തിടമ്പ് ശ്രീലകത്തേയ്ക്ക് എടുക്കും. പിന്നെ പതിവു പതിവു ചടങ്ങുകളായി. നമസ്‌കാരസദ്യ ചടങ്ങു മാത്രമാകും. കാഴ്ചശീവേലിയും വിളക്കും ഉണ്ടാകില്ല. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിഗുരുവായൂര്‍ ഉത്സവവും സമാനമായി ചടങ്ങ് മാത്രമായാണ് നടത്തിയത്.













