ന്യൂഡല്‍ഹി: മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അടിയന്തര സഹായവും പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും ഈ തുക നല്‍കുക. ദുഃഖത്തിന്റെ ഈ മണിക്കൂറില്‍, തന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ പെട്ടെന്നു സുഖം പ്രാപിക്കട്ടെ. ദുരിതബാധിതര്‍ക്കു ദേശീയ ദുരന്തനിവാരണ സേനയും സര്‍ക്കാരും സഹായം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിന്റെ കഷ്ടപ്പാടുകള്‍ക്കിടയിലുണ്ടായ പേമാരിയിലും ചുഴലിക്കാറ്റിലും കേരളത്തില്‍ പലയിടത്തും പ്രളയവും മണ്ണിടിച്ചിലും ഉണ്ടായി. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസഹായം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തര സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.













