ജനീവ: പൊതുഇടങ്ങളില്‍ അണുനാശിനി തളിക്കുന്നതിലൂടെ കൊറോണ വൈറസിനെ ഇല്ലാതാക്കാനാവില്ലെന്നു ലോകാരോഗ്യസംഘടന. അണുനാശിനി പൊതുസ്ഥലങ്ങളില്‍ തളിക്കുന്നത് പുതിയ കൊറോണ വൈറസിനെ ഇല്ലാതാക്കില്ല പകരം വിപരീത ഫലമുണ്ടാക്കും. ഇത് ആരോഗ്യത്തിന് അത്യന്തം അപകടമുണ്ടാക്കുകയും ചെയ്യും-ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നല്‍കി. ഉപരിതലങ്ങള്‍ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള മാര്‍ഗ രേഖയില്‍ സ്‌പ്രേ ചെയ്യുന്നത് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. തുറസായ പൊതുസ്ഥലങ്ങളില്‍ അണുനാശിനി തളിക്കുകയോ പുകയ്ക്കുകയോ ചെയ്യുന്നത് കൊറോണ വൈറസിനെയോ രോഗകാരികളായ വൈറസുകളെയോ നശിപ്പിക്കില്ല. കാരണം അണുനാശിനിയെ അഴുക്കും മാലിന്യങ്ങളും നിര്‍ജീവമാക്കും. പൊതു ഇടങ്ങളും നടപ്പാതകളും കോവിഡ് വൈറസിന്റെ സങ്കേതങ്ങളായി കാണാനാവില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. അണുനാശിനി തളിക്കുന്നത് വൈറസിനെ ഇല്ലാതാക്കില്ലെങ്കിലും മനുഷ്യന്റെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കാന്‍ കഴിയുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അണുനാശിനി വ്യക്തികളുടെ ശരീരത്തില്‍ തളിക്കുന്നത് ഒരു സാഹചര്യത്തിലും ശിപാര്‍ശ ചെയ്യുന്നില്ലെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കുന്നു. മനുഷ്യ ശരീരത്തില്‍ ക്ലോറിന്‍ അല്ലെങ്കില്‍ മറ്റ് വിഷ രാസവസ്തുക്കള്‍ തളിക്കുന്നത് കണ്ണിനും ചര്‍മ്മത്തിനും പ്രതിരോധം കുറയ്ക്കും. ഹൃദയധമനികള്‍ക്കും ദഹനനാളത്തിനും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കാമെന്നും പറയുന്നു. അണുനാശിനി പ്രയോഗിക്കണമെങ്കില്‍, ഇത് ഒരു തുണിയില്‍ മുക്കി തുടയ്ക്കുന്നതാണ് നല്ലതെന്നും ലോകാരോഗ്യസംഘടന പറയുന്നു. വിവിധ വസ്തുക്കളുടെ ഉപരിതലങ്ങളില്‍ വ്യത്യസ്തമായ സമയദൈര്‍ഘ്യങ്ങളിലാണ് വൈറസ് കാണപ്പെടുന്നത്. വൈറസിന് ചില വസ്തുക്കളുടെ ഉപരിതലങ്ങളില്‍ ദിവസങ്ങളോളം തുടരാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൊറോണ വൈറസിന് വസ്തുക്കളുടെ ഉപരിതലങ്ങളില്‍ രോഗവാഹകരായി എത്രസമയം കഴിയാമെന്നതു സം്ബന്ധിച്ച പഠനങ്ങള്‍ വ്യക്തമാകാനിരിക്കുന്നതേയുള്ളൂവെന്നും ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു.
Discussion about this post