വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധി പ്രതിമ നശിപ്പിച്ചു. ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ് പ്രതിമ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ യുഎസ് പൊലീസ് അന്വേഷണം ആരംഭിച്ചു.
തുടര്‍ച്ചയായ എട്ടാം ദിവസമാണ് ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ പ്രതിഷേധം നടക്കുന്നത്. വാഷിംഗ്ടണ്‍ ഡി സി, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, ഷിക്കാഗോ തുടങ്ങി ഇരുപത്തിയഞ്ചിലധികം നഗരങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. പല സ്ഥലത്തും അക്രമവും കൊള്ളയും വര്‍ധിച്ചിരിക്കുകയാണ്.
ഫ്‌ലോയിഡിന്റെ ജന്മനഗരമായ ടെക്‌സസിലെ ഹൂസ്റ്റനിലാണ് ഏറ്റവും വലിയ പ്രതിഷേധ പ്രകടനം നടന്നത്. വിവിധയിടങ്ങളില്‍ ജനങ്ങള്‍ കര്‍ഫ്യു ലംഘിച്ചു. പ്രതിഷേധക്കാര്‍ കര്‍ഫ്യു ലംഘിച്ചതോടെ ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ ജില്ലയില്‍ ഗതാഗതം നിരോധിച്ചു. പ്രദേശത്ത് കര്‍ഫ്യൂ ഒരാഴ്ച്ചത്തേക്ക് നീട്ടിയിട്ടുണ്ട്.
Discussion about this post